അകം മുറിവുകളുടെ "കൂടെ " " ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍ ഒരേ വൃക്ഷത്തില്‍ പിറക്കണം എനിക്കൊരു കാമിനിയല്ല ആനന്ദത്താലും ദുഖത്താലും കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം" : എ.അയ്യപ്പൻ നമ്മുടെ ജീവിതത്തേയും ഓർമകളേയും കുട്ടികളുടെ നിഷ്കളങ്കതയിലൂടെ പാൽപ്പുഞ്ചിരി പോലെ വായിക്കാൻ ശ്രമിച്ച മഞ്ചാടിക്കുരു, ഭക്ഷണത്തെ കുറിച്ച് സമൃദ്ധമായി പറയുമ്പോഴും വിശപ്പിനെ കുറിച്ച് പേർത്തും പേർത്തും ഓർമ്മിപ്പിച്ച ഉസ്താദ് ഹോട്ടൽ,ചങ്ങാത്തത്തിന്റെ / മനുഷ്യബന്ധങ്ങളുടെ ആത്മീയ തലം അനാവരണം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ കാഴ്ചയുടെ ഭാവുകത്വവും അനുഭൂതി മണ്ഡലവും വേറിട്ട രീതിയിൽ നവീകരിച്ച ചലച്ചിത്രകാരിയാണ് അഞ്ജലി മേനോൻ. കേരളീയ ജീവിതത്തിന്റെ പുറംചമയങ്ങളിലെ അതിഭാവുകത്വത്തിനും, ഉപരിപ്ലവമായ ആദർശവത്ക്കരണത്തിനുമപ്പുറം വ്യക്തിയെന്ന നിലയിൽ ഓരോ മനുഷ്യനും ഉള്ളിന്റെയുള്ളിൽ പേറുന്ന ഇനിയും പേരിടാത്ത വിഷാദങ്ങളുടേയും വിഷമതകളുടേയും സംഘർഷങ്ങളുടേയും ആഖ്യായിക എന്ന ഒരു ദാർശനികാഴം അഞ്ജലി മേനോന്റെ രചനകളുടെ സവിശേഷതയാണെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചു പറയാൻ "കൂടെ "എന്ന പുതിയ ചിത്രം നല്ല അവസരമൊരുക്കുന്നുണ്ട്. ഓഷോയും ജിദ്ദു കൃഷ്ണമൂർത്തിയും തത്വചിന്താപരമായി ദാർശനിക പ്പെടുത്തിയ മനുഷ്യാവസ്ഥയുടെ അകത്തെ- inner world നെ അഭിസംബോധന ചെയ്യുന്ന സൂഫിസത്തോളം ഗരിമയാർന്ന ഒരു രീതി ശാസ്ത്രം അഞ്ജലിയുടെ രചനകളിലെല്ലാം ആത്മീയപ്പെടുന്നുണ്ട്. തീർച്ചയായും, അകത്ത് പരിക്കുപറ്റിയ മനുഷ്യരുടെ സന്താപത്തിന്റെയും അതിജീവനത്തിന്റെയും സത്യവാങ്മയമാണ് "കൂടെ ". കടമയും ബാധ്യതയുമായി ഇതിനകം യാന്ത്രികപ്പെട്ടു പോയ നമ്മുടെ കുടുംബഘടനയുടെ വ്യവസ്ഥാപിതത്വത്തേയും, സ്നേഹ രഹിതമായ സദാചാരവാശികളേയുമാണ് അഞ്ജലി മേനോൻ സൂക്ഷ്മാർത്ഥത്തിൽ അപനിർമ്മിക്കുന്നത്. ഒപ്പം കൂട്ടില്ലാതെ പോകുന്ന മനുഷ്യരുടെ വ്യസനഭരിതമായ ഏകാന്തതയെ കുറിച്ച്, അടുപ്പത്തിന്റെ ഐശ്വര്യ സാന്നിദ്ധ്യമായി തീരേണ്ട കുടുംബ ബന്ധങ്ങളെ കുറിച്ച്, നിരുപാധികമായ പ്രണയത്തെ കുറിച്ച്, ആത്മമിത്രങ്ങളെപോൽ താങ്ങും തണലുമാകുന്ന പെങ്ങളിലയെ കുറിച്ച് എല്ലാം ഇത്രമേൽ ഹൃദയസ്‌പർശമായി