Maneesh Narayanan ലിജോ പെല്ലിശേരി പ്രിയ സംവിധായകരിലൊരാളാണ്. ആസ്വാദന ശീലങ്ങളെ പരിലാളിക്കാതെ ഓരോ സിനിമയിലും സമീപനത്തിലും അവതരണത്തിലുമെല്ലാം അടിമുടി പൊളിച്ചെഴുത്തിന് മുതിരുന്ന സംവിധായകനാണ് ലിജോ. ചില വിയോജിപ്പുകള്‍ നില്‍ക്കെ തന്നെ സിറ്റി ഓഫ് ഗോഡ് കാലം തെറ്റി പിറന്ന സിനിമയെന്ന് തോന്നിയിരുന്നു. നമ്മുടെ സിനിമകളിലെ പരീക്ഷണങ്ങള്‍ പലതും ക്ഷമാപരീക്ഷണമായിരുന്നിടത്ത് ആമേന്‍ മാജിക്കല്‍ റിയലിസത്തിന്റെ സാധ്യത മനോഹര ദൃശ്യഭാഷയ്ക്കൊപ്പം ഉപയോഗപ്പെടുത്തിയ സിനിമയെന്നതായിരുന്നു അനുഭവം. ഔട്ട് ഓഫ് ദ ബോക്സ് പരീക്ഷണങ്ങളോട് അഭിനിവേശമുള്ള ഫിലിംമേക്കറെയാണ് ഡബിള്‍ ബാരലില്‍ കണ്ടത്. എമിര്‍ കുസ്തുറിക്കയോട് കടുത്ത ആരാധനയുള്ള ചലച്ചിത്രകരാനായി ലിജോ ചില സിനിമകളെങ്കിലും അനുഭവപ്പെടുത്തിയിരുന്നു. കഥാപരിചരണത്തില്‍, രംഗാവിഷ്കാരത്തില്‍ അതിഗംഭീരമായ ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്ന ലിജോ സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ മ യൗ. സിനിമ ഉദയം കൊണ്ട കാലം മുതല്ക്കുള്ള ഫോര്‍മുലകള്‍ വിട്ടുപിടിക്കാതെയും, പരിചരണത്തിലെ സമകാലിക മാറ്റങ്ങളെ പരിഗണിക്കാതെയും മുന്നേറുന്ന സൃഷ്ടികള്‍ക്കിടയില്‍ ഈ മ യൗ മാറിയ മലയാള സിനിമയുടെ മുഖചിത്രമാണ്. ലിജോയുടെ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും യോജിച്ച എഴുത്തുകാരന്റെ കൂട്ട്. മരണത്തിലൂടെ ജീവിതത്തെ/സമൂഹത്തെ/മനുഷ്യനെ വായിച്ചെടുക്കുന്ന പി എഫ് മാത്യൂസിന്റെ രചന. 2018ല്‍ കേരളത്തിന്റെ ഇന്റര്‍നാഷനല്‍ സിനിമ സുഡാനി ഫ്രം നൈജീരിയ ആളെ നിറച്ച തിയറ്ററുകളിലേക്കാണ് ഈ മ യൗ വരുന്നത്. നവനിരയിലെ ശ്രദ്ധേയനായ മറ്റൊരു സംവിധായകന് ആഷിക് അബു നിര്മ്മാണമേറ്റെടുത്തും, വിതരണക്കാരനായും ഈ മ യൗ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതും നമ്മുടെ സിനിമയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്. ഈ മ യൗ ഒരു വട്ടം കൂടി കാണും. മസ്റ്റ് വാച്ച് സിനിമയെന്നതാണ് വ്യക്തിപരമായ അഭിപ്രായം