"വീണ്ടും ദിലീഷിനൊപ്പം, ഇത്തവണ ഞാൻ എഎസ്ഐ ചന്ദ്രൻ..! ' “ ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും അതിന്*റേതായ പ്രാധാന്യമുണ്ട്. സ്ഥിരം കാണുന്ന ഒരു കഥപറച്ചിൽ അല്ല ഇതിൽ സംഭവിക്കുന്നത്. അതു വളരെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഈ സിനിമ പുതിയ ഒരനുഭവമായിരിക്കും. ഒരു ചെറിയ സംഭവത്തിൽ നിന്നു തുടങ്ങുന്ന കഥ വികസിക്കുന്നത് എങ്ങനെയാണെന്നുള്ളത് വളരെ രസകരമായാണു സിനിമ പറഞ്ഞുപോകുന്നത്. അതു പ്രേക്ഷകന് അനുഭവിക്കാനാവും. അത് അദ്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയായിരിക്കും എന്നാണ് എന്*റെ വിശ്വാസം ... ” ദീലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ എഎസ്ഐ ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലൻസിയർ സംസാരിക്കുന്നു.. തൊണ്ടിമുതലും ദൃക്സാക്ഷിയും - പ്രമേയം, കഥാപാത്രം...* എഎസ്ഐ ചന്ദ്രൻ എന്നാണ് എന്*റെ കഥാപാത്രത്തിന്*റെ പേര്. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണു ചെയ്യുന്നത്. കാസർഗോഡ് പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു സംഭവമാണു സിനിമ പറയുന്നത്. നിയമം നടപ്പാക്കേണ്ട പോലീസുകാരും വാദിയും പ്രതിയുമൊക്കെ നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങളും അതിലെ കുരുക്കുകളും നിഗൂഢതകളുമൊക്കെയാണ് ആ സിനിമ. അതിനെ വളരെ രസകരമായി, വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ്. നിയമവും വാദിയും പ്രതിയുമൊക്കെത്തന്നെയാണ് ഇതിനകത്തുവരുന്ന കഥാപാത്രങ്ങൾ. കഥപറച്ചിലിനു ഞാനില്ല. കാണേണ്ടതാണു സിനിമ. മറ്റു കഥാപാത്രങ്ങളും അഭിനേതാക്കളും... ഫഹദും സുരാജും നിമിഷ സജയൻ എന്ന പുതുമുഖവുമാണു മുഖ്യവേഷങ്ങളിൽ. പോലീസ് സ്റ്റേഷനിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം ഡിപ്പാർട്ട്മെന്*റിൽ നിന്നുള്ള ഒറിജിനൽ പോലീസുകാർ തന്നെയാണ്. അവരെയൊക്കെ സ്ക്രീനിംഗ് നടത്തിയാണ് ഈ സിനിമയിലേക്ക് ദിലീഷ് തെരഞ്ഞെടുത്തത്. അവരുടെയൊക്കെ പെർഫോമൻസ് പലപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. അത്രയ്ക്കു അനായാസമായാണ് അവരൊക്കെ അവരുടെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്. ബേബിച്ചായനിൽ നിന്ന് എഎസ്ഐ ചന്ദ്രനിലെത്തുന്പോൾ... ദിലീഷിന്*റെ ആദ്യചിത്രം മഹേഷിന്*റെ പ്രതികാരത്തിൽ ബേബിച്ചായൻ. ഇതിൽ എഎസ്ഐ ചന്ദ്രൻ. രണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. പക്ഷേ, അതിന്*റെ പെർഫോമൻസിൽ എങ്ങനെ വന്നിട്ടുണ്ടെന്നു വിലയിരുത്തേണ്ടതു പ്രേക്ഷകരാണ്. ഞാൻ ഒരു നടനെന്നുള്ള എന്*റെ കഴിവനുസരിച്ചു വളരെ വ്യത്യസ്തമായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യമായിട്ടാണോ പോലീസ് വേഷം...? ഇതിനുമുന്പും പോലീസ് വേഷം ചെയ്തിട്ടുണ്ട്. രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലൊക്കെ. സിനിമയിൽ കണ്ടുശീലിച്ച പോലീസല്ല, നമ്മൾ ജീവിതത്തിൽ കണ്ടുശീലിച്ച പോലീസാണ് ഇതിൽ. ഈ സിനിമയുടെ കുറച്ചുഭാഗം ചേർത്തലയിലാണു ചിത്രീകരിച്ചത്. ഞങ്ങളുടെയൊക്കെ സീനുകളെടുത്തതു കാസർഗോട്ട് ആയിരുന്നു. അവിടെ പോലീസ് സ്റ്റേഷൻ സെറ്റിടുകയായിരുന്നു. പക്ഷേ, അവിടെ പാറാവു നിൽക്കുന്നവരും വനിതാപോലീസുകാരുമുൾപ്പെടെ എല്ലാവരും ഒറിജിനൽ പോലീസുകാർ തന്നെയാണ്. മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കണം ഇത്രയേറെ പോലീസുകാർ ഒന്നിച്ച് ഒരു സിനിമയിൽ പോലീസുകാരാ യിത്തന്നെ അഭിനയിക്കാൻ വരുന്നത്. ദിലീഷ് പോത്തനുമായി ചേർന്നു സിനിമ ചെയ്യുന്പോൾ... വളരെ കംഫർട്ടാണ്. ഒരു ആക്ടറെ എങ്ങനെ മേക്ക് ചെയ്യാം എന്നതിനെക്കുറിച്ചു വളരെ ബോധ്യമുള്ള ഒരു സംവിധായകനാണ്. ഒട്ടും ടെൻഷൻ തരാതെ ആക്ടേഴ്സിനെ വർക്ക് ചെയ്യിപ്പിക്കുന്ന ഒരാളാണ്. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലേക്കു നമ്മളെ കൈപിടിച്ചു കൊണ്ടുപോകും. നമ്മൾ കൂടെ നടന്നാൽമതി. അത്രേയുള്ളൂ. അങ്ങനെയാണു ദിലീഷിന്*റെ രീതി. ഷൂട്ടിംഗ് അനുഭവങ്ങൾ... മഹേഷിന്*റെ പ്രതികാരത്തിൽ വർക്ക് ചെയ്തതുപോലെ ആയിരുന്നില്ല ഇതിൽ വർക്ക് ചെയ്തത്. ഉച്ചവരെ സീനുകൾ റിഹേഴ്സൽ ചെയ്തിരുന്നു. ചിലപ്പോൾ അടുത്ത ദിവസമാകും അതിന്*റെ ഷൂട്ട് വരിക. അതിനാൽ ഒട്ടും ടെൻഷൻ തോന്നിയില്ല. ആർക്കും അഭിനയിക്കുന്നതായും തോന്നിയില്ല. അപ്പോഴേക്കും കാരക്ടറിനുള്ളിലേക്ക് നമ്മൾ അറിയാതെ തന്നെ ഇറങ്ങിയിട്ടുണ്ടാവും. വെറുതേ ഡയലോഗ് പറയുന്ന തരത്തിലല്ല. കഥാപാത്രത്തിന്*റെ ഉള്ളറിഞ്ഞ് അഭിനയിക്കുന്ന രീതിയായിരുന്നു അത്. അതുകൊണ്ടുതന്നെയായിരിക്കാം ആദ്യമായി അഭിനയിച്ചവർക്കും ഇത്ര ഈസിയായി അവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കാനായത്. സിങ്ക്സൗണ്ടിൽ വർക്ക് ചെയ്യുന്പോൾ.... ഈ സിനിമയിൽ സിങ്ക്സൗണ്ടിലാണു ചെയ്തത്. രക്ഷാധികാരി ബൈജു, കന്യകാ ടാക്കീസ്, അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം..തുടങ്ങിയവയും സിങ്ക്സൗണ്ടായിരുന്നു. സിങ്ക്സൗണ്ടിൽ ഞാൻ ഒരുപാടു ചെയ്തിട്ടുണ്ട്. ഒരു ആക്ടറുടെ ബ്രീത്തിനുപോലും വളരെ പ്രാധാന്യമുള്ള ചില നിമിഷങ്ങളുണ്ടാവും. അതു കൃത്യമായി കിട്ടുന്നതു സിങ്ക്സൗണ്ടിലാണ്. രണ്ടാമതു സ്റ്റുഡിയോയിൽ പോയിനിന്നു ഡബ്ബ് ചെയ്യുന്പോൾ സ്റ്റുഡിയോയുടെ നാലു ചുവരുകളുടെ കൃത്രിമത്വവും മൈക്കുമൊക്കെ ഉണ്ടാവും. സിങ്ക് സൗണ്ടിൽ മൈക്ക് ഉപയോഗിക്കുന്നുവെങ്കിൽപോലും അതു നമ്മളൊടൊപ്പം, നമ്മുടെ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്നതാണ്. അഭിനയത്തിന്*റെ ഒരു ഫ്രഷ്നസ് ആ ശബ്ദത്തോടൊപ്പം കിട്ടുന്പോൾ മാത്രമേ അതു പൂർണമാകൂ എന്നു ഞാൻ വിചാരിക്കുന്നു. സിങ്ക്സൗണ്ട് അതിനു സഹായിക്കും. ഡബ്ബിംഗിനു കുറച്ചു കൃത്രിമത്വമുണ്ട്. പക്ഷേ, അതും ഒരു രീതിയാണ്. എനിക്കു കംഫർട്ടായി തോന്നിയിട്ടുള്ളതു സിങ്ക്സൗണ്ടാണ്. പുതിയ നായിക നിമിഷ സജയനെക്കുറിച്ച്... നിമിഷ വളരെ ബ്രില്യന്*റായ ഒരു ആക്*ട്രസാണ്. ആദ്യത്തെ സിനിമയിൽത്തന്നെ നിമിഷ അതു തെളിയിച്ചു. ഞാൻ ഈ സിനിമ മുഴുവൻ കണ്ടിരുന്നു. മലയാളസിനിമ വളരെ അദ്ഭുതത്തോടെയായിരിക്കും നിമിഷയുടെ പെർഫോമൻസ് കാണുക എന്നാണ് എനിക്കു തോന്നുന്നത്. വണ്ടർഫുൾ ആക്ടറാണു നിമിഷ. മലയാളസിനിമയിൽ നിമിഷയ്ക്കു നല്ല സ്ഥാനം ലഭിക്കുമെന്നാണ് എന്*റെ വിശ്വാസം. ഫഹദ് ഫാസിലിനൊപ്പം... ഞാൻ കൂടുതൽ സിനിമകളിലും ഫഹദിനൊപ്പമാണു വർക്ക് ചെയ്തിട്ടുള്ളത്. ഫഹദിനു ഞാൻ പ്രത്യേക അഭിനന്ദനവും ഫഹദിന്*റെ പ്രകടനത്തെക്കുറിച്ചു പ്രത്യേകമായും ഒന്നുംതന്നെ പറയേണ്ടതില്ലല്ലോ. അതു നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണോ...*? കഥയ്ക്കനുസരിച്ചുള്ള പാട്ടുകളാണ്. പാട്ടിനു വേണ്ടിയുള്ള പാട്ടുകളല്ല. കഥാസന്ദർഭത്തിനനുസരിച്ചു കഥാഗതിയെ മുന്നോട്ടുനയിക്കുന്ന രീതിയിലാണ് ഇതിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഹേഷിന്*റെ പ്രതികാരത്തിലും അത് അങ്ങനെതന്നെയായിരുന്നു. മഹേഷിന്*റെ പ്രതികാരവുമായി ഈ സിനിമയെ താരതമ്യപ്പെടുത്തുന്നതിനു പ്രസക്തിയുണ്ടോ...*? അങ്ങനെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. രണ്ടും രണ്ടു രീതിയിലാണ്. രണ്ടും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയാണു സംവിധായകന്*റെ മിടുക്കെന്നു പറയുന്നത്. രണ്ടുപടങ്ങളും ഒരുപോലെയാണെങ്കിൽ രണ്ടാമത്തെ പടം ചെയ്യേണ്ട കാര്യമില്ലല്ലോ. സുരാജ് വെഞ്ഞാറമൂടുമായി ആദ്യമായാണോ ഒന്നിച്ച് അഭിനയിച്ചത്...? സുരാജ് വെഞ്ഞാറമൂടുമായി മുന്പ് ഒരു പടത്തിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. പക്ഷേ, ആ പടം പുറത്തുവന്നിട്ടില്ല. പിന്നെ സുരാജിനൊപ്പം വർക്ക് ചെയ്തത് ഈ പടത്തിലാണ്. കമ്മട്ടിപ്പാടത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു സീനിൽ വന്നുപോകുന്നതേയുള്ളൂ. ആദ്യാവസാനം സുരാജിനൊപ്പം അഭിനയിക്കുന്ന സിനിമ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ്. വളരെ ഫ്രണ്ട്*ലിയായിരുന്നു സുരാജ്. ഭരത് അവാർഡ് വാങ്ങിച്ചതാണെന്ന ഭാവമൊന്നും ഇല്ലാതെയാണു സുരാജ് ഞങ്ങൾക്കൊപ്പം വർക്ക് ചെയ്തത്. ഞങ്ങളുടെ കൂട്ടത്തിൽ രാജീവ് രവിയുണ്ടായിരുന്നു. പിന്നെ ശ്യാം പുഷ്കരനും. ശ്യാം പുഷ്കരനായിരുന്നു ക്രിയേറ്റീവ് ഡയറക്ടറുടെ പോസ്റ്റിൽ. ഇവരുടെയൊക്കെ സാന്നിധ്യം ഈ സിനിമയ്ക്ക് ഒരുപാടു ഗുണംചെയ്തിട്ടുണ്ട്. ഈ സിനിമയെ ആകർഷകമാക്കുന്നത്... ഈ സിനിമയുടെ വ്യത്യസ്തമായ അവതരണരീതി തന്നെയായിരിക്കും. പെർഫോമൻസിലായാലും കഥ പറയുന്ന രീതിയിലായാലും ആക്ടേഴ്സിന്*റെ തെരഞ്ഞെടുപ്പിലായാലും അതുണ്ട്. തീരെ ചെറിയ കാര്യത്തെപ്പോലും വളരെ ഡീറ്റയിൽഡ് ആയി വ്യക്തമാക്കുന്ന തരത്തിലാണ് ദിലീഷിന്*റെ അവതരണം. നമ്മൾ ജീവിതത്തിൽ ശ്രദ്ധിക്കാതെപോകുന്ന പല കാര്യങ്ങളും ഈ സിനിമയിലുണ്ട്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മറ്റു