1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

☆ Eeda ☆ Shane Nigam | Nimisha | B AjithKumar ☆Rlsing Today

Discussion in 'MTownHub' started by Mannadiyar, Jan 5, 2018.

  1. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    ഈട: ഹിംസയുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമ്പോള്‍

    Maneesh Narayanan

    വധശിക്ഷയുടെ പ്രാകൃതത്വം ചൂണ്ടിക്കാട്ടുന്ന പുരോഗമനപരതയിലും കണ്ണൂരിലെ രാഷ്ട്രീയ അറുംകൊലകള്‍ക്ക് അറുതിയില്ലാത്തത് നമ്മുടെ സിനിമകളില്‍ വേണ്ട വിധം ചര്‍ച്ച ചെയ്തിരുന്നില്ല. സിനിമകളില്‍ കണ്ണൂര്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍, അത് തലശേരിയില്‍ നിന്നുള്ള ശ്രീനിവാസന്‍ രചിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തനിലോ പുതുതലമുറ സിനിമികളിലോ ആണെങ്കില്‍ പോലും ബോംബിലൂടെയും, ദയാരഹിതരായ ആള്‍ക്കൂട്ടത്തെ വരച്ചിട്ടും ആ നാടിന് മേല്‍ പൊതുബോധം നിര്‍മ്മിച്ചെടുത്ത അപരത്വത്തെ ആഘോഷിക്കുകയായിരുന്നു പതിവ്. ഡോക്യുമെന്ററി സംവിധായകനും മുന്‍നിര ചിത്രസംയോജകനുമായ ബി അജിത്ത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ഈട ആ പതിവ് തെറ്റിക്കുന്നു. കണ്ണൂരിന്റെ മണ്ണിലെ
    കൊലപാതക രാഷ്ട്രീയത്തെ മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് ഒരു സാമൂഹ്യനിരീക്ഷകന്റെ കണ്ണിലൂടെ അറിയാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. രണ്ട് രാഷ്ട്രീയ കക്ഷികളെയും ഒരേ തലത്തില്‍ വായിച്ചെടുത്ത രീതിയിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നേതാക്കളുടെ സ്വാര്‍ത്ഥതയില്‍ കേന്ദ്രീകരിച്ച് പൊതുധാരണകളെ പൊലിപ്പിച്ചെടുക്കും വിധം അവതരിപ്പിച്ചതിലും, സംഭാഷണ കേന്ദ്രീകൃത ആഖ്യാനഘടന സൃഷ്ടിക്കുന്ന രസക്കുറവും ഉള്‍പ്പെടെ വിയോജിപ്പാ്കുമ്പോഴും ഈട എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന മനുഷ്യപക്ഷത്ത് നിന്നുള്ള ആശങ്കകളെ അവഗണിക്കാനാകില്ല.

    അന്നയും റസൂലും ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള റോമിയോ ആന്‍ഡ് ജൂലിയറ്റിന്റെ സ്വതന്ത്ര ആഖ്യാനമായിരുന്നു. രണ്ട് മതവിഭാഗങ്ങളിലുള്ള അന്നയുടെയും റസൂലിന്റെയും പ്രണയത്തെ, മതവും മതാധികാര സ്ഥാപനങ്ങളും, വംശീയ മുന്‍വിധിയുള്ള വ്യവസ്ഥിയും ഒന്നിച്ച് നിന്നുകൊണ്ട് എങ്ങനെ പരാജയപ്പെടുത്തുന്നുവെന്നാണ് കാണിച്ചത്.
    ഇവിടെ വിരുദ്ധ രാഷ്ട്രീയചേരിയിലെ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രണയം പ്രതിബന്ധങ്ങളുടേതാകുന്നത്. രാഷ്ട്രീയ കൊലപാതത്തിന്റെ തുടര്‍ച്ചയായുള്ള ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങി സമാന കാരണത്താല്‍ ഉള്ള മറ്റൊരു ഹര്‍ത്താലില്‍ അവസാനിക്കുന്നു ഈട. പ്രത്യയശാസ്ത്ര ഭിന്നതയുടെ പേരില്‍ അതിക്രൂരമായ രീതികളില്‍ പരസ്പരം കൊന്നൊടുക്കുന്ന പ്രാകൃതത്വം വെടിയാത്ത ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയത്തിന്റെ അര്‍ത്ഥശൂന്യതയെയാണ് ബി. അജിത്കുമാര്‍ ചോദ്യം ചെയ്യുന്നത്.