ഒരു കഥയും കഥാപാത്രങ്ങളും നമ്മുടെ സിനിമകളിൽ സമീപകാലത്തൊന്നും തിരശ്ശീലപ്പെട്ടില്ലായെന്ന് "കൂടെ " അടുപ്പത്തോടെ അനുഭവപ്പെടുത്തുന്നുണ്ട്. പ്രാരാബ്ധങ്ങളുടെ കിതപ്പുനിറഞ്ഞ ജീവിതാനുഭവങ്ങളാണ് ചെറുപ്രായത്തിലേ കുടുംബത്തിന്റെ താങ്ങും തണലുമാകാൻ വേണ്ടി ജോഷ്വാ ഒരു കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത ഗൾഫ്ജീവിതത്തിന്റെ കഠിനതകളിലേക്ക് ജീവിതം പറിച്ചുനടുന്നത്.പിന്നീടങ്ങോട്ട് ഇരുപതുവർഷത്തോളം കുടുംബത്തിനു വേണ്ടി കടമയും ബാധ്യതയും പോലെയെന്ന് ജോഷ്വാ സ്വയം നിന്ദയോടെ ഏററു പറയുന്ന വിയർപ്പിനോളം ഉപ്പായിത്തീർന്ന സഹനജീവിതം.... നാലുവർഷത്തിലൊരിക്കൽ മാത്രം നാട്ടിൽ വന്നു പോകുന്ന കാലയളവിൽ ജോഷ്വായ്ക്ക് നഷ്ടപ്പെടുന്നത് തന്റെ പ്രാണനോളം പ്രിയപ്പെട്ട ജെന്നിഫർ എന്ന പെങ്ങൾ മാത്രമല്ല, ജീവിതത്തിലെ കൂട്ടിന്റെയും, സന്തോഷത്തിന്റെയും, സ്നേഹത്തിന്റെയും, സ്വപ്നത്തിന്റെയുമെല്ലാം ഈടും ഈടുവെയ്പുകളുമാണ്. അനുഭവങ്ങളുടെ വേനലും ശൈത്യവും മൂലം യൗവനത്തിലേ ഒരായുസ്സിനോളം നരച്ചു പോയ ജോഷ്വായുടെ ജീവിതത്തിലെ ഒരേയൊരു പിടിവള്ളി തന്റെ ഹൃദയമിടിപ്പിനോളം അടുപ്പമുള്ള ജെന്നിഫർ എന്ന സഹോദരിയെ കുറിച്ചുള്ള ഓർമയാണ്. അപര ജീവിതമെന്നോളം അന്യപ്പെട്ടു പോയ തന്റെ ഓർമയുടെയും, കാമനങ്ങളുടേയും സ്ഥാവര -ജംഗമങ്ങളൊക്കെയും ഒരു സ്വപ്നത്തിലെന്നവണ്ണം ജോഷ്വാ തിരിച്ചുപിടിക്കുന്നു, അത്രമേൽ കൊതിയോടെ. മരണാനന്തര അദൃശ്യതയിൽ നിന്നും പ്രതീക്ഷയുടേയും സന്തോഷത്തിന്റെയും പൂക്കാലമെന്ന പോലെ ജെന്നിഫർ ഓർമയുടെ സചേതന സാന്നിദ്ധ്യമായി ജോഷ്വായുടെ ഇന്നുകളെ സ്‌നേഹഭരിതമായ ലൈഫും ലൈവുമായി പുതുക്കിപ്പണിയുന്നത്.പ്രകാശം പരത്തുന്ന പെൺകുട്ടിയെന്ന് പോസിറ്റീവ് എനർജി പകരുന്ന ജെന്നിയുടേയും, അനുഭവങ്ങളുടെ കപ്പൽചേതം വന്ന വ്യക്തിയുടെ അകത്തെ പരിക്കുകളെ അടക്കിപ്പിടിച്ചു ജീവിക്കുന്ന ജോഷ്വായുടെയും, ആണധികാരത്തിന്റെ അരക്കില്ലത്തിൽ നിന്നും നിരായുധയായി പുറപ്പെട്ടു പോരുന്ന സോഫിയയുടേയും, എന്തിനേറെ അലോഷ്വയുടേയും, ലില്ലിയുടേയും മറ്റു കൂടപ്പിറപ്പുകളുടേയും കണ്ണീരും കിനാവും നിറഞ്ഞ ജീവിതമുഹൂർത്തങ്ങളുടെ ഒരപൂർവ്വതയാണ് കൂടെഎന്ന ചിത്രത്തെ ഒരു സാദാ ഫീൽ ഗുഡ് മൂവി എന്ന ക്ലീഷേ കാഴ്ചക്കപ്പുറം ദാർശനികപ്പെടുത്തുന്നത്. സദാചാരത്തിന്റെ/ ആണധികാരത്തിന്റെ/ പോലിസ് വത്ക്കരണത്തിന്റെ മേൽക്കോയ്മ ഭാഷയും അധികാരവുമായി പിതാവും പുത്രനും കാമുകനും ഭർത്താവും മാറിയ നമ്മുടെ കാലത്തെ ബന്ധങ്ങളുടേയും ബന്ധനങ്ങളുടേയും ഔപചാരികതയേയും പാരമ്പര്യ ബോധത്തേയും സ്നേഹഭരിതമായ ഇടപെടലിലൂടെ, കരുതലിലൂടെ "കൂടെ " പുനർവായന സാധ്യമാകുന്നുണ്ട്. "ചാ നീ വെർജിനാണോ " എന്ന് കൂസലില്ലാതെ ജോഷ്വാ എന്ന ആങ്ങളയോട് മറയില്ലാതെ സംസാരിക്കുന്ന ജെന്നി എന്ന പെങ്ങളുടെ ചോദ്യത്തിലെ ഞെട്ടലിൽ നിന്നും നമ്മുടെ സദാചാരപുരുഷന് അത്ര പെട്ടെന്ന് രക്ഷപ്പെടാനുമാവില്ല. ബാംഗ്ലൂർ ഡേയ്സിലെ ചിത്രത്തിലെ ദിവ്യ എന്ന കഥാപാത്രത്തിന്റെ ഓർമയുടെ പച്ചത്തുരുത്തിൽ നിന്നും വർഷങ്ങൾക്ക് കൂടുതൽ ചടുലവും വിസ്മയിപ്പിക്കുന്നതുമായ അഭിനയമികവുമായി നസ്രിയ നാസിം ജെന്നിഫറായി തിരിച്ചെത്തിയ കാഴ്ചയാണ് ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ഒന്നടങ്കം മോഹിപ്പിക്കുന്നത്. വേറെയാർക്കും പാകമാകാത്ത ഉടുപ്പു പോലെ ടൈലർ മെയ്ഡ് ഫോർ നസ്രിയ എന്ന് അക്ഷരംപ്രതി പറയുന്ന രീതിയിലേക്ക് നസ്രിയ എന്ന അഭിനയ പ്രതിഭ ജെന്നിഫറായി വേഷപ്പകർച്ച നടത്തിയിരിക്കുന്നു, സ്വാഭാവികാഭിനയത്തിന്റെ സമസ്ത തലവും പൂർണതപ്പെടുത്തിക്കൊണ്ട് .അകം മുറിവുകളുടെ സംഘർഷവും സമ്മർദ്ദവും വിഷാദവും പരിക്കേല്പിച്ച ശരീരഭാഷയുമായി ജോഷ്വാ എന്ന കഥാപാത്രമായി പൃഥ്വിരാജ് തന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നു കൂടി എഴുതി ചേർക്കുന്നു. താരപരിവേഷത്തിന്റെ ദൂര ലാഞ്ചന പോലുമില്ലാത്ത വിധം ജോഷ്വയായി ഈ നടൻ സ്വാഭാവികപ്പെടുന്നുണ്ട്. സങ്കടങ്ങളുടെ മഴനനയുന്ന സോഫിയയുടെ നിസ്സഹയതയെ ഹൃദയഭരിതമായി ആവിഷ്ക്കരിച്ച പാർവ്വതിയും, അപ്പൻ അലോഷ്യയായി അഭിനയിച്ച സംവിധായകൻ രഞ്ജിത്തും, ലില്ലിയായി മാല പാർവ്വതിയും "കൂടെ " യുടെ നിലവാരമുയർത്തിയ സാന്നിദ്ധ്യമായി പ്രശംസിക്കപ്പെടേണ്ടതുണ്ട്. പറവയിലൂടെ ക്യാമറാക്കാഴ്ച കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ലിറ്റിൽ സ്വയമ്പിന്റെ മികച്ച കൈയ്യൊപ്പ് "കൂടെ "യുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു. എം. ജയചന്ദ്രൻ ,രഘു ദീക്ഷിത് എന്നിവരുടെ സംഗീതവും പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗും റഫീഖ് അഹമ്മദിന്റെ ഗാനങ്ങളും ഈ ചിത്രത്തിന് മുതൽക്കൂട്ടായി "കൂടെ "യുണ്ടെന്ന് പറയട്ടെ. -മഹമൂദ് മൂടാടി