സിനിമകൾ... അനൂപ് മേനോൻ നായകനായ സർവോപരി പാലാക്കാരനാണ് ഇനി വരുന്ന പടം. അതു ജൂലൈ റിലീസാണ്. അനൂപ് മേനോന്*റെ അച്ഛനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഹ്യൂമറിനു പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. ഹദിയ എന്ന പടം റിലീസിനൊരുങ്ങുന്നു. ബി. അജിത്കുമാറിന്*റെ ഈട എന്ന പടമാണ് മറ്റൊന്ന്. അതിലും നിമിഷയാണു നായിക. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന, തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഒരു പടം. അതിന്*റെ ഷൂട്ടിംഗ് കോഴിക്കോട്ടു കഴിഞ്ഞു. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് ലാൽ ജോസിന്*റെ വെളിപാടിന്*റെ പുസ്തകവും പൃഥ്വിരാജ് നായകനാകുന്ന വിമാനവുമാണ്. ആഭാസം എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ, ഇന്ദ്രൻസ് ചേട്ടൻ, അഭിജ, അനിൽ നെടുമങ്ങാട് തുടങ്ങി കുറേപ്പേരുണ്ട് അതിൽ. ഒരു ബസിൽ നടക്കുന്ന സംഭവങ്ങളാണ് ആഭാസം പറയുന്നത്. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മൂന്നു സിനിമകളും എന്നെ സംബന്ധിച്ചിടത്തോളവും ഈ സിനിമകളുടെ സംഘാടകരെ സംബന്ധിച്ചിടത്തോളവും വളരെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. മഞ്ജുവാര്യർക്കൊപ്പം വീണ്ടും... മഞ്ജുവാര്യർക്കൊപ്പം ഞാനൊരു ഗസ്റ്റ് റോൾ ചെയ്തു. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ. ദയ കഴിഞ്ഞു 19 വർഷത്തിനുശേഷമാണ് മഞ്ജുവിനൊപ്പം വീണ്ടും അഭിനയിക്കാനായത്. മഞ്ജുവിനൊപ്പമാണ് എന്നതുകൊണ്ടു മാത്രമാണ് ഞാൻ ആ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത്. മഞ്ജുവിനൊപ്പമാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അതിലെ ഒറ്റസീൻ വേഷത്തിൽ അഭിനയിക്കാൻ തയാറായത്. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന നടിമാരിൽ ഒരാളാണു മഞ്ജുവാര്യർ. അവർക്കൊപ്പം അഭിനയിക്കുക എന്നത് ഒരു നടനെന്ന രീതിയിൽ എനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. വീണ്ടും മഞ്ജുവിനൊപ്പം അഭിനയിക്കണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. സുജാതയുടെ സെറ്റിൽ ഞാൻ രണ്ടുദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദയയിലെ പഴയ രാജസ്ഥാൻ ഷൂട്ട് അനുഭവങ്ങളൊക്കെ പങ്കുവച്ചു. ഞാൻ അഭിനയിച്ച മഹേഷിന്*റെ പ്രതികാരമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഞാനായിരുന്നു ദയയിൽ ആ വേഷം ചെയ്തതെന്ന് മഞ്ജുവിന് അറിയില്ലായിരുന്നു. ഞാൻ പറയുന്പോഴാണ് മഞ്ജു അത് അറിഞ്ഞത്. http://www.deepika.com/cinema/StarChat.aspx?ID=356