    മൈസൂരില്‍ ജോലി ചെയ്യുന്ന ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന ആനന്ദ്, ഇതേ നഗരത്തില്‍ പഠിക്കുന്ന നിമിഷാ സജയന്‍ അവതരിപ്പിക്കുന്ന അശ്വതി. ഇവരുടെ പ്രണയത്തിന്റെ വളര്‍ച്ചയിലൂടെയാണ് ഈടെയുടെ കഥ വികസിക്കുന്നത്. സിനിമകളിലെ പ്രത്യേകിച്ചും പ്രണയചിത്രങ്ങളിലെ സ്റ്റീരിയോടൈപ്പ് നായികാനായകന്‍മാരല്ല അശ്വതിയും ആനന്ദും. ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് അവര്‍ പരിചയപ്പെടുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന കെജെപിയുടെ നേതൃനിരയിലുള്ള ഗോവിന്ദന്റെ സഹോദരി പുത്രനാണ് ആനന്ദ്. ആ നാട്ടില്‍ കെജെപിയുടെ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതുമായ കൊലപാതകങ്ങളുടെ സൂത്രധാരനുമാണ് ഗോവിന്ദന്‍. അമ്മാവനോടും അയാള്‍ക്കൊപ്പമുളള പ്രവര്‍ത്തകരോടും അടുപ്പമുണ്ടെങ്കിലും ആനന്ദിന് രാഷ്ട്രീയ ആഭിമുഖ്യമില്ല. താന്‍ ജീവിക്കുന്ന ഇടത്തെ രാഷ്ട്രീയ സംഘര്‍ഷാവസ്ഥയില്‍ നിന്നുള്ള മോചനം കൂടിയാണ് ആനന്ദിന് മൈസൂരിലെ ജോലി. കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ് അശ്വതി. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമല്ലെങ്കിലും അനുഭാവിയാണ്. പാര്‍ട്ടിയോടുള്ള ആഭിമുഖ്യം പരസ്യപ്പെടുത്തുന്നുമുണ്ട്. നാട്ടില്‍ നിന്നാണ് പരിചയപ്പെടുന്നതെങ്കിലും മൈസൂരിലാണ് അവരുടെ പ്രണയം തുടങ്ങുന്നത്. നാട്ടിലായിരുന്നെങ്കില്‍ പരിചയം പ്രണയത്തിലെത്തുമായിരുന്നില്ലെന്നും പറഞ്ഞുപോകുന്നു. അവിടെയുള്ള കവലകളും, തുരുത്തുകളും,നാട്ടിടവഴികളുമെല്ലാം രാഷ്ട്രീയവൈരത്തിന്റെ ഇടങ്ങളായി മാറിയിട്ടുണ്ടെന്ന് ദൃശ്യങ്ങളിലൂടെ സംവദിക്കുന്നുമുണ്ട്. അശ്വതിയുടെ കുടുംബാംഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകരാണ്. പ്രസ്ഥാനത്തെ ശ്വാസതാളമാക്കിയവര്‍. പൊതുവിടങ്ങളില്‍ നിന്നല്ല വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സൗഹൃദം പ്രണയമായി മാറുകയാണ്. ഐശ്വര്യയുടെയും ആനന്ദിന്റെയും അടുപ്പം പ്രണയത്തിലേക്ക് വളരുന്നതിന് സമാന്തരമായി കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഉറവുകളിലേക്ക് സഞ്ചരിക്കുകയാണ് സിനിമ.

    പ്രണയവും വിവാഹവും അവരവരുടെ മാത്രം തെരഞ്ഞെടുപ്പും തീരുമാനങ്ങളുമാണെന്നിരിക്കേ അവരുള്‍പ്പെടുന്ന കുടുംബസംവിധാനവും അതില്‍പ്പെടുന്നവരുടെ രാഷ്ട്രീയ വിശ്വാസവും
    പ്രണയത്തിന് കുറുകെ നില്‍ക്കുകയാണ്. ഈടയുടെ ആദ്യപകുതി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ആനന്ദ്-ഐശ്വര്യ പ്രണയത്തിലാണ്. പ്രണയത്തിന്റെ തീവ്രത ഭംഗിയായി അനുഭവപ്പെടുത്തുന്നതിനെക്കാള്‍ സൂക്ഷ്മമമായ വിശദീകരണങ്ങളിലേക്ക് നീങ്ങുകയാണ് ഈ ഭാഗങ്ങള്‍. ദൃശ്യവ്യാഖ്യാന സാധ്യതകളെ കൂടുതലായി ഉപയോഗപ്പെടുത്തിയില്ലെന്നും തോന്നിയിട്ടുണ്ട്. അശ്വതി-ആനന്ദ് പരിചയപ്പെടല്‍, അവര്‍ക്കിടയിലെ ബന്ധം രൂപപ്പെടുന്നത്, കെജെപി-കെപിഎം സംഘടനാ-സംഘര്‍ഷ ഭാഗങ്ങളെല്ലാം കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെയും കടന്നുവരുന്നത്. ചെറുപരിചയത്തില്‍ നിന്ന് നല്ല അടുപ്പത്തിലേക്കുള്ള വളര്‍ച്ച വിശ്വസനീയമായി കൊണ്ടുവന്നിട്ടില്ല. ആനന്ദിനെ നന്ദു എന്നും അശ്വതിയെ അമ്മു എന്നും വിളിക്കുന്നതൊക്കെ കടന്നുവരുമ്പോള്‍ ഈ അവിശ്വസനീയതയുണ്ട്.