Vinod Krishnan ഞാനിതുവരെ കണ്ട ഏറ്റവും മികച്ച മലയാള സിനിമകളിലൊന്നാണ് ‘ കൂടെ ‘ . കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഏറ്റവും നല്ലതും . നവംബറിന്റെ നഷ്ടത്തിൽ പത്മരാജനും ഭൂതക്കണ്ണാടിയിൽ ലോഹിതദാസിനും പൂർണ്ണമായും നേടാൻ കഴിയാത്ത ഒന്നുകൂടി അഞ്ജലി കൂടെയിലൂടെ നേടുന്നു . പറയുന്ന വിഷയം ഒരിക്കലും നേരിട്ട് വരാതെ ഭംഗിയുള്ള പുറന്തോടാൽ അലങ്കരിച്ച് അതിലൂടെ ചെറുതായി അരിച്ചെത്തുന്നതിന്റെ ഭംഗി . ഹൃദ്യത . വളരെ തെളിമയുള്ള നീല ജലാശയമാണ് , ‘ കൂടെ ‘. ആ തടാകവും അതിന്റെ കരകളിലെ പച്ചപ്പും പൂക്കളും പ്രക്യതി ഭംഗിയും നമ്മളാസ്വദിക്കുമ്പോൾ തന്നെ തടാകത്തിന്റെ ആഴങ്ങളിലേക്ക് , പാറക്കെട്ടുകളിലേക്ക് , പച്ചപ്പായലുകളിലേക്ക് അതിന്റെ നിഗൂഡതകളിലേക്ക് നമ്മുടെ കാഴ്ച്ച കടന്നു ചെല്ലും . നൻമയും സന്തോഷവും നിറഞ്ഞ ബാല്യത്തിൽ നിന്നും കൗമാരം കടക്കുന്നതിന് മുന്നേ തന്നെ ജീവിതഭാരം ചുമക്കാൻ നിയോഗിക്കപ്പെട്ടവനാണവൻ . കൗമാരത്തിലവന് ലഭിക്കേണ്ടിയിരുന്ന അറിവും ആത്മവിശ്വാസവും അനുഭവങ്ങളൊന്നുമില്ലാതെ പുറം ലേകത്തേക്ക് എറിയപ്പെട്ടവൻ . ആ ജീവിതം നൽകിയ തീഷ്ണമായ മുറിവുകളുടെ വേദനയുടേയും ഒറ്റപ്പെടലുകളുടേയും കടുത്ത നിരാശയിലേക്കാണവന്റെ കുഞ്ഞു പെങ്ങളെ തിരിച്ചു കിട്ടുന്നത് . ജീവിതമാകുന്ന യാത്ര എത്ര മനോഹരമാക്കാം എന്നവനെ കാട്ടിക്കൊടുക്കുന്ന ആത്മവിശ്വാസത്തിന്റെ ഊർജ്ജ്വ സ്വലതയുടെ കൈത്താങ്ങ് .അവനവന്റെ വേദനയുടെ തടവറയിൽ കഴിയാതെ മറ്റുള്ളവരുടെ വേദനയകറ്റാൻ , അവർക്കൊരു കൊച്ചു സന്തോഷമെങ്കിലും കൊടുക്കാൻ അവനെ പഠിപ്പിക്കുന്ന , തന്റെ അച്ഛനും ( അമ്മയും ) തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന തിരിച്ചറിവ് അവന് നല്കുന്ന മാലാഖ ! അവനെ എന്നും മനസ്സിലാക്കിയത് അവന്റെ അപ്പയാണ് . പിന്നീടവൻ ശരിക്കും മനസ്സിലാക്കാൻ തുടങ്ങിയ , അവന് തിരിച്ച് കിട്ടിയ പ്രണയിനിയും അവനെ മനസ്സിലാക്കുന്നതിലൂടെ , അവന്റെ കൂടെ അവൾ കൂടി ചേരുന്നതോടെ ആത്മവിശ്വാസത്തോടെയുള്ള അവന്റെ രണ്ടാം യാത്ര തുടങ്ങുന്നു . ആ സന്തോഷത്തിലേക്ക് കുഞ്ഞു പെങ്ങൾ പുതിയ രൂപത്തിലെത്തുമ്പോൾ നമ്മുടെ കണ്ണ് നിറയുന്നു .