നിമിഷയുടെ സ്വപ്നവും ദിലീഷിന്*റെ സെലക്*ഷനും..! “സിനിമ എന്*റെ ഡ്രീം ആയിരുന്നു. പക്ഷേ, ദിലീഷേട്ടനൊപ്പം ആദ്യ ചിത്രം ചെയ്യുക എന്നത് എനിക്കു സ്വപ്നം കാണാൻപോലും പറ്റാത്ത കാര്യമായിരുന്നു. ദിലീഷേട്ടൻ, ശ്യാംപുഷ്കർ ചേട്ടൻ, രാജീവ് രവി - ഒരു ക്വാളിറ്റി ടീം തന്നെ ആയിരുന്നു ആദ്യ സിനിമയിൽ... “ സജീവ് പാഴൂരിന്*റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ നായിക നിമിഷ സജയൻ സംസാരിക്കുന്നു... തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്കുള്ള വഴി... ജനിച്ചുവളർന്നതു മുംബൈയിൽ. സ്കൂൾപഠനം കാർമൽ കോണ്*വെന്*റ് ഹൈസ്കൂളിൽ. സ്കൂൾ ടൈമിൽ കൾച്ചറൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഡാൻസ്, സ്കിറ്റ്... എല്ലാത്തിലും ആക്ടീവായിരുന്നു. ഡാൻസ് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പക്ഷേ, കോളജിനെ പ്രതിനിധീകരിച്ചു മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബോളിവുഡ് സ്റ്റൈൽ...മാധുരി ദീക്ഷിത് സ്റ്റൈലാണു കൂടുതലും പെർഫോം ചെയ്തിട്ടുള്ളത്. ഡിഗ്രി മുംബൈ കെ.ജെ. സോമയ്യ കോളജിൽ- മാസ് കമ്യൂണിക്കേഷൻ. അപ്പോഴും സിനിമ തന്നെയായിരുന്നു ഡ്രീം. അങ്ങനെയാണു ഞാൻ കൊച്ചിയിൽ സെറ്റിലായത്. ആ ടൈമിൽ ഞാൻ മോഡലിംഗ് ചെയ്തിരുന്നു. കൊച്ചിയിൽ സിബി മലയിൽ സാറിന്*റെ നിയോ ഫിലിം സ്കൂളിൽ മൂന്നു മാസത്തെ സ്ക്രീൻ ആക്ടിംഗ് കോഴ്സിനു ചേർന്നു. സൈറാ ബാനു ഫിലിം സംവിധാനം ചെയ്ത ആന്*റണി സോണി നിയോയിൽ എന്*റെ സീനിയറായിരുന്നു. നിയോ ഫിലിം സ്കൂളിൽ ഞങ്ങൾക്ക് ആക്ടിവിറ്റിയായി ഷോർട്ട് ഫിലിംസ് നല്കിയിരുന്നു. ഞങ്ങൾക്ക് അതൊരു എക്സർസൈസായിരുന്നു. അവിടത്തെ കോഴ്സിനിടെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ കാസ്റ്റിംഗ് കോൾ കണ്ടത്. മുൻപു തന്നെ ഞാൻ ദിലീഷേട്ടനെ ഫേസ്ബുക്കിൽ ഫോളോ ചെയ്തിരുന്നു. അങ്ങനെ ദിലീഷേട്ടൻ പോസ്റ്റ് ചെയ്ത കാസ്റ്റിംഗ് കോൾ പോസ്റ്റ് കണ്ടു. അങ്ങനെയാണു ഞാൻ ഓഡിഷനു പോയത്. ഓഡിഷൻ അനുഭവങ്ങൾ... മൂന്നുറൗണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. ചെറിയ സീനുകൾ തന്നിട്ടു ചെയ്തുകാണിക്കാൻ പറഞ്ഞു. അതെല്ലാം പെർഫോം ചെയ്തു. പെർഫോമൻസ് കണ്ടിട്ടു ദിലീഷേട്ടൻ ഹാപ്പി ആയിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. ആദ്യത്തെ ഓഡിഷൻ കഴിഞ്ഞപ്പോൾ എനിക്കു കണ്*ഫർമേഷൻ തന്നിട്ടില്ലായിരുന്നു. ആദ്യറൗണ്ട് ഓഡിഷനിൽ കുറേപ്പേർ ഉണ്ടായിരുന്നു. പിന്നീട് സെക്കൻഡ് റൗണ്ടിനു വേണ്ടി എന്നെ വിളിച്ചു. മൂന്നാമത്തെ റൗണ്ടിലാണ് എനിക്കു കണ്*ഫർമേഷൻ തന്നത്. മലയാളം എങ്ങനെ പഠിച്ചെടുത്തു..? മലയാളം ഒട്ടും ഫ്ളുവന്*റ് അല്ലായിരുന്നു. മലയാളം സംസാരിക്കുമ്പോൾ ഇംഗ്ലീഷ് ടച്ച് ഉണ്ടായിരുന്നു. അതെല്ലാം മാറ്റിയെടുത്തത് ദിലീഷേട്ടന്*റെ സെറ്റിൽ പോയിക്കഴിഞ്ഞാണ്. മലയാളം സിനിമകൾ കാണാറുണ്ടായിരുന്നോ... മഹേഷിന്*റെ പ്രതികാരം കണ്ടിരുന്നോ.