    റോമിയോ ആന്‍ഡ് ജൂലിയറ്റിന്റെ സ്വതന്ത്ര്യആഖ്യാനമെന്നതില്‍ കവിഞ്ഞ് സ്വതന്ത്രമായി പ്രണയിക്കാനുള്ള ഇടം പോലും അന്യമാകുന്ന സംഘര്‍ഷഭൂമിയിലേക്കാണ് സിനിമയുടെ ഊന്നല്‍. കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ബാക്ക് ഡ്രോപ്പ് ആകുന്ന പ്രണയകഥ എന്നതില്‍ നിന്ന് ഒരു പ്രണയത്തെ മുന്‍നിര്‍ത്തി കണ്ണൂരിലെ കാലുഷ്യത്തെ വായിച്ചെടുക്കാന്‍ നടത്തിയ ശ്രമമായി ഈടയെ വിശേഷിപ്പിക്കാം. എല്ലാ സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം മനുഷ്യര്‍ പരസ്പരം കൊന്നുതീര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മരവിപ്പ് പടരുന്ന ഉല്‍ക്കണ്ഠകളിലാണ് ഈട എന്ന സിനിമയുടെ രാഷ്ട്രീയം. രണ്ടാം പകുതിയിലെത്തുമ്പോഴാണ് ആസ്വാദനത്തെ കൂടുതല്‍ ഗൗരവപ്പെടുത്തുംവിധം സിനിമയ്ക്ക് ഒതുക്കവും താളവും ഉണ്ടാകുന്നത്. അവരുടെ പ്രണയമാണോ എതിര്‍പ്പുയര്‍ത്തുന്നവരുടെ രാഷ്ട്രീയമാണോ വിജയിക്കുക എന്ന ചോദ്യത്തിനൊപ്പമാണ് തുടര്‍ന്നുള്ള രംഗങ്ങള്‍. ഒരു ഡോക്യുമെന്ററിയുടെ കാഴ്ചയെന്ന നിലയില്‍ യാഥാര്‍ത്ഥ്യപ്രതീതി സൃഷ്ടിച്ചാണ് രാഷ്ട്രീയ വൈരത്തെയും കൊലപാതകങ്ങളെയും സിനിമ സമീപിച്ചിരിക്കുന്നത്. സഹജീവിയെ വെട്ടിയരിയുന്നവരോട് നിങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്ര വിശദീകരണവും പിന്നീട് കേള്‍ക്കാം എന്നാണ് സംവിധായകന്‍ പറയുന്നത്. ആനന്ദും അശ്വതിയും അടങ്ങുന്നവരുടെ അരാഷ്ട്രീയ ജീവിതത്തിന്റെ ഈ അറുംകൊലകള്‍ കാരണമായിട്ടുണ്ടാകും എന്ന് കൂടി ഈടയില്‍ നിന്ന് വായിച്ചെടുക്കേണ്ടിവരും.

    തലശേരിയുമായി ഭൂമിശാസ്ത്രപരമായി സാമ്യമുള്ള പ്രദേശങ്ങളില്‍ ചിത്രീകരിച്ച സിനിമ ഇടവഴികളും, മൊട്ടക്കുന്നുകളും, കവലകളുമായി ഇവിടെയുള്ള ഗ്രാമജീവിതത്തെ മനോഹരമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. കുന്ന് കയറിയും, ഊടുവഴികളിള്‍ പിന്നിട്ടും ബൈക്കിലൂടെ ആനന്ദും അശ്വതിയും ഹര്‍ത്താലില്‍ നിന്ന് രക്ഷ നേടുന്ന സീനുകള്‍ ആദ്യഭാഗത്തുണ്ട്. ഇതേ ഇടവകഴികള്‍ പിന്നീടൊരു ഘട്ടത്തില്‍ ഇടുങ്ങിയ വഴികളായി മാറുന്നതും മനുഷ്യക്കെണിയായി രൂപാന്തരം പ്രാപിക്കുന്നതും ഈട കാട്ടുന്നുണ്ട്. കുതറിമാറാനും രക്ഷപ്പെടാനുമാകാതെ വെട്ടേറ്റും കുത്തേറ്റും പിടഞ്ഞുതീരുന്ന മനുഷ്യരുടെ കെണികളായി ഇതേ വഴികള്‍ മാറുന്നത് കാണാം. കത്തിപ്പിടിയില്‍ നിന്നും വടിവാള്‍പ്പിടിയില്‍ നിന്നും രക്ഷപ്പെട്ടോടുന്നവരുടെ ശ്വാസഗതിയെ പിന്തുടര്‍ന്നാണ് പപ്പുവിന്റെ ക്യാമറ സഞ്ചരിക്കുന്നത്. മരവിച്ച് പോകുന്ന കാഴ്ചകളിലുമാണ് ഈ രംഗങ്ങള്‍.

