22 വർഷങ്ങൾക്കു മുന്നേ ഏറണാകുളം ശ്രീധർ തീയേറ്ററിൽ ഇരുന്ന് "ജുറാസ്സിക് പാർക്ക് " കണ്ടപ്പോൾ പൊളിച്ചു പോയ വായ പിന്നീടു തുന്നിക്കെട്ടേണ്ടി വന്നു . അന്ന് ഒരു വാക്ക് പോലും മനസ്സിലായില്ല എങ്കിലും, തത്തുല്ല്യമായ ഹാങ്ങോവർ നൽകാൻ നാളിന്നു വരെ ഒരു മാലോക ചിത്രത്തിനും സാധിച്ചിട്ടില്ല. ഒരു ദ്വിമാന ചിത്രത്തിന് ഇത്രയും അത്ഭുത -അനുഭവം പകരാൻ കഴിയും എന്ന് ലോകസിനിമക്ക് കാണിച്ചു കൊടുത്ത സ്പീൽബെർഗ് ആൻഡ് ക്രൂ അക്ഷരാർത്ഥത്തിൽ അതുവരെയുള്ള CGI/VFX കാഴ്ച്ചപ്പാടുകളെ നവീകരിക്കുകയായിരുന്നു. അതിന്റെ പ്രേരക ശക്തി പൂർണ്ണതക്ക് വേണ്ടിയുള്ള പടനായകന്റെ വാശിയും തന്റെ അണികളോടുള്ള ഒരു വെല്ലുവിളി നിറഞ്ഞ ആഹ്വാനങ്ങളുമാണ് . "You Prove It" അത് വരെയുള്ള മോൺസ്റ്റെർ / ക്രിയെച്ചർ സിനിമകൾ ഉപയോഗിച്ചിരുന്നത് സ്റ്റോപ്പ് മോഷൻ / പപ്പട്രി/ അനിമട്രോണിക്സ് എന്ന സാങ്കേതിക വിദ്യയായിരുന്നു (Practical Effects). CGI ഏറ്റവും നൂതനമായി (3D modelling & Morphing) അന്ന് വരെ പ്രയോഗിച്ച ഏക ചിത്രമാകട്ടെ ലൂക്കസിന്റെ കീഴിലുള്ള ILM സ്റ്റുഡിയോ VFX നിർവഹിച്ച "ടെർമിനേടർ 2 (1991) " ആയിരുന്നു. എന്നാൽ ജുറാസ്സിക് പാർക്കിന്റെ കാര്യത്തിൽ, സർവ്വകാല റെക്കോർഡ് ചിത്രങ്ങളായ തന്റെ സ്രാവിനെ (Jaws, 1975) കടത്തിവെട്ടുന്ന മോൺസ്റെർ ചിത്രവും അതെ സമയം E .T. (1982) പോലെ ഒരു sci-fi ഫാമിലി ഡ്രാമയും ഒരേ സമയം ഒത്തിണങ്ങണം എന്ന ഒരു ആഗ്രഹം സ്പീൽബർഗിനുണ്ടായിരുന്നു. അത്യാഗ്രഹം ഇതിലെ ദിനോസറുകൾ Photo-Realistic ആകണം എന്നതും. ഇതിനായി '91 -ൽ Makeup & Animatronix VFX-ൽ അതികായന്മാരായ സ്റ്റാൻ വിൻസ്റ്റൻ സ്റ്റുഡിയോയും, ILM സ്റ്റുഡിയോയും കുറെ എഞ്ചിനീയർമാരും കൂടാതെ ആധികാരിക / ഉപദേശക സമിതിയിൽ ഒരു കൂട്ടം പാലിയെണ്ടോളജിസ്റ്റുകളും ചേർന്നൊരു സംഘം രൂപികരിച്ചു. സ്റ്റാൻ വിൻസ്റ്റൻ സ്റ്റുഡിയോയിൽ പലയിനം ദിനോസറുകൾക്കൊപ്പം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീമനായ (5000 കിലോ ഭാരം, 40 അടി പൊക്കം) T-REX എന്ന ദിനോസറിനെയും മൈക്രോസ്കോപിക് തികവോടെ, ഫോസ്സിലുകളുടെ രൂപരേഖ അനുസരിച്ച്, ഫുൾ സ്കെയിലിൽ നിർമ്മിച്ചു തുടങ്ങി. സ്റ്റോപ്പ് മോഷൻ ട്രിക്കിലെ ഫ്രെയിമുകൾക്കിടയിലുള്ള അപാകത ഒഴിവാക്കാൻ ILM "ഗോ-മോഷൻ" എന്ന ടെക്നിക് കമ്പ്യൂട്ടർ വഴി ആവിഷ്കരിക്കാൻ തീരുമാനിച്ചു, അതായത് രണ്ടു ഫ്രെയിമുകൾക്കിൽ മോഷൻ ബ്ലർ (ഇന്ന് സുപരിചിതമായ) എന്ന എഫെക്റ്റ് കൊടുത്തു മൂവ്മെന്റ് സ്മൂത്ത് ആക്കുക എന്ന പ്രക്രിയ. സ്റ്റോറി ബോർഡ് കൂടാതെ ദിനോസർ സീക്വെൻസുകൾ ക്ലേ മേഷൻ ഉപയോഗിച്ച് ഒരു ഷോര്ട്ട് ഫിലിം ആക്കി റെഫെറൻസ് ആയി ഉപയോഗിച്ചു . അങ്ങനെ പലയിനം ദിനോസർ റോബോട്ടുകളും , സ്റ്റോപ്പ് - മോഷന് വേണ്ടിയുള്ള മൈക്രോ ദിനോസറുകളും രൂപപ്പെട്ടു. അത് വരെയുള്ള സകല സാങ്കേതിക വിദ്യകളുടെയും സമ്മേളനമായിരുന്നിട്ടു കൂടി സ്പീൽബെർഗിനു ഫലത്തിൽ തൃപ്തിയായില്ല , ദിനോസറിന്റെ മൂവ്മെന്റുകളിൽ "ജൈവികത" പോര പോലും (ദിനോസറിനെ നേരിട്ട് കണ്ട ഒരാള് പോലും ഭൂലോകത്തില്ല എന്നോർക്കണം). അപ്പോൾ ILM ലെ അനിമെറ്റർമാർ ഒരു നിർദ്ദെശം വെച്ചു, പൂർണ്ണകായ (full scale) ദിനോസറുകളെയും അവയുടെ ആക്ഷൻസിനെയും CGI വഴി നിർമ്മിച്ചെടുക്കാം. അപ്പോൾ സ്പീല്ബെർഗ് പ്രതികരിച്ചു "You Prove It ". (That was a fucking challenge at that time). പിന്നീട് ഒരു അങ്കക്കളരി തന്നെയായിരുന്നു ILM ലാബ് . സ്റ്റാൻ വിൻസ്റ്റൻ ഉണ്ടാക്കികൊടുത്ത ഫോട്ടോ റിയലിസ്റ്റിക് ദിനോസർ മിനിയെച്ചറുകൾ ലേസർ സ്കാൻ (3D) ചെയ്തു കമ്പ്യൂട്ടറിൽ ആക്കി. അതിൽ ഫോസ്സിലുകളെ മുൻ നിറുത്തി ബോൺ സ്ട്രക്ചർ, എല്ലുകൾ , ഇവ Alias എന്ന പ്രത്യേകമായി നിർമ്മിച്ച സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉണ്ടാക്കി, ഒരു അസ്ഥിരേഖ ഉണ്ടാക്കി. അതിന്റെ മൂവ്മെന്റ് പഠിക്കാനായി ആളുകളെ ദിനോസറിനെ പോലെ നടത്തി, ഓടിച്ചു, ചാടിച്ചു (ഇതിൽ ഒരു മലയാളിയും