*? മുംബൈയിലുള്ളപ്പോൾ മലയാളം സിനിമകൾ കാണാറുണ്ടായിരുന്നു. മഹേഷിന്*റെ പ്രതികാരം റിലീസ് ടൈമിൽ ഞാൻ ഇവിടെയുണ്ടായിരുന്നു, എറണാകുളത്ത്. ഞാനും എന്*റെ കസിൻസും കൂടി തിയറ്ററിൽ പോയാണു സിനിമ കണ്ടത്. അന്നുമുതൽ തന്നെ ദിലീഷ് പോത്തൻ എന്ന സംവിധായകൻ മനസിലുണ്ടായിരുന്നു. ദിലീഷേട്ടന്*റെ ചിത്രത്തിന്*റെ ഓഡിഷന് എപ്പോഴെങ്കിലും വിളിച്ചാൽ പോകണമെന്ന് അന്ന് ചേച്ചി എന്നോടു പറഞ്ഞിരുന്നു. ആദ്യസിനിമയിൽത്തന്നെ ന്യൂ ഫേസ് കൊണ്ടുവന്നയാളാണല്ലോ അദ്ദേഹം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്.. എന്*റെ കഥാപാത്രത്തിന്*റെ പേര് ശ്രീജ. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന കുട്ടിയാണു ശ്രീജ. ചേർത്തലയിലാണു ശ്രീജ താമസിക്കുന്നത്. അവിടെ കുറച്ചു പ്രശ്നങ്ങളൊക്കെയായി ശ്രീജ പിന്നീട് കാസർഗോട്ടേക്കു താമസം മാറുന്നു. അവിടെയും ഒരു പ്രശ്നത്തിൽപ്പെട്ട് അവളുടെ ജീവിതം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു ചുറ്റിത്തിരിയുന്നതാണ് കഥയുടെ ത്രഡ്. ചില സസ്പെൻസുകൾ ഉള്ള ചിത്രമാണിത്. അതു സിനിമ കണ്ടുതന്നെ അറിയണം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെക്കുറിച്ച്... ഇതൊരു ഫാമിലി എന്*റർടെയ്നറാണ്. അതിന്*റെ ഒരു ഫ്ളോയിൽ നമ്മൾ അതു കണ്ടിരിക്കും. കാരണം, ദിലിഷേട്ടന്*റെ മേക്കിംഗ് റിയലിസ്റ്റിക്കാണ്. റിയലിസ്റ്റിക് രീതിയിൽ ഈ ചിത്രം വേറെ ഒരു ലെവൽ തന്നെയാണ്. ചെറിയ ചെറിയ ഡീറ്റയിലിംഗിൽ ഏറെ ശ്രദ്ധിക്കുന്നയാളാണു ദിലീഷേട്ടൻ. ആർട്ടിസ്റ്റായി മുന്നിൽ നിൽക്കുന്പോൾ അദ്ദേഹം പറഞ്ഞുതരുന്പോഴാണ് അതു നമുക്കു മനസിലാകുന്നത്. ദിലീഷേട്ടന്*റെ അത്തരം ഒരു ഹാർഡ് വർക്ക് ഈ ചിത്രത്തിലുമുണ്ട്. പടം കാണുന്പോൾ അതു മനസിലാവും. നിമിഷ ശ്രീജയാകുന്പോൾ ലുക്കിലും അപ്പിയറൻസിലും വലിയ മാറ്റം... അതു ദീലീഷേട്ടന്*റെ കഴിവാണ്. എന്നെ മൊത്തത്തിൽ മാറ്റിയെടുത്തു. ഒരു ട്രാൻസ്ഫർമേഷൻ കൊണ്ടുവന്നതു ദീലീഷേട്ടനാണ്. കാരണം, ദീലീഷേട്ടനറിയാം ശ്രീജ എന്ന കാരക്ടർ എന്താണെന്നും ആ കാരക്ടറിന് എന്താണു വേണ്ടതെന്നും. നിമിഷയും ശ്രീജയും തമ്മിൽ കാരക്ടറിലും ഒരു സൗദൃശ്യവുമില്ല. അവർ തമ്മിൽ എല്ലാകാര്യങ്ങളിലും, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിൽ പോലും ഒരു പൊരുത്തവുമില്ല. എന്നെ നേരിട്ടു കണ്ടവർക്ക് ഓണ്* സ്ക്രീനിൽ എന്നെ കാണുന്പോൾ അതു മനസിലാകും. മഹേഷിന്*റെ പ്രതികാരവുമായി ഈ സിനിമയെ താരതമ്യപ്പെടുത്തിയാൽ... ദിലീഷേട്ടന്*റെ സിനിമകളെ എനിക്കു താരതമ്യപ്പെടുത്താനാവില്ല. ഈ സിനിമയും ഒരു റിയലിസ്റ്റിക് സ്റ്റോറിയായിട്ടേ അനുഭവപ്പെടുകയുള്ളൂ. എങ്കിലും ഇതിൽ ചില വ്യത്യസ്തകൾ ഉണ്ടായിരിക്കും. ഈ സിനിമയിലെ ആദ്യ ഷോട്ടിനെക്കുറിച്ച്... എന്*റെ സിംഗിൾ ഷോട്ടായിരുന്നു ആദ്യമെടുത്തത്. വൈക്കം അന്പലത്തിൽ വച്ചായിരുന്നു അതു ചിത്രീകരിച്ചത്. അന്പലത്തിൽ നടന്നുവരുന്ന സീനായിരുന്നു. അത് ആദ്യ ടേക്കിൽ തന്നെ അവർ ഓകെ പറഞ്ഞു. രാജീവേട്ടനായിരുന്നു(രാജീവ് രവി) കാമറ. റിഹേഴ്സലായിട്ടൊന്നും എടുത്തിട്ടില്ലായിരുന്നു. പക്ഷേ, കാരക്ടറിനെക്കുറിച്ചു ഡീറ്റയിലായി ദിലീഷേട്ടൻ പറഞ്ഞിരുന്നു. ശ്രീജ എന്ന കാരക്ടറിനെക്കുറിച്ച് എനിക്ക് എല്ലാം വ്യക്തമായിരുന്നു. എനിക്കു മലയാളം വായിക്കാൻ അറിയില്ലാത്തതുകൊണ്ട് ദിലീഷേട്ടൻ തന്നെയാണ് എനിക്കു സ്ക്രിപ്റ്റ് പറഞ്ഞുപഠിപ്പിച്ചു തന്നിരുന്നത്. ഫഹദ് ഫാസിലിനൊപ്പം... ഫഹദ് ഫാസിലുമായി മുൻപരിചയമില്ല. ഷൂട്ട് ടൈമിലാണു നേരിൽ കണ്ടത്. ഏറെ പ്രഫഷണലാണു ഫഹദിക്ക. ഏറെ ഹെൽപ്ഫുൾ ആയിരുന്നു. ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞുതരുമായിരുന്നു. അത്തരം നിർദേശങ്ങളിലൂടെ സീനുകൾ ഇംപ്രോവൈസ് ചെയ്യാൻ സഹായിച്ചിരുന്നു. ഷൂട്ടിംഗ് അനുഭവങ്ങൾ.. സിനിമയുടെ ഫുൾടീമുമായും ക്രൂവുമായും ഏറെ കംഫർട്ടബിൾ ആയിരുന്നു. മൊത്തത്തിൽ ഷൂട്ട് വളരെ ലൈവ്*ലി ആയിരുന്നു. അവിടെ ഷൂട്ടാണു നടക്കുന്നതെന്ന് എനിക്കു തോന്നിയിട്ടേ ഇല്ലായിരുന്നു. കാരണം, എല്ലാവരും കളിച്ചുചിരിച്ചു ഹാപ്പി മൂഡിലാണു ഷൂട്ട് നടന്നത്. എല്ലാവരും തമ്മിൽ നല്ല രീതിയിലുള്ള ഇന്*ററാക്*ഷൻ നടന്നിട്ടുണ്ട്. ശ്യാം പുഷ്കർ ചേട്ടനും സെറ്റിൽ ഫുൾ ടൈം ഉണ്ടായിരുന്നു. ഈ സിനിമയുടെ ക്രിയേറ്റീവ് ഹെഡ് ആയിരുന്നു അദ്ദേഹം. സുരാജ് വെഞ്ഞാറമൂടിനൊപ്പം.. സുരാജേട്ടനും ഒരു പ്രധാന വേഷമാണു ചെയ്യുന്നത്. അദ്ദേഹത്തെ സെറ്റിൽ വച്ചാണു പരിചയപ്പെട്ടത്. സുരാജേട്ടൻ വളരെ ഫ്രണ്ട്*ലിയായിരുന്നു. അതിനാൽ എനിക്കു പേടിയൊന്നുമില്ലായിരുന്നു. എനിക്കു ഡയലോഗ്സ് തെറ്റുന്പോൾ സുരാജേട്ടൻ പറഞ്ഞുതരുമായിരുന്നു. എങ്ങനെയാണ് വാക്കുകൾ കൃത്യമായി ഉച്ചരിക്കേണ്ടത് എന്നതിനെക്കുറിച്ചും. ഏറെ സഹായിച്ചിട്ടുണ്ട് സുരാജേട്ടൻ. ഈ സിനിമയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്... അലൻസിയർ ചേട്ടൻ ഒരു പ്രധാന വേഷം ചെയ്യുന്നു. ലൈവാണ് അദ്ദേഹം. പെർഫോം ചെയ്യുന്പോൾ നമ്മൾ നോക്കിനിന്നുപോകും. പോലീസ് വേഷത്തിലാണ് അലൻസിയർ വരുന്നത്. പ്രകാശ് വെട്ടുക്കിളിയാണ് ശ്രീജയുടെ അച്ഛനായി അഭിനയിച്ചത്. 23 ഒറിജിനൽ പോലീസുകാരാണ് ചിത്രത്തിൽ പോലീസ് വേഷങ്ങളിൽ അഭിനയിച്ചത്. അവർക്കും ഓഡിഷൻ ഉണ്ടായിരുന്നു. അവർ ഏറെ സ്വാഭാവികമായാണു പെർഫോം ചെയ്തത്. അവരുടെ പെർഫോമൻസ് നമുക്ക് ഇഷ്ടപ്പെട്ടുപോകും. അങ്ങനത്തെ പെർഫോമൻസ് ആയിരുന്നു അവരുടേത്. അവർ സെറ്റിൽ വന്നപ്പോൾ എല്ലാവരുമായും നല്ല കന്പനിയായി. തങ്ങൾ പോലീസുകാരാണ് എന്ന വേർതിരിവൊന്നും ഉണ്ടായിരുന്നില്ല. എനിക്കൊപ്പം ഇരിക്കും, കഴിക്കും, ചിരിക്കും...അത്തരമൊരു അന്തരീക്ഷമായിരുന്നു സെറ്റിൽ. ദിലീഷ് പോത്തനൊപ്പമുള്ള അനുഭവങ്ങൾ... ദിലീഷേട്ടൻ പൂർണമായും എനിക്കു പോസിറ്റീവ് ആയിരുന്നു. കാരണം ഞാൻ പുതുമുഖമായിരുന്നു. എനിക്ക് ഒന്നുമറിയില്ലായിരുന്നു. പക്ഷേ, ദീലീഷേട്ടൻ എന്നെ ഏറെ കംഫർട്ടബിളാക്കി. എന്*റെ പെർഫോമൻസ് നല്ലതാണെന്നു പറഞ്ഞാൽ പോലും അതു ദിലീഷേട്ടന്*റെ കഴിവായിരിക്കും. ദിലീഷേട്ടൻ എന്*റെയടുത്തുവന്ന് എല്ലാ കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു. ആർട്ടിസ്റ്റുകളെ ദിലീഷേട്ടൻ ഏറെ കെയർ ചെയ്യും. അപ്പോൾ നമ്മൾ ഏറെ കംഫർട്ടബിളും ലൈവ്*ലിയും ആയിരിക്കും. തെറ്റിച്ചാലും ദിലീഷേട്ടനു പ്രശ്നമില്ല. ഇതുവരെ എന്നെ വഴക്കു പറഞ്ഞിട്ടില്ല. നീ കൂളായിരിക്കൂ, കൂളായി പെർഫോം ചെയ്യൂ എന്നാണു പറയാറുള്ളത്. ഏറെ കൂളായിരുന്നു ദിലീഷേട്ടൻ സെറ്റിൽ. അദ്ദേഹം സെറ്റിൽ ഉണ്ടെങ്കിൽത്തന്നെ മൊത്തത്തിൽ ഒരു പോസിറ്റിവിറ്റിയാണ് തോന്നുക. ഈ സിനിമയിലെ പാട്ടുകളെക്കുറിച്ച്... ബിജിബാൽ ചേട്ടനാണു പാട്ടുകൾ ചെയ്തിരിക്കുന്നത്. മഹേഷിന്*റെ പ്രതികാരത്തിലും അദ്ദേഹം തന്നെയാണു പാട്ടുകൾ ചെയ്തത്. ചിത്രത്തിലെ ഒരു പാട്ട് യൂട്യൂബിൽ വന്നിട്ടുണ്ട്. ഈ സിനിമയിലെ വെല്ലുവിളികൾ... ശ്രീജ എന്ന കാരക്ടർ തന്നെ എനിക്കു ചലഞ്ചായിരുന്നു. എന്*റെ ആദ്യ ചിത്രം, എനിക്ക് എന്നെത്തന്നെ പ്രൂവ് ചെയ്യാൻ കിട്ടിയ ഒരു അവസരം. എന്തായാലും അതെനിക്കു നന്നായി ചെയ്യണമെന്നുണ്ടായിരുന്നു. എന്*റെ 100 ശതമാനം പരിശ്രമം ആ കാരക്ടറിനു വേണ്ടി കൊടുത്തു. ഷൂട്ട് തീരാറായപ്പോഴേക്കും ശ്രീജ എന്ന കാരക്ടറുമായി നല്ല അടുപ്പമുണ്ടായി. പുതിയ സിനിമയിൽ പോയപ്പോൾ ഞാൻ പുതിയൊരു കാരക്ടറായി മാറുന്നതിനു നോക്കിയിട്ടുണ്ട്. അടുത്ത സിനിമ ഏതാണ്...*? കമ്മട്ടിപ്പാടത്തിന്*റെ എഡിറ്റർ ബി. അജിത്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. എന്*റെ രണ്ടാമത്തെ ചിത്രം സിനിമയുടെ പേര് ഈട. ഇവിടെ എന്ന് അർഥം. ഷെയ്ൻ നീഗമാണു നായകൻ. കോഴിക്കോടും മൈസൂരുവുമാണു ലൊക്കേഷനുകൾ. ആ സിനിമ ഏകദേശം കംപ്ലീറ്റായി. രാജീവ് രവിയാണു പ്രൊഡ്യൂസർ. തൊണ്ടിമുതലിലെ പെർഫോമൻസ് നോക്കിയിട്ടാണ് രാജീവ് ചേട്ടൻ ഇതിലേക്കു വിളിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും പാച്ച്*വർക്ക് പൂർത്തിയാക്കി നാലു ദിവസം കഴിഞ്ഞപ്പോൾ ഈ ചിത്രത്തിൽ ജോയ്ൻ ചെയ്തു. ഈ സിനിമയിലെ ലുക്കും സ്റ്റൈലുമൊക്കെ ശ്രീജയിൽ നിന്നും പൂർണമായും വേറിട്ടുനിൽക്കുന്നതാണ്. കുറേ ഓഫറുകൾ വരുന്നുണ്ട്. സെലക്ടീവായി ചെയ്യാനാണു തീരുമാനം. ഒരു നോർമൽ കോളജ് കുട്ടി എന്ന രീതിയിലുള്ള വേഷങ്ങൾക്കപ്പുറം പെർഫോം ചെയ്യാൻ പറ്റുന്ന കാരക്ടർ ആയിരിക്കണം. പെർഫോം ചെയ്യാൻ സ്കോപ്പുള്ള, സ്പേസുള്ള വേഷങ്ങൾ നോക്കി ചെയ്യും. വീട്ടുവിശേഷങ്ങൾ... പപ്പ സജയൻ എൻജിനിയറാണ്. ഫ്രീലാൻസായി മുംബൈയിൽ വർക്ക് ചെയ്യുന്നു. അമ്മ ബിന്ദു. ഒരു സഹോദരിയുണ്ട്. കൊച്ചിയിൽ വർക്ക് ചെയ്യുന്നു. ഇപ്പോൾ ഞാൻ കൊച്ചിയിലാണു താമസം. പപ്പയുടെ ഫാമിലി ഇവിടെയാണ്. മമ്മി, പപ്പ, ചേച്ചി, കസിൻസ്, ആന്*റി എല്ലാവരും ഏറെ സപ്പോർട്ടീവാണ്. സിനിമയിൽ വേഷം കിട്ടിയതോടെ എല്ലാവരും ഹാപ്പിയാണ്. പക്ഷേ, സിനിമാനടിയെന്ന ഒരു പ്രാധാന്യമൊന്നും അവർ എനിക്കു തരുന്നില്ല. കുട്ടിക്കാലം മുതൽ അവർ എന്നെ കാണുന്നതല്ലേ. അവർക്ക് ഇതു നോർമൽ കാര്യം മാത്രമാണ്. പക്ഷേ, എല്ലാവരും ഹാപ്പിയാണ്. http://www.deepika.com/cinema/StarChat.aspx?ID=355