    കണ്ണൂര്‍ രാഷ്ട്രീയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും രാഷ്ട്രീയ അജണ്ടകളോടെ ചര്‍ച്ചകളായി നിലനിര്‍ത്തുകയും ചെയ്യുന്ന കാലത്താണ് ഈട വരുന്നത്. പൊതുധാരണകളെ ഉപജീവിച്ച് ചില നിര്‍ണായക രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയതിലാണ് സിനിമയുണ്ടാക്കുന്ന വിയോജിപ്പ്. അയഥാര്‍ത്ഥമായൊരു സാമാന്യവല്‍ക്കരണത്തിലൂടെ രാഷ്ട്രീയത്തിന് മുകളില്‍ അരാഷ്ട്രീയതയെ ഉയര്‍ത്തി നിര്‍ത്തുന്നുണ്ട് ഈട. വെട്ടുന്നതും കൊല്ലപ്പെടുന്നതും രാഷ്ട്രീയ ബോധമില്ലാത്ത അതിസാധാരണക്കര്‍, നേട്ടം കൊയ്യുന്നത് എസി കാറില്‍ കറങ്ങുന്ന നേതാക്കള്‍ നിലയിലേക്കാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂരിലെ ഇടപെടലിനെ സിനിമ സമീപിച്ചിരിക്കുന്നത്. ഒരു രീതിയില്‍ കണ്ണൂരിന്റെ ചരിത്രത്തെ നിഷേധിച്ചുള്ള വ്യാഖ്യാനമാണിത്. നേതാക്കള്‍ക്ക് ആഞ്ജാനുവര്‍ത്തികളായി യാതൊരുവിധ രാഷ്ട്രീയ ബോധവുമില്ലാത്ത കുറേ ആളുകള്‍ ചാവേറുകളാകുന്നതാണ് കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയത്തിലെ യാഥാര്‍ത്ഥ്യമെന്ന വാദവും ബാലിശമാണെന്ന് തോന്നി. കക്ഷിരാഷ്ട്രീയത്തിലൂന്നി മാത്രം അപരനെ പരിഗണിക്കുന്നവരുടെ ഇടമായി കണ്ണൂരിനെ വായിച്ചെടുക്കുന്നതിലും ഇതേ വിയോജിപ്പുണ്ട്. ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ സിപിഐഎം പ്രവര്‍ത്തകനെ അവതരിപ്പിക്കുന്നത് നോക്കാം, തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് നേടാന്‍ മാത്രമാണ് ഇയാള്‍ക്ക് പാര്‍ട്ടിയെ ആവശ്യം. ഏകെജിക്കൊപ്പം വിഎസിന് പൂമുഖത്ത് പ്രതിഷ്ഠിക്കുന്ന ഇദ്ദേഹം കണ്ണൂരിലെ സിപിഐഎം കൊലപാതകത്തിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണെന്ന് പറയാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ്. ദിനേശന്റെ ഭാര്യാ കഥാപാത്രത്തിലൂടെ ആലപ്പുഴയിലെ പാര്‍ട്ടിയെ പോലെ അഹിംസയിലൂന്നിയല്ല ഇവിടെ പ്രവര്‍ത്തനമെന്നതിലൂടെയാണ് ഈ വാദം ആവര്‍ത്തിക്കുന്നുണ്ട്.

    കമ്യൂണിസ്റ്റ് കുടുംബങ്ങളിലെ സ്ത്രീകളെ കരുത്തോടെ അവതരിപ്പിക്കുമ്പോഴും സ്ത്രീകളെ പാര്‍ട്ടിയുടെ അധികാര നിയന്ത്രണത്തിലുള്ള ഉപകരണങ്ങളെന്ന നിലയ്ക്കാണ് പരിഗണിച്ചത്. അവരുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം പാര്‍ട്ടിയുടെ കൂടി തെരഞ്ഞെടുപ്പാണ്. ആണ്‍കൂട്ടത്തിന്റെ നിസംഗതയോട് ചെറുതായെങ്കിലും കലഹിക്കുന്നവരായാണ് സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. സുരഭിയുടെ കഥാപാത്രവും ഐശ്വര്യയും ജീവിക്കുന്ന രക്തസാക്ഷിയുടെ ഭാര്യയുമെല്ലാം ഇതില്‍ മനംമടുത്തവരാണ്. സിനിമ ഒരേ അച്ചിലിട്ട് ആവര്‍ത്തിക്കുന്ന സ്റ്റീരിയോടൈപ്പ് നായികാ നായകന്‍മാരെ നവനിര സിനിമകള്‍ തിരസ്‌കരിക്കുന്നതിന്റെ നല്ല ലക്ഷണം ഈടയിലും തുടരുകയാണ്. തൊണ്ടിമുതലിലെ ശ്രീജയെ പോലെ, മായാനദിയിലെ അപര്‍ണയെ പോലെ തന്റെ സാമൂഹ്യ-രാഷ്ട്രീയ ബോധ്യത്തിനൊത്ത് ജീവിതത്തില്‍ ഇടപെടുന്ന നായികയെയാണ് ഈടയില്‍ കാണാനാകുന്നത്. രക്തസാക്ഷികളെയും ബലിദാനികളെയും സ്തൂപങ്ങളായും ദിനാചരണമായും ബസ് ഷെല്‍ട്ടറായും പാര്‍ട്ടികള്‍ ഏറ്റെടുക്കുമ്പോള്‍ യഥാര്‍ത്ഥ രക്തസാക്ഷികളായ ഒരു പറ്റം സ്ത്രീകളുടെ ജീവിതം എത്ര മാത്രം ദുസഹമെന്നും സിനിമ കാണിക്കുന്നു.