ഉണ്ടായിരുന്നു എന്നാണു ഓർമ). ആ മൂവ് മെന്റ് നിർമ്മിച്ചെടുത്ത skeleton ൽ അപ്ലൈ ചെയ്തു ശേഷം മാംസവും, തൊലിയും (texture) നൽകി (ഇന്നും ഇതേ സാങ്കേതിക വിദ്യ തന്നെയാണ് തുടർന്ന് പോകുന്നത് ). ശേഷം ഉണ്ടാക്കിയ ഒരു ഫൈനൽ ക്ലിപ്പ് കാണിക്കാനായി സകല സാങ്കേതിക വിദഗ്ധരെയും കൂട്ടി സ്പീൽബെർഗ് ILM ലാബിലെത്തി. ഔട്ട് പുട്ട് കണ്ട് പകച്ച സ്റ്റാൻ വിൻസ്റ്റനെ അര മണിക്കൂർ നേരത്തേക്ക് ആരും കണ്ടില്ല. Practical Effect-ന്റെ യുഗം തീർന്നു എന്ന് ഭയന്ന് ആ പാവം FX മാസ്റ്റെർ പുറത്തേക്കോടി പോലും. സ്പീൽബെർഗിനു വിശ്വാസമായി. പക്ഷെ CGI നെ സഹായിക്കാനായി സ്റ്റാറ്റിക് ഷോട്ടുകൾ മാത്രം വെക്കണം എന്ന നിർദ്ദേശം അപ്പോൾ തന്നെ പുള്ളി എടുത്തു ദൂരെക്കളഞ്ഞു. ക്യാമറ മൂവ്മെന്റ് ഇല്ലാതെ ഇത് ചെയ്യില്ലെന്നതായി അടുത്ത വാശി. ഒടുക്കം അനിമെറ്റെർസ് 3D പ്രതലത്തിൽ ക്യാമറ മൂവ് മേന്റൊടുകൂടി ഷോട്ടുകൾ ഡിസൈൻ ചെയ്തു. ഈ സാധ്യതകൾ കണ്ടു ക്ലൈമാക്സ് സ്പീൽബെർഗ് T-REX നെ ഉൾക്കൊള്ളിച്ചു മാറ്റിയെഴുതി. 25 മാസത്തെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷം ലൊക്കഷൻ ഷൂട്ട് തുടങ്ങി. തീം പാർക്ക് , ലാബ് എന്നിവ സെറ്റിൽ റെഡി ആയിരുന്നു. ക്യാമേറ മൂവ്മെന്റുകൾ പ്രത്യേകം സിങ്ക് ചെയ്ത്, ദിനോസറുകൾ ഉണ്ടെന്ന ഭാവത്തിൽ ആർടിസ്റ്റു കളുടെ ഐ ലൈൻ വരെ കൃത്യമാക്കിയാണ് ലൊക്കേഷൻ ഷൂട്ട് (അന്ന് ഒരു ഗ്രീൻ സ്ക്രീനുമില്ല ട്രാക്കിങ്ങുമില്ല ). ഇതിനിടെ സിനിമയിലെ ഐകോണിക് രംഗമായ രാത്രിയിലെ T-Rex അറ്റാക്ക് ഷൂട്ട് ചെയ്യുന്ന ദിവസമെത്തി. ഇരുട്ടിൽ തിമിർത്ത് പെയ്യുന്ന മഴയിലാണ് ഷൂട്ട് പ്ലാൻ , എന്നാൽ ഈ ഭീമൻ ദിനോസറെ മഴ കൊള്ളിച്ചാൽ അതിന്റെ തൊലി മുതൽ ഇലെക്ട്രോണിക് കണ്ട്രോൾ യൂണിറ്റ് വരെ കോഞ്ഞാട്ടയാകും. സ്പീൽബെർഗുണ്ടോ അടുക്കുന്നു (Jaws-ലെ റോബോട്ട് സ്രാവിനെ കടലിൽ മുക്കി തവിടുപൊടിയായ സമയത്ത് ഇതിലും വലിയ പെരുന്നാൾ കണ്ടതാ പുള്ളി), സ്റ്റാൻ വിൻസ്റ്റൻ തോറ്റു, പ്ലാൻ പ്രകാരം തന്നെ ഷൂട്ടി , മഴയത്ത് പാവം ക്രൂ വിയർത്തു കുതിർന്നു. അദ്ധ്വാന ഫലം ആ രംഗത്തിന്റെ ഭീകരതയിൽ കാണാം. ഇത്രയും പ്രയാസപ്പെട്ട ഷൂട്ട് പക്ഷെ പറഞ്ഞതിനേക്കാളും 15 ദിവസം മുന്നേ പാക്ക് അപ്പ് ആയി. പോസ്റ്റ് പ്രോഡക്ഷൻ ആണ് ഇതിലെ ബാലി കേറാമല. CGI ഏറ്റെടുത്ത ILM നു ഏകദേശം അമ്പതോളം ദിനോസറുകളെ കമ്പ്യൂട്ടറിൽ ഉണ്ടാക്കിയെടുക്കേണ്ടി വന്നു (VFX വേറെ). അന്നത്തെ ശേഷിക്കനുസരിച്ച് ഒരു ഫ്രെയിം ഡാറ്റ കമ്പ്യൂട്ടറിൽ കണക്കുകൂട്ടാൻ (high-resolution mesh data into a low resolution wire frame) മാത്രം 10 മണിക്കൂർ വേണ്ടി വന്നു. അങ്ങിനെയുള്ള 24 ഫ്രെയിമുകളാണ് ഒരു സെക്കന്റ് എന്നോർക്കുക. അമ്പതോളം CPU അടുക്കി ഒരേ സമയം വർക്ക് ചെയ്‌താൽ കിട്ടുക പരമാവധി 250 MHz സ്പീടാണ്. ഒരു വലിയ ഹാൾ മുഴുവൻ CPU കൊണ്ട് നിറഞ്ഞിരുന്നു . ഇതിലെ ജീപ്പ് ചേസിംഗ് സീക്വെൻസിലെ ഒരു ഫ്രെയിമിനു മാത്രം 12 മണിക്കൂർ റെണ്ടെർ സമയമെടുത്തു, അതിന്റെ അനിമേഷന് വേണ്ടി നാല് മാസവും (ഓട്ടം ശെരിയാക്കാൻ മാത്രം ). മൊത്തം ഏഴു മിനിട്ടേ CGI അനിമേഷൻ സിനിമയിൽ ഉള്ളൂ , ബാക്കി എട്ടു മിനിട്ട് Practical Effects ആണ്. എന്ന് വെച്ചാൽ 127 മിനിട്ട് സിനിമയിൽ ആകെ 15 മിനിട്ടുകൾ മാത്രമേ ദിനോസർ മച്ചാൻസ് തകർക്കുന്നുള്ളൂ , പറഞ്ഞാൽ വിശ്വസിക്കുമോ ? അതാണ് മൂഡ് നിലനിർത്തി കഥ പറയുന്നതിലെ സ്പീൽബെർഗിന്റെ ക്രാഫ്റ്റ്. സൌണ്ട് മിക്സിൽ ദിനോസറുകളുടെ ഇതുവരെ ആരും കേൾക്കാത്ത ശബ്ദം ഉണ്ടാക്കിയെടുത്തു , ഡോൾഫിൻ മുതൽ അണലി പാമ്പിന്റെ വരെ ഒച്ചകൾ മിക്സ് ചെയ്തു ദിനോസറിനു ഡബ് ചെയ്തു . സ്പീൽബെർഗ് മുൻകൈ എടുത്ത് ആദ്യമായി DTS എന്ന ശബ്ദ വിദ്യ കൊണ്ടുവന്നു. 360 കോടി രൂപ ചിലവഴിച്ചു ആഗോള തലത്തിൽ 3400 ഓളം തീയെറ്ററുകളിൽ റിലീസ് ചെയ്ത (June 11, 1993, US) ജുറാസ്സിക് പാർക്ക് 1600 കോടി നേടി ചരിത്രം സൃഷ്ടിച്ചു. ഇതിൽ ഇന്ത്യയിൽ (April 15, 1994) നിന്ന് മാത്രം 6 മാസത്തോളം ഓടി 20 കോടി അന്തകാലം നേടിയെടുത്തു . ദൂരദർശനിൽ ഹിന്ദി ട്രൈലെർ തിമിർത്ത് ഓടി. ആദ്യമായി ഡബ് ചെയ്ത ഇംഗ്ലീഷ് ചിത്രം കൂടി ആയിരുന്നു ഇത്. ഇതിനു ശേഷമാണ് ഇന്ത്യൻ മാർക്കെറ്റ് ഹോളിവുടിനു പ്രിയങ്കരമായത്. 