എല്ലാ സിനിമയും എനിക്ക് സ്വതന്ത്രമാണ്. ഒരു സിനിമയും ആ സിനിമയുടെ സ്വഭാവവും റിപ്പീറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്നയും റസൂലും കഴിഞ്ഞ് ഞാന്‍ പോയി ചെയ്തത് നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയാണ്. പ്രേക്ഷകരോടും എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത്. തിയറ്ററുകളില്‍ സിനിമ കാണുമ്പോള്‍ മാത്രം നിങ്ങള്‍ കഥാപാത്രത്തെ പിന്തുടര്‍ന്നാല്‍ മതി. അത് കഴിഞ്ഞ് ആ കഥാപാത്രത്തെ വിട്ടേക്കൂ. വ്യത്യസ്ഥമായ സിനിമാരീതികളിലേക്കും കാരക്ടറിലേക്കുമുള്ള ചാട്ടമാണ് ഞാന്‍ എന്‍ജോയ് ചെയ്തിട്ടുള്ളത്. അന്നയും റസൂലില്‍ നിന്ന് നത്തോലിയിലേക്കുള്ള ചാട്ടം, അവിടെ നിന്ന് ആമേനിലേക്ക്. ഇതൊക്കെ ഞാന്‍ എക്‌സൈറ്റഡായി ചെയ്ത കാര്യങ്ങളാണ്. പിന്നെ എനിക്കങ്ങനെ മാസ് എന്റര്‍ടെയിനര്‍ എന്നൊരു നിര്‍വചനത്തിന്റെ പുറത്തൊരു സിനിമയൊന്നും ചെയ്യാന്‍ അറിയില്ല. ഹൃദയം കൊണ്ട് നമുക്ക് ഫോളോ ചെയ്യാനാകുന്ന സിനിമകളാണ് ഞാന്‍ സെലക്ട് ചെയ്യാറുള്ളത്. - ഫഹദ് ഫാസില്‍
2011ല്‍ ചാപ്പാക്കുരിശ് എന്ന സിനിമയിലെ അര്‍ജ്ജുന്‍, 2012ല്‍ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ പ്രതിനായകനായ സിറില്‍ മാത്യു എന്ന കോട്ടയത്തുകാരന്‍, ഡയമണ്ട് നെക്ലേസില്‍ ദുബായില്‍ ധൂര്‍ത്ത ജീവിതത്തിനൊടുവില്‍ നിലയില്ലാക്കയത്തിലായ ഡോക്ടര്‍ അരുണ്‍കുമാര്‍, ഫ്രൈഡേയില്‍ ഓട്ടോ ഡ്രൈവര്‍ ബാലു, അന്നയും റസൂലിലെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ റസൂല്‍, നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിലെ പ്രേമനും നരേന്ദ്രനും, റെഡ് വൈനിലെ സഖാവ് സി വി അനൂപ്, ആമേനിലെ സോളമന്‍, അകം എന്ന ചിത്രത്തിലെ ശ്രീനി, ഒളിപ്പോരിലെ അജയന്‍, ആര്‍ട്ടിസ്റ്റിലെ മൈക്കലാഞ്ചലോ, നോര്‍ത്ത് 24 കാതം എന്ന സിനിമയിലെ ഹരികൃഷ്ണന്‍, ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാരര്‍ത്ഥന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയും വൈവിധ്യതയുള്ളതും വെല്ലുവിളിയേകുന്നതുമായ കഥാപാത്രങ്ങളെ അഭിനയിച്ച നടന്‍മാര്‍ പുതുതലമുറയില്‍ കാണില്ല.