    കീഴാള ജീവിതത്തെ മുഖ്യധാരയുടെ ഭാഗമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവയാണ് കാവുകള്‍. കാവുകളുടെ ജനകീയതയെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബലാബലത്തിനുള്ള വേദിയായി വ്യാഖ്യാനിച്ചതും യോജിക്കാനാകാത്തതാണ്. കാവില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘര്‍ഷ സാധ്യതയുണ്ടാക്കുന്നുവെന്ന വാദമാണ് നിര്‍ണായക രംഗത്തിലൂടെ സൃഷ്ടിക്കുന്നത്. അത് തുടര്‍കൊലപാതങ്ങള്‍ക്ക് കാരണമാകുന്നതായും സിനിമ വ്യാഖ്യാനിക്കുന്നുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് സിപിഐഎമ്മിനും ഉത്തരവാദിത്വമൊഴിയാനാകില്ല എന്നത് വസ്തുതയാണെന്നിരിക്കെ ബാലന്‍സിംഗിന് വേണ്ടി കാവുകളെ കലാപഭൂമിയാക്കുന്നത് സിപിഐഎമ്മാണെന്ന വാദമുയര്‍ത്തുന്നതില്‍ വസ്തുതാപരമായ പിഴവുണ്ട്.

    സംഘപരിപാറിനെയും സിപിഐഎമ്മിനെയും പ്രതിനീധികരിക്കുന്നവരിലെ മുതിര്‍ന്ന തലമുറയെ കാണിക്കുമ്പോള്‍ മറ്റൊരു നിരീക്ഷണമാണ് സംവിധായകന്‍ നടത്തുന്നത്. പി ബാലചന്ദ്രന്‍ അവതരിപ്പിക്കുന്ന താത്വിക ആചാര്യ സ്വഭാവമുള്ള കഥാപാത്രം കാക്കിനാഡയില്‍ നിന്ന് കണ്ണൂരിലെത്തിയ ആളാണ്. ഹിംസയുടെ രാഷ്ട്രീയത്തിലൂടെ തന്നെയാണ് സംഘടന വളരേണ്ടതെന്ന് പുരാണങ്ങളുടെ പിന്‍ബലത്തിലും സ്വന്തം പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തെ വ്യാഖ്യാനിച്ചും ഇയാള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഹൈന്ദവ ബിംബങ്ങളുടെയും പുരാണ ഗ്രന്ഥങ്ങളുടെയും വിശ്വാസ പ്രതീകങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ കഥാപാത്രത്തെ പ്രതിഷ്ഠിച്ചിരിക്കുന്നതും. മറുപുറത്ത് സിപിഐഎമ്മിനെ പ്രതിനിധീകരിക്കുന്ന ബാബു അന്നൂര്‍ അവതരിപ്പിക്കുന്ന മുന്‍കാല സഖാവ് മാനവികതയുടെ രാഷ്ട്രീയത്തില്‍ നിന്ന് പരസ്പര വൈരത്തിലേക്ക് പാര്‍ട്ടി വ്യതിചലിച്ചതിലും, കൊലപാതക രാഷ്ട്രീയത്തിലും ആശങ്ക പുലര്‍ത്തുന്ന എന്നാല്‍ അതിനെ പരസ്യമായി ചോദ്യം ചെയ്യാന്‍ തയ്യാറാകാത്ത ആളാണ്. അയാളെ കാട്ടുന്ന രംഗത്തിലേറെയും മാര്‍ക്‌സിസം ഉള്ളടക്കമാകുന്ന വിവിധ പുസ്തകങ്ങളാണ്.
    പോലീസിനെക്കാളും പാര്‍ട്ടിയെ ഭയക്കണമെന്നും ഒരു ഘട്ടത്തില്‍ ഇദ്ദേഹം പറയുന്നുണ്ട്. ആനന്ദിന് പിടികൊടുക്കേണ്ടി വരുമെന്ന് പറയുമ്പോള്‍, അയാളുടെ നിരപരാധിത്വം എടുത്തുപറയുന്ന ഗോവിന്ദനോട് മക്കളോട് അന്ധമായ വാല്‍സല്യം പാടില്ലെന്ന വിലക്കിലൂടെ പ്രത്യയശാസ്ത്രേെത്തയും പുരാണത്തെയും വ്യാഖ്യാനിച്ച് സ്വന്തബന്ധങ്ങളെ മറന്ന് പ്രസ്ഥാനത്തിന് വേണ്ടി കൂടുതല്‍ കര്‍ക്കശമാകാന്‍ ആവശ്യപ്പെടുകയാണ് ആചാര്യന്‍. മറുവശത്ത് മകളോടുള്ള വാല്‍സല്യം വിടാത്ത, കൊലപാതക രാഷ്ട്രീയത്തോട് എതിര്‍പ്പും പാര്‍ട്ടിയോട് കൂറുമുളള രാഷ്ട്രീയ ബോധ്യമുള്ള പിതാവിനെയാണ് സിനിമ വരച്ചിടുന്നത്. പ്രസ്ഥാനത്തിലെ ഒരു വിഭാഗം അരാഷ്ട്രീയ വഴികളിലൂടെ നീങ്ങുന്നതിലാണ് ആ പിതാവിന് എതിര്‍പ്പ്.