94 ലെ ഓസ്കാർ ചടങ്ങിൽ VFX അടക്കം മൂന്നു ടെക്നിക്കൽ അവാർഡുകൾ ജുറാസ്സിക് പാർക്ക് നേടിയപ്പോൾ അപ്പുറത്തെ സൈഡിൽ അതെ വർഷത്തെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ് അടക്കം ഏഴെണ്ണം സ്പീൽബെർഗിന്റെ " ഷിണ്ട്ലെർസ് ലിസ്റ്റ്" നേടി.ആലോചിച്ചു നോക്കണം, രണ്ടു ധ്രുവങ്ങളിൽ ഉള്ള ക്ലാസ് സിനിമകൾ, ഒരേ വർഷം, ഇവയുടെയൊക്കെ പിന്നിലുള്ള അദ്ധ്വാനം, അതിലൂടെ ലോകസിനിമക്ക് നല്കിയ സംഭാവനകൾ-രാവണൻ എന്നല്ലാതെ എന്ത് വിളിക്കാൻ??പൂവിട്ടു പൂജിക്കണ്ടേ ഈ ജൂതത്തലയെ? ഒരു ഡയറക്ടർക്ക് തന്റെ മീഡിയത്തിനു മേലുള്ള സ്വാധീന ശക്തിയും, സിനിമയെ റീടിഫൈൻ ചെയ്യാനുള്ള ത്വരയും സർവ്വോപരി ഒരു സ്വപ്‌നദര്‍ശി (Visionary) ആയിരിക്കേണ്ടുന്ന ആവശ്യകതയും എല്ലാം വിളിച്ചറിയിക്കുന്നുണ്ട് ഈ ചിത്രത്തിന്റെ ഓരോ വളർച്ചയും. ശിലായുഗ ദിനോസറുകളെയും നാളത്തെ സാങ്കേതികയെയും ഒരേ സമയം ഈ സിനിമ കണക്ട് ചെയ്തു. റിലീസിന് ശേഷം കുട്ടികളിൽ പോലും ചരിത്രം, ഫോസ്സിൽ, ദിനോസറുകൾ എന്നിവയെപ്പറ്റിയുള്ള ത്വര വര്ദ്ധിച്ചു, പഠന ക്ലാസ്സുകൾ ഉണ്ടായി, മ്യൂസിയം ഉണ്ടായി, തീം പാർക്കുകൾ വന്നു അലയൊലികൾ ഇങ്ങനെ ഇന്നും തുടരുന്നു. ഫിലിം പോയി, ഡിജിറ്റൽ സിനിമ വന്നു, വിഷ്വൽ എഫ്ഫെക്റ്റ് മേഖലയിൽ മോഷൻ ക്യാപ്ച്ചർ അടക്കം നിരവധി തുടർച്ചകൾ ഉണ്ടായി. ഗ്രീൻ സ്ക്രീനും ആർടിസ്റ്റുകളും മാത്രം മതി എന്ന അവസ്ഥ വരെ വന്നു. ഇനി കൂട്ടി വായിച്ചാൽ 22 വർഷങ്ങൾക്കിപ്പുറം ഏകദേശം 320 കോടി മുടക്കി രണ്ടു വർഷതോളം എടുത്താണ് ഇവിടെ " എന്തിരൻ 2" ഉണ്ടാക്കുന്നത് (സമയം കൂടുതലും ഗാന ചിത്രീകരണത്തിനും സൊ കോൾഡ് ഡപ്പാം കുത്ത് മാഷപ്പ് ക്ലൈ മാക്സിനും വേണ്ടിയായിരിക്കും). സ്ഥിരം വാർപ്പ് മാതൃകയിൽ നിന്നു കൊണ്ട് താര പരിവേഷങ്ങളെ തലോടി ഒരു കൊല്ലം മാത്രം ആയുസ്സുറപ്പിക്കാവുന്ന ഇത്തരം സിനിമകൾ കൊണ്ട് ലോക സിനിമക്ക് പോട്ടെ, ഇന്ത്യൻ സിനിമക്ക് അല്ലെങ്കിൽ പ്രാദേശിക സിനിമകൾക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നത് . ഇന്ത്യൻ സ്പീൽബെർഗെന്നു ഓമനിച്ചു വിളിക്കുന്ന ശങ്കറും മൌലിയും എല്ലാം മഹാഭാരതവും ടെർമിനേട്ടറും തിരിച്ചും മറിച്ചുമിട്ടു കോപ്പി അടിച്ചു എല്ലാക്കാലവും വെറുപ്പിക്കുന്നത് മാത്രം മിച്ചം. കുറ ലോക സാങ്കേതിക വിദഗ്ദ്ധരെ ഇങ്ങോട്ടാനയിച്ചു ബർഗെറും തൈരും കൊടുക്കുന്നു എന്നല്ലാതെ, എത്ര ശതമാനം പ്രോഫെഷണൽസ് അങ്ങോട്ട് പോയി വൈദഗ്ധ്യം നേടി ഒരു ലോകോത്തര ലാബ് ഇവിടെ പണിതു റിക്രൂട്ട് ചെയ്യുന്നുണ്ട്? ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമ ഉൽപ്പാദിപ്പിക്കുന്ന (ഡോളറിന്റെ മൂല്യം കാരണം റെവന്യൂവിൽ രണ്ടാമതും), ഏറ്റവും കൂടുതൽ വിഷ്വൽ മാധ്യമങ്ങൾ വിളയാടുന്ന, ഇന്ത്യയിൽ പ്രൊഫെഷണൽ കാഴ്ചപ്പാടും നല്ല ട്രെയിനിംഗ്, റിസേർച്സ്ഥാപനങ്ങളും (ഔട്ട് സൌർസിംഗ് അല്ലാതെ), സർക്കാർ ധനസഹായവും (പൊതുവെ കലാ രംഗത്ത്) ഏത്രത്തോളം ഉണ്ട് ? ഇപ്പറഞ്ഞ സ്പീൽബെർഗിന്റെ കമ്പനിയായ Dream Works-ന്റെ 60ശതമാനം ഷെയർ നമ്മുടെ നാട്ടിലെ അംബാനിക്കുഞ്ഞിനാണ്, എന്ന് വെച്ചാൽ സ്പീൽബെർഗിനേക്കാൾ കൂടുതൽ അധികാരം. അപ്പോൾ കാശല്ല ഇവിടെ പ്രശ്നം. വർഷങ്ങളായി എന്താണ് നമ്മൾ ലോകസിനിമാക്കായി നല്കിയത്? അഖിലേന്ദ്യാ തലത്തിൽ ഫോട്ടോഷോപ്പ് കേന്ദ്രങ്ങൾ മാത്രം മതിയോ നമുക്ക്? ദിനോസർ യുഗത്തെ എതിർക്കുന്നവർ നല്ലൊരു കാളിയസർപ്പത്തെ എങ്കിലും ഉണ്ടാക്കിയോ ഇക്കാലമത്രയും? പോഷകാഹാരക്കുറവോ മറ്റോ ആണോ ഇനി കാരണം? സായിപ്പുണ്ടാക്കി കളയുന്ന സോഫ്റ്റ്‌വെയറുകൾക്കായി നമുക്കിനിയും ബിന്നും തുറന്നിരിക്കാം. @Novocaine @Joker
OM Spielbergaaya namaha..! Enne Hollywood cinemapremiyakiya randu per Spielbergannanum Cameroonannanum..!