തമിഴില്‍ വിജയ് സേതുപതിയും ഹിന്ദിയില്‍ ഇര്‍ഫാന്‍ ഖാനും നവാസുദ്ദീന്‍ സിദ്ദീഖിയും കഥാപാത്രങ്ങളിലേക്ക് പകര്‍ന്നാട്ടം നടത്തി വിസ്മയിപ്പിക്കുമ്പോള്‍ മലയാളത്തില്‍ അവര്‍ക്കൊപ്പമാണ് ആസ്വാദകര്‍ ഫഹദിനെ പ്രതിഷ്ഠിക്കുന്നത്. പെരുമാറ്റത്തിലും ചലനങ്ങളിലും ഒരാള്‍ മറ്റൊരാളായി മാറി അഭിനയിച്ച് ഫലിപ്പിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഫഹദ്. സൂപ്പര്‍താര ഇമേജുണ്ടാക്കാന്‍ ശ്രമിക്കാതെ മലയാള സിനിമയിലെ പുതുപരീക്ഷണങ്ങള്‍ക്ക് തന്നിലെ നടനെ വിട്ടുകൊടുത്തയാളാണ് ഫഹദ് ഫാസില്‍. മലയാള സിനിമയിലെ നവനിര ശ്രമങ്ങളുടെ വളര്‍ച്ച എത്ര ഉയരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഫഹദ് ഫാസില്‍ എന്ന അഭിനേതാവിനെ കൂടി ആ വളര്‍ച്ചയുടെ വഴികളിലേറെയും ചേര്‍ത്തെഴുതേണ്ടിവരുന്നത് അതുകൊണ്ടാണ്. ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലിലെ കള്ളന്‍. മാന്ത്രികന്റെ കൗശലവിദ്യപോലെ ഞൊടിയിടെയില്‍ ഭിന്ന വികാരങ്ങളിലേക്ക് മാറിമറഞ്ഞുപോകുന്നുണ്ട് ഫഹദിന്റെ കഥാപാത്രം. സമ്മര്‍ദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെയെല്ലാം എടുത്തെറിഞ്ഞ് കണ്ണുകളാല്‍ ചിരിക്കുന്നുണ്ട് ഈ കഥാപാത്രം. ബസ്സില്‍ നിന്നുള്ള ആദ്യ രംഗത്തില്‍ കണ്ണുകളിലൂടെയാണ് ഫഹദിനെ പരിചയപ്പെടുത്തുന്നുണ്ട്. കണ്ണുകളിലൂടെ മാത്രം തന്റെ കഥാപാത്രത്തെ സ്വഭാവസഹിതം പരിചയപ്പെടുത്തുന്നുണ്ട് ഈ നടന്‍. ഉള്‍വ്യഥയും സംഘര്‍ഷവും അമര്‍ഷവും പരിഹാസവുമൊക്കെ ഞൊടിയിടെ വന്നു മറയുന്ന കഥാപാത്രമാകാന്‍ മലയാളത്തില്‍ നിലവില്‍ മറ്റാരുണ്ടെന്ന ചോദ്യം ഈ സിനിമ അവശേഷിപ്പിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദിന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. എന്തുകൊണ്ട് താരത്തെ തിരസ്‌കരിച്ച് നടനെ കാത്തുസൂക്ഷിക്കുന്നുവെന്ന ചോദ്യത്തിന് ഫഹദിന്റെ മറുപടി ഇങ്ങനെ '' സിനിമ കഴിഞ്ഞ് വിളിക്കുന്നവരില്‍ നിന്ന് സിനിമ ഗംഭീരമായെന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എങ്ങനെയുണ്ട് എന്ന് അന്വേഷിക്കാറില്ല. ഞാന്‍ നന്നായെങ്കില്‍ സിനിമയും നന്നാകും എന്നാണ് തോന്നിയിട്ടുള്ളത്. മറിയംമുക്കിലും ഗോഡ്സ് ഓണ്‍ കണ്‍ട്രിയിലും മണിരത്നത്തിലും വണ്‍ ബൈ ടുവിലും ഒക്കെ ഞാന്‍ ബോറായിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളില്‍ ഞാനും മോശമായിരുന്നു എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. എന്നെ അറിയാവുന്ന ആളുകള്‍ക്കാണ് എന്നെ നന്നായി എക്സ്പ്ലോര്‍ ചെയ്യാന്‍ പറ്റിയിട്ടുളളത് എന്ന് തോന്നുന്നു. എന്നെ അറിയാവുന്നവര്‍ക്ക് എന്ത് ചെയ്താല്‍ നന്നായിരിക്കും എന്ത് ചെയ്താല്‍ മോശമാകും എന്ന് അറിയാം. അത് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുമുണ്ട്.''
ഫഹദിനെക്കുറിച്ച് ലാല്‍ ജോസ് മുമ്പ് പറഞ്ഞത് ഇങ്ങനെയാണ് '''യുവനിരയില്‍ പകരക്കാരനില്ലാത്ത നടനാണ് ഫഹദ്, ആരുടെയും സിംഹാസനത്തില്‍ കയറി ഇരിക്കാനല്ല അയാളുടെ ശ്രമം. നമ്മള്‍ കണ്ടുപരിചയിച്ച ആക്ടിംഗ് പാറ്റേണില്‍ നിന്ന് മാറി നില്‍ക്കുന്നൊരു അഭിനയ രീതിയാണ് അയാളുടേത്'