    ഈട മറ്റൊരു തരത്തില്‍ പ്രസക്തമാകുന്നത് സ്ത്രീ കഥാപാത്രങ്ങളുടെ നിര്‍മ്മിതിയിലാണ്. കൊലപാതകരാഷ്ട്രീയത്തെ ആണ്‍കൂട്ടങ്ങളുടെ ഹിംസാത്മക ഭാവമായി വ്യഖ്യാനിക്കുന്നിടത്ത് യഥാര്‍ത്ഥ രക്തസാക്ഷികള്‍ സ്ത്രീകളാണെന്ന് സ്ഥാപിക്കാന്‍ സിനിമ ശ്രമിക്കുന്നു. ദാമ്പത്യത്തുടകത്തിലെന്നോ എതിരാളികളുടെ ആക്രമണത്തില്‍ പാതി തളര്‍ന്ന/പാര്‍ട്ടി ഉപേക്ഷിച്ച രക്തസാക്ഷിയെ സംരക്ഷിക്കാനും മകളെ വളര്‍ത്താനുമായി കഷ്ടപ്പെടുന്ന അമ്മയെ കാണാം. തികഞ്ഞ നിസംഗതയോടെയാണ് അവരുടെ അതിജീവനം. ഹിംസയുടെ രാഷ്ട്രീയത്തിനെതിരായ ചെറുത്തുനില്‍പ്പിന് ശ്രമിക്കാനാകാത്ത അതിന്റെ ഭാഗമായി മാറിയവരാണ് കൂടുതല്‍ പേരും. നഷ്ടങ്ങളുടെ പെരുക്കപ്പട്ടികയ്‌ക്കൊപ്പം ജീവിക്കുന്നവരായാണ് എല്ലാ സ്ത്രീകഥാപാത്രങ്ങളെയും സിനിമ വരച്ചിട്ടിരിക്കുന്നത്. അതിജീവനവും പോരാട്ടവും നയിക്കുന്നത് സത്യത്തില്‍ അവരാണ്.

    സംഘര്‍ഭരിതമായ രാഷ്ട്രീയ പരിസരത്ത് ഭാഗ്യം വില്‍ക്കുന്ന അംഗപരിമിതനായ ലോട്ടറിക്കാരന്‍ സിനിമ മുന്നോട്ട്് വയ്ക്കുന്ന രൂപകമാണ്. കക്ഷിരാഷ്ട്രീയമില്ലാത്തയാളും ഹിംസയുടെ രാഷ്ട്രീയത്തിന് ഇരകളാകാറുണ്ട്. അയാള്‍ക്ക് കൈ നഷ്ടപ്പെട്ടത് അത്തരമൊരു സാഹചര്യത്തിലായിരിക്കാം. കാരുണ്യ ലോട്ടറിയിലൂടെ ഭാഗ്യം വില്‍ക്കുന്ന ഈ കഥാപാത്രം അതിഗംഭീരമായ ആലോചനയില്‍ സൃഷ്ടിക്കപ്പെട്ട് ബ്ലാക്ക് ഹ്യൂമറില്‍ പ്രതിഷ്ഠിക്കപ്പെട്ട സൂചകമാണ്. കക്ഷിരാഷ്ട്രീയമില്ലാതെ ഇരുപാര്‍ട്ടികള്‍ക്കും ഇന്‍ഫോര്‍മറായി ഭാഗ്യവില്‍പ്പനയ്ക്കിടയില്‍ ഒറ്റുകാരന്റെ റോള്‍ കൂടി നിര്‍വഹിക്കുന്നുണ്ട് ഇദ്ദേഹം. ശുഭാന്ത്യം ആഗ്രഹിക്കുന്നവരോട് അത്ര ശുഭകരമാകില്ല തുടര്‍ച്ചയെന്ന് പറഞ്ഞുതരാനും ഇദ്ദേഹമെത്തുന്നുണ്ട്.

    ആണായി ജനിച്ചാല്‍ അന്തസോടെ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ദിനേശനിലൂടെയും നരിയായി മരിക്കണമെന്ന് സ്വപ്‌നം കാണുന്ന ഉപേന്ദ്രനിലൂടെയും അധികാരമുറപ്പിക്കാന്‍ ഹിംസയുടെ അരാഷ്ട്രീയ പാതയെ പിന്തുടരുന്ന ആണ്‍ലോകത്തെയാണ് ബി അജിത്ത്കുമാര്‍ ചിത്രീകരിക്കുന്നത്. കണ്ണൂരിലെ അക്രമങ്ങളുടെ ഉത്തരവാദിത്വം ഇരുകൂട്ടര്‍ക്കും ഒരു പോലെയെന്ന് പറയുമ്പോള്‍ തന്നെ ഗൂഢമായ ഇടങ്ങളില്‍ പ്രത്യയശാസ്ത്രത്തെ വ്യാഖ്യാനിച്ച് കാക്കിനാഡയില്‍ നിന്നെത്തിയ ആചാര്യനിലൂടെയും, വിചാരധാരയുടെ വിശകലനത്തിനൊപ്പവും ഹിംസ നടപ്പാക്കുന്ന സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സിനിമ കാട്ടുന്നുണ്ട്. ശ്രീറാം ഭട്ട് നരേന്ദ്രമോഡിയുടെ ചിതം കാട്ടി ഇങ്ങനെയല്ലേ നമ്മള്‍ ഇവിടം വരെയെത്തിയത് എന്നും ഗോവിന്ദനോട് പറയുന്നുണ്ട്. സംഘപരിവാറിനെ പ്രതിനിധീകരിക്കുന്ന ശ്രീറാം ഭട്ടിലൂടെയും(പി ബാലചന്ദ്രന്‍) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍തലമുറയെ പ്രതിനിധീകരിക്കുന്ന കാരിപ്പള്ളി ഗോപാലനിലൂടെയും (ബാബു അന്നൂര്‍) മാര്‍ക്‌സിസം വായിക്കാത്തതിനാല്‍ ഹിംസയുടെ രാഷ്ട്രീയം ശീലമാക്കിയ ഇടതുപക്ഷത്തെയും വിചാരധാര വായിച്ച് വാളെടുക്കുന്ന സംഘപരിവാറിനെയും ചിത്രീകരിച്ചിട്ടുണ്ട്. സിപിഐഎമ്മിനെ പൊതുപരിസരങ്ങളിലെ സജീവഇടപെടലായി അവതരിപ്പിക്കുമ്പോള്‍ തന്നെ സംഘപരിവാറിനെ പൊതുധാരയുടെ ഭാഗമാകാതെ തുരുത്തുകളും നിഗൂഢ കേന്ദ്രങ്ങളിലുമായി സംഘടനയെ വളര്‍ത്താനുള്ള അക്രമപദ്ധതികള്‍ തയ്യാറാക്കുന്ന സംഘമായി സിനിമ കാട്ടുന്നുണ്ട്.

    ഐശ്വര്യ-ആനന്ദ് പ്രണയരംഗങ്ങളുടെ ദൈര്‍ഘ്യം ആദ്യഭാഗത്ത് ഇടയ്‌ക്കൊക്കെ ക്ഷമ കെടുത്തുന്നുണ്ട്. സംഭാഷണങ്ങളെ ആശ്രയിച്ചുള്ള നരേറ്റീവിലും അതിഭാവുകത്വമില്ലാതെ
    യാഥാര്‍ത്ഥ്യപരിസരത്ത് നിന്ന് കഥാപാത്രങ്ങളെയും അവരുടെ ഇടപെടലുകളെയും വിശ്വസനീയമായി അവതരിപ്പിക്കാന്‍ അജിത്കുമാറിന് കഴിഞ്ഞിട്ടുണ്ട്. അക്രമരാഷ്ട്രീയം കടന്നുവരുന്ന ഭാഗങ്ങളില്‍ റിയലിസ്റ്റിക് ഫീല്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ തുടക്കത്തിലെ പ്രണയചിത്രീകരണം ദുര്‍ബലമെന്ന് തോന്നി. മൂന്ന് സംഗീത സംവിധായകരാണ് ഈടയില്‍ ഗാനങ്ങളൊരുകക്കിയത്. മിഴിനിറഞ്ഞ് മിന്നും എന്ന ഗാനം പല ശകലങ്ങളിലായി ഇരുവരുടെയും പ്രണയം ചിത്രീകരിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെ രചനയില്‍ ജോണ്‍ പി വര്‍ക്കിയാണ് സംഗീത സംവിധാനം. സിനിമയുടെ ഭാവതലമുള്ള ഗാനം മാരിവില്‍ മായണ എന്ന് തുടങ്ങുന്ന പാട്ടാണ്. അന്‍വര്‍ അലിയുടെ വരികളില്‍ ചന്ദ്രന്‍ വേയാറ്റുമ്മല്‍ ഈണമിട്ട് സിതാര ആലപിച്ച ഗാനം ഐശ്വര്യ-ആനന്ദ് പ്രണയത്തിലെ സങ്കീര്‍ണതകളും അവരുടെ മുന്നിലും പ്രതിബന്ധങ്ങളും പ്രതീക്ഷാനഷ്ടവുമൊക്കെയായാണ് സിനിമയില്‍ വരുന്നത്. ഇതേ ടീം തന്നെ ചായില്യം എന്ന ചിത്രത്തിന് വേണ്ടിയൊരുക്കിയ അമ്പിളിപ്പൂവുകള്‍ എന്ന ഗാനവുമായി നല്ല സാമ്യവുമുണ്ട് ഈ ഗാനത്തിന്.

