രണ്ടായിരത്തി രണ്ടിൽ... കൈയ്യെത്തും ദൂരത്ത് കണ്ടപ്പോൾ തോന്നി ഇയാളൊരിക്കലും രക്ഷപ്പെടില്ലെന്ന്... പിന്നെ കുറേ കാലത്തേക്ക് ഒരു വിവരവുമില്ല.. 2009 ൽ ഒരു വരവു വന്നു... കേരളാകഫേയിലെ ഒരു ചെറു ചിത്രമായ മൃത്യുഞ്ജയത്തിൽ. അപ്പൊ തോന്നി, കുഴപ്പമില്ലല്ലോ... ചിലപ്പൊ തെളിയുമായിരിക്കും... അടുത്ത വർഷം cocktail എന്ന ചിത്രത്തിൽ മറ്റൊരു test dose... അവിടന്ന് ചാപ്പാ കുരിശിലും, 22FK യിലും, ഡയമണ്ട് നെക്ലസിലുമായി രണ്ടു മൂന്ന് വൻ ഞെട്ടിക്കൽ... തള്ളിപ്പറഞ്ഞ സകലരേയും കൊണ്ട് 'യെവൻ കൊള്ളാമല്ലോ' എന്നു പറയിക്കാൻ അതു മതിയായിരുന്നു... അപ്പൊഴും ചിലർക്കെങ്കിലും ഒരു സംശയം:ഫഹദിന് അഭിനയം വരണമെങ്കിൽ കോട്ടും സ്യൂട്ടും ഇടണം... ക്ഷോഭിക്കുന്ന പണക്കാരൻ... type cast ആയതു തന്നെ...അപ്പൊ ദേ പുള്ളിയൊരു ഓട്ടോയിൽ കേറിയിങ്ങു വന്നു; ഫ്രൈഡേ എന്ന ചിത്രത്തിൽ... തനിയൊരു ഓട്ടോ ഡ്രൈവർ... തൊട്ടുപിറകേ അന്നയും റസൂലും.. ഇവിടെയാണ് ഫഹദ് എന്ന നടൻ ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത തരത്തിലുള്ള ഒരു കരിയർ പോയിന്റിൽ എത്തുന്നത്....പിന്നെ, ആമേനിലും, ആർട്ടിസ്റ്റിലും, 24 നോർത്ത് കാതത്തിലും, ഇന്ത്യൻ പ്രണയ കഥയിലും, ബാംഗ്ലൂർ ഡെയ്സിലും, ഇയോബിന്റെ പുസ്തകത്തിലുമൊക്കെയായി വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. ഒരേ കാലത്തിൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റിലേയും, നോർത്ത് കാതത്തിലേയും, പ്രണയകഥയിലേയും കഥാപാത്രങ്ങളെ മാത്രം നോക്കിയാൽ മാത്രം മതി ഇയാളുടെ റേഞ്ചറിയാൻ... മൂന്നു തരം body language... മൂന്നു തരത്തിലുള്ള expressions.മൂന്നു തരം dialogue delivery... ഇതിനുമപ്പുറം ഇനിയൊരു നടൻ എന്തു ചെയ്യാൻ എന്നു പ്രേക്ഷകൻ സന്ദേഹിച്ചിരിക്കുമ്പൊഴാണ് ഒരു കുളിർ കാറ്റു പോലെ മഹേഷിന്റെ വരവ്...മലയാള സിനിമയിൽ ഇന്നോളമുണ്ടായതിൽ വച്ച് എണ്ണം പറഞ്ഞ കഥാപാത്രം...അന്നോളം പിൻതുടർന്ന ശൈലി അപ്പാടെ പൊളിച്ചെഴുതി ഫഹദ്... സ്വന്തം ശൈലിയിൽ നിന്നൊരു മാറി നടത്തം ഒരു നടനു സാധിക്കുകയെന്നത് അത്യന്തം ക്ലേശകരമായ ഒരു അപൂർവ്വതയാണ്...തീർത്തും ആയാസ രഹിതം എന്നോണം ഫഹദ് അത് സാധിച്ചെടുത്തു... പിന്നീട് വന്ന ടേക്കോഫിലും തന്റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി ഫഹദ്.. ശൈലി പൊളിച്ചെഴുത്ത് ഇങ്ങേരൊരു ശീലമാക്കിക്കഴിഞ്ഞു എന്നു മനസ്സിലായത് പിന്നാലെ വന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ പ്രസാദിനെ കണ്ടപ്പൊഴാണ്... That was a stunning performance... ഒരു പഠിച്ച കള്ളന്റെ സകല ഭാവങ്ങളും അനായാസേന പ്രസാദിൽ മിന്നി മറഞ്ഞു... ഫഹദിനെ കുറിച്ച് ഇത്രയും പറഞ്ഞു പോയതിനു പിന്നിലെ പ്രചോദനം മറ്റൊന്നുമല്ല; ഇന്നലെ അയാളുടെ പുതിയ ചിത്രമായ കാർബൺ കണ്ടു: അപ്പോൾ മനസ്സിൽ തോന്നിയ ഒരു ചോദ്യമുണ്ട്:ഇയാളെന്താ ഇങ്ങനെ?? Absolutely Brilliant.... കാടിന്റെ നടുവിലൂടെ നടന്നു വരവേ ഒരു കായ പറിച്ചു കഴിക്കുമ്പോൾ ഫഹദറിയുന്ന പുളിപ്പ് ആ ഒരു എക്പ്രഷനിലൂടെ പ്രേക്ഷകനറിയും... ഫഹദിന്റെ ഓരോ സിനിമകളും ഓരോ വാഗ്ദാനങ്ങളാണ്:ഇതു വരെ കണ്ടതിലും മികച്ചത് നൽകിയിരിക്കും എന്ന വാഗ്ദാനം..ഇനി വരാനുള്ളത് അൻവർ റഷീദിന്റെ 'ട്രാൻസ്' ആണ്... പ്രതീക്ഷ വാനോളമാണ്...കാത്തിരിപ്പ് ആരംഭിച്ചു കഴിഞ്ഞു... Credits: Mahesh Gopal
ബെസ്റ്റ് ആക്ടർ ഇൻ എ ലീഡ് റോൾ: ഫഹദ് ഫാസിൽ ________________________________________________ ഏഴുവർഷം നീണ്ട വലിയ ഇടവേളയ്ക്കുശേഷം ചുരുങ്ങിയകാലംകൊണ്ട് മലയാളത്തിലെ എണ്ണംപറഞ്ഞ നായകനടൻമാരിലൊരാളായി, തന്‍റെ സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്വീകാര്യനായ, കഴിഞ്ഞ വർഷം കള്ളൻ പ്രസാദായി സിനിമയിലുടനീളം നിറഞ്ഞാടിയ ഫഹദ് ഫാസിലാണ് ഈ വർഷത്തെ സിപിസി സിനി അവാർഡ്സ് "ബെസ്റ്റ് ആക്റ്റർ ഇൻ ലീഡ് റോൾ" അവാർഡിന് അർഹനായിരിക്കുന്നത്. ഓഡിയൻസ് പോളിലും, ജൂറി മാർക്കിലും മറ്റ് മത്സരാർത്ഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയ ഫഹദിനോട് മത്സരിക്കാൻ ഈ വിഭാഗത്തിൽ, വർണ്ണ്യത്തിലാശങ്കയിലെയും, തൊണ്ടിമുതലിലെയും സുരാജിന്റേതടക്കമുള്ള മികച്ച പ്രകടനങ്ങളുണ്ടായിട്ടും, അതൊന്നും കള്ളൻ പ്രസാദിന് മുന്നിൽ വെല്ലുവിളിയുയർത്താനായില്ല എന്നത് ആ കഥാപാത്രത്തിന്റെ ജനസമ്മതിയും മികവും വെളിവാക്കുന്നതാണ്. ജൂറി നിരീക്ഷണങ്ങൾ: _____________________ ഫഹദിന്‍റെ പ്രസാദായുള്ള പെര്‍ഫോര്‍മന്‍സിന് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ അപ്രസക്തമാണെന്ന് തോന്നിയതായി നിരീക്ഷിച്ച ജൂറിയംഗങ്ങൾക്ക്, ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമായാണ് പ്രസാദിനെ അനുഭവപ്പെട്ടത്. പോലീസുകാരോ, കള്ളനല്ലാത്ത പ്രസാദോ എന്തെങ്കിലും ചോദിച്ചാൽമാത്രം വ്യാഖ്യാനം സാധ്യമാകുന്ന, പറയുന്ന ഉത്തരം കള്ളമാണോ സത്യമാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പിടികിട്ടുക എളുപ്പമല്ലാത്ത കഥാപാത്രമായ കള്ളൻ പ്രസാദിന്റെ സത്യസന്ധത ഫഹദ് അണ്ടര്‍ പ്ലേ സ്വഭാവത്തില്‍ അതിഗംഭീരമായി അനുഭവവേദ്യമാക്കിയതായി ജൂറി നിരീക്ഷിക്കുന്നു. സമ്മര്‍ദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെ എടുത്തെറിഞ്ഞ് കണ്ണുകളാല്‍ ചിരിക്കുന്ന രംഗം/ ശ്രീജയുടെ വൈകാരികപ്രതികരണത്തോടുള്ള റിയാക്ഷന്‍/ സ്‌റ്റേഷനില്‍ മൂന്നാം മുറയ്ക്ക് ശേഷമുള്ള പ്രതികരണം, ഇവയൊക്കെ ജൂറി എടുത്തുപറഞ്ഞ രംഗങ്ങളാണ്. ബസ്സില്‍ നിന്നുള്ള ആദ്യരംഗത്തില്‍ കണ്ണുകളിലൂടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന, സംഭാഷണങ്ങളെക്കാള്‍ കഥാപാത്രത്തിന്റെ പെര്‍ഫോര്‍മന്‍സില്‍ നിന്ന് എസ്റ്റാബ്ലിഷ് ചെയ്ത കള്ളൻ പ്രസാദെന്ന കഥാപാത്രത്തെ ഫഹദ് ഗംഭീരമായി തന്നെ ഡെലിവർ ചെയ്തതായി ജൂറി അഭിപ്രായപ്പെട്ടു. അതോടൊപ്പം ഇത്ര അൺറിലയബിളായ കഥാപാത്രം ഓരോരുത്തരുടെ മുമ്പിലും, ഓരോ അവസ്ഥയിലും പ്രത്യേക ബോഡി ലാംഗ്വേജ് കാത്ത് സൂക്ഷിക്കുന്നതും, വളരെയേറെ സട്ടിലായി തന്‍റെ ഭൂതകാലത്തേക്കുള്ള ക്ലൂസ് തരുന്നതും, സിനിമയുടെ ജീവനായ കഥാപാത്രത്തിന്റെ മിസ്റ്ററി മനോഹരമായി കൈകാര്യം ചെയ്യുന്നതും, ജൂറിയംഗങ്ങൾക്കിടയിൽ പ്രശംസിക്കപ്പെട്ടു. ഫ്ലാഷ്ബാക്ക് സൂചനകൾ, മർദ്ദിക്കപ്പെടുമ്പോഴുള്ള റിയാക്ഷൻസ്, ഇടയ്ക്ക് കയറിവരുന്ന കൂസലില്ലായ്മ, നിഷ്കളങ്കൻ എന്ന് തോന്നിപ്പിക്കാൻ ബോധപൂർവ്വമുള്ള ശ്രമങ്ങൾ.. അങ്ങനെ സൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് ഫഹദ് ആ കഥാപാത്രത്തെ ആഴത്തിൽ പതിപ്പിച്ചു വയ്ക്കുന്നുണ്ടെന്നതും ജൂറിയംഗങ്ങൾ അഭിപ്രായപ്പെട്ടു. മിസ്റ്റിക്ക് ഹ്യുമർ ടച്ചുള്ള കള്ളൻ, ഒരേ സമയം നിസ്സഹായനായി കാണപ്പെടുകയും, എന്നാൽ എന്തെങ്കിലും ഇപ്പോൾ ഒപ്പിക്കും എന്ന് തോന്നിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രേക്ഷകരെ ട്രിക്ക് ചെയ്യുന്ന ഒരു മോൾഡായി മാറുകയായിരുന്നു ഫഹദ് സ്ക്രീനിൽ. അതോടൊപ്പംതന്നെ മലയാളസിനിമാസ്വാദകരെ പൈഡ്പൈപ്പർ കൂട്ടി കൊണ്ടുപോകുന്നപോലെ കള്ളൻ പ്രസാദിന്റെ കൂടെ ഇറങ്ങി പോവാൻ തോന്നുന്ന പ്രകടനമാണ് ഫഹദ് കാഴ്ച്ചവെച്ചതെന്നും ജൂറി അഭിപ്രായപ്പെട്ടു. ഫഹദിനൊപ്പംതന്നെ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലൂടെ തന്നിലെ നടനെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ആസിഫ് അലിയെയും, മായാനദിയിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടോവിനോ തോമസിനെയും, മിമിക്രിവേദികളുടെ ഹാങ്ങോവറില്ലാതെ ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടിനെയും ജൂറി പ്രശംസിച്ചു. കള്ളൻ പ്രസാദെന്ന നിഗൂഢത നിറഞ്ഞ, നോട്ടങ്ങള്‍കൊണ്ട് സംസാരിക്കുന്ന, കൗശലക്കാരനായ കഥാപാത്രത്തെ സ്ക്രീനിൽ ഗംഭീരമായി അഭിനയിച്ച് ഫലിപ്പിച്ച ഫഹദ് ഫാസിലാണ് ഈ വർഷത്തെ മികച്ച നടനുള്ള സിപിസി പുരസ്കാരം നേടിയിരിക്കുന്നത്