ഷാജി കൈലാസ് -മോഹന്‍ലാല്‍ ചിത്രം തുടങ്ങി. മോഹന്‍ലാല്‍ ഒക്ടോബര്‍ 5 ന് ജോയിന്‍ ചെയ്യും ആശിര്‍വാദ് സിനിമകളുടെ പൂജകളൊന്നും അതിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കാതെ ഇന്നോളം നടന്നിട്ടില്ല. ആ പതിവ് ഇന്ന് തെറ്റി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെയായിരുന്നു. ഏലൂരുള്ള വി.വി.എം. സ്റ്റുഡിയോ ഫ്‌ളോറിലായിരുന്നു പൂജ. ഷാജി കൈലാസും ആന്റണി പെരുമ്പാവൂരും ഭദ്രദീപം കൊളുത്തി പൂജാച്ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. തൊട്ടുപിന്നാലെ ഷൂട്ടിംഗും നടന്നു. നേരത്തെ ഈ പ്രോജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നെങ്കിലും ഷൂട്ടിംഗ് തുടങ്ങാനുള്ള തീരുമാനം പെട്ടെന്നുണ്ടായതാണ്. ഇന്ന് ഹര്‍ത്താല്‍ ദിനമായതിനാല്‍ റോഡിലൂടെയുള്ള ഷൂട്ടിംഗ് ബുദ്ധിമുട്ടില്ലാതെ നടക്കുമെന്നുള്ളതുകൊണ്ടാണ് ചിത്രീകരണം ഇന്ന് തന്നെ പ്ലാന്‍ ചെയ്തത്. പാസ്സിംഗ് ഷോട്ടുകളാണ് എടുത്തുകൊണ്ടിരിക്കുന്നത്. കണ്ടൈനര്‍ റോഡ്, നാഷണല്‍ ഹൈവേ, വൈറ്റില ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രീകരണം നടന്നു. ഇടയ്ക്കിടെ എത്തുന്ന മഴ ഷൂട്ടിംഗിനെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ന് തന്നെ റോഡിന്റെ പോര്‍ഷനുകള്‍ പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ ഷാജികൈലാസ് പറഞ്ഞു. ട്വല്‍ത്ത് മാന്റെ ചിത്രീകരണം ഒക്ടോബര്‍ 3 ന് പൂര്‍ത്തിയാകും. 5 ന് ലാല്‍ ഷാജികൈലാസിനോടൊപ്പം ചേരും. പൂര്‍ണ്ണമായും ഇതൊരു മോഹന്‍ലാല്‍ ചിത്രമാണ്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. താരനിരക്കാര്‍ ഏറെയും പുതുമുഖങ്ങളാണ്. നായികയെ തീരുമാനിച്ചിട്ടില്ല. 22 ദിവസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാജേഷ് ജയറാമാണ് തിരക്കഥാകൃത്ത്. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രാഹകനും സന്തോഷ് രാമന്‍ കലാസംവിധായകനുമാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി ജോസഫാണ്.