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം നിമിഷ സജയന് ലഭിച്ച കഥാപാത്രമാണ് ഐശ്വര്യ. രണ്ടാമത്തെ ചിത്രത്തിലും കാമ്പുള്ളൊരു കഥാപാത്രത്തെ അതിഗംഭീരമാക്കാന്‍ നിമിഷയ്ക്ക് കഴിഞ്ഞു. മലയാള സിനിമയിലെ പതിവ് ‘ബോള്‍ഡ്’ നായികാ സങ്കല്‍പ്പങ്ങള്‍ക്കൊത്ത് സൃഷ്ടിക്കപ്പെടാതെ തന്നെ തനിക്ക് മേല്‍ അധികാരം സ്ഥാപിക്കാനൊരുങ്ങുുന്നവരെ പല വേളകളിലായി നേരിടുന്ന വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രമായി നിമിഷ ഉജ്വലപ്രകടനം സമ്മാനിച്ചു. സമീപകാലത്ത് മലയാളത്തിന് ലഭിച്ച മികച്ച അഭിനേതാക്കളിലൊരാളാണ് നിമിഷ സജയന്‍. ചെന്ന്യം ചന്ദ്രനുമായുള്ള വിവാഹ വേളയില്‍, പ്രണയം തിരിച്ചുപിടിക്കാനുള്ള ഓട്ടത്തില്‍, ആനന്ദിനോട് പ്രണയം പറയുന്ന വേളയിലൊക്കെ നിമിഷയുടെ അതിഭാവുകത്വമില്ലാത്ത പ്രകടനം കാണാം. ആനന്ദിനെ അവതരിപ്പിച്ചത് ഷെയ്ന്‍ നിഗമാണ്. ഉള്‍വലിവുകളുള്ള ചെറുപ്പക്കാരനായി, അതിജീവനത്തിനായി പോരാടുന്നയാളായി, ഉള്ളില്‍ ആഴത്തില്‍ മുറിവേറ്റവനായി ഷെയ്ന്‍ നിഗം കഥാപാത്രത്തെ മിഴിവുറ്റതാക്കി. ഷെയ്ന്‍ നിഗം മുമ്പ് കിസ്മത്തിലും പറവയിലുമായി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ തുടര്‍ച്ച പ്രകടനത്തില്‍ അനുഭവപ്പെടുന്നുണ്ട്. പുതുനിരയില്‍ ഏറ്റവും പ്രതീക്ഷയുള്ള അഭിനേതാക്കളില്‍ ഒരാളെന്ന നിലയില്‍ ആവര്‍ത്തന സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്ന് ഷെയ്്‌നിന് ഇനി മാറി സഞ്ചരിക്കാനാകുന്നതാണകാരിപ്പള്ളി ദിനേശനായി സുജിത് ശങ്കര്‍, ഗോവിന്ദനായി അലന്‍സിയര്‍, ലോട്ടറിക്കാരനെ അവതരിപ്പിച്ച മുസ്തഫ, യുവനേതാവായെത്തിയ അബു വളയംകുളം,രാജേഷ് ശര്‍മ്മ, സുനിത എന്നിവരെല്ലാം കഥാപാത്രങ്ങളെ ഭാവഭദ്രമാക്കിയിട്ടുണ്ട്.

    ഒരു പ്രത്യയശാസ്ത്ര വിശദീകരണത്തിനും ന്യായീകരണം സാധ്യമാക്കാത്ത ഹിംസയുടെ രാഷ്ട്രീയത്തെ ഹ്യൂമനിസ്റ്റ് ആംഗിളില്‍, ഉല്‍കണ്ഠകളുള്ള സാമൂഹ്യജീവിയുടെ കണ്ണിലൂടെ ചോദ്യം ചെയ്യുകയാണ് ഈടയിലൂടെ ബി അജിത്ത് കുമാര്‍. ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ഗൗരവ രാഷ്ട്രീയം ചര്‍ച്ചയാകട്ടെ.
     
    Mannadiyar likes this.
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    8_360_730_710.jpg
     

Share This Page