ഞാനും അവനും .......................... "ടീ.." അവന്റെ ശബ്ദം കേട്ടിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല. ഞാൻ ഇത്തിരി ദേഷ്യത്തിലാ. എന്നെ വേദനിപ്പിച്ചില്ലേ. ഞാൻ മിണ്ടില്ല എന്നു വെച്ചാൽ മിണ്ടില്ല തന്നെ. മുന്നിൽ ഇരുന്ന പുസ്തകത്തിൽ തന്നെ ശ്രദ്ധിച്ചിരിക്കുന്നത് കണ്ടിട്ട് അവൻ പിന്നെയും വിളിച്ചു. "ടീ പുഴു.. അയ്യോ സോറി പുസ്തക പുഴു ഇങ്ങോട്ടൊന്നു നോക്കെടി.." "പുഴു നിന്റെ മറ്റവൾ" "എന്റെ മറ്റവളെ തന്നെയാ ഞാനും വിളിച്ചത്" "നീ എന്നെ വിളിക്കണ്ട. നിന്നെ ഞാൻ പണ്ടേ ഡിവോഴ്സ് ചെയ്തു'' "അതിനു ഞാനും കൂടെ സമ്മതിക്കണ്ടേ. ഒന്നു സോറി പറയാൻ അനുവദിച്ചുടെ" "എനിക് വേണ്ട നിന്റെ സോറി. നിന്റെ പണ്ടത്തെ കാമുകിയോട് പറ. അവളു വാങ്ങി തന്ന മോതിരം ഇപ്പഴും വിരലിലിട്ടു നടക്കുവല്ലേ." അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞിരുന്നു. അവനൊന്നും മറുപടി പറഞ്ഞില്ല. കുറച്ചു സമയത്തിന് ശേഷം അവൻ എന്റെ എതിരെയുള്ള കസേരയിൽ വന്നു ഇരുന്നു.ഞാൻ മുഖത്തേക്ക് നോക്കിയില്ല. "ഒന്നു മൈൻഡ് ചെയ്യടി." "നീ പോയി അവളോട് പറ" എന്റെ മുന്നിൽ ഇരുന്ന പുസ്തകത്തിനു മുകളിൽ അവൻ കൈ വെച്ചു. അപ്പോഴാണ് ഞാൻ അവന്റെ കൈ ശ്രദിച്ചത്. വലതു കയ്യിലെ മോതിരം വിരലിൽ ആ മോതിരം കാണാനില്ല. "മോതിരം എവിടെ? എന്നെ പേടിച്ചു ഊരി വെക്കേണ്ട. അവളു വാങ്ങി തന്നത് അല്ലെ. നിനക്കു വെളുത്തു മെലിഞ്ഞ അവളെ അങ്ങു കല്യാണം കഴിച്ചാൽ പോരായിരുന്നോ. എന്തിനാ വെറുതെ ഈ എന്നെ.." "മതി മതി. എന്തു പറഞ്ഞാലും അവസാനം ചെന്നു നിൽക്കുന്നത് ഈ കറുപ്പിലും തടിയിലും ആണല്ലോ. നീ നിന്റെ അമ്മയെയും അച്ഛനെയും പോലെ അല്ലെ ഇരിക്കണേ. ഇനി നീ എങ്ങാനും വെളുത്തിരുന്നേൽ നീയൊക്കെ എന്നെ കെട്ടാൻ സമ്മതിക്കുമോ. നമ്മള് ഷാരുഖ് ഖാൻ ഒന്നും അല്ലല്ലോ.പിന്നെ നിന്റെ തടിയുടെ കാര്യം. നത്തോലി പോലെ കാറ്റടിച്ചാൽ പറന്നു പോകുന്ന കോലം അല്ലല്ലോ അതല്ലേ നല്ലത്. നിനക്കറിയാമോ ടെഡി ബിയർ തടിച്ചിട്ട് അല്ലെ പാണ്ടക്ക് തടി ഇല്ലേ. ഇവരൊക്കെ മേലിഞ്ഞിരുന്നാൽ എന്തു വൃത്തികേടാ. പിന്നെ നീ വെളുത്തിരുന്നേൽ ഒരുമാതിരി വെള്ളപ്പാണ്ട് വന്നത് പോലാകും. നീ എന്റെ ക്യൂട്ട് ടെഡി ബീർ അല്ലെ. നീ എങ്ങനെ ആണോ അതാണ് ഞാൻ ഇഷ്ടപ്പെട്ടത്" "സോപ്പ് വേണ്ട. ആ മോതിരം എന്തിനാ കൊണ്ടു നടക്കണേ" "ടീ പൊട്ടി അതു നിന്നെ പറ്റിക്കാൻ ചെയ്തത് അല്ലെ. ഫുട്പാത്തിൽ 20 രൂപക്ക് കിട്ടിയതാണ്. മണ്ടി വിശ്വസിച്ചു. അയ്യേ. എനിക്കൊരു പഴയ കാമുകിയും ഇല്ല. " "പോടാ.." "ഇങ്ങനെ ഒക്കെ ചെയ്തത് നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ. ദേഷ്യം വരുമ്പോ നിന്നെ കാണാൻ എന്താ ഭംഗി" "നിനക്കു ഞാൻ വെച്ചിട്ടുണ്ട്" "ടീ കാന്താരി. എന്റെ ഈ വിരലിൽ ഒരു പെണ്ണ് മോതിരം അണിയിക്കുന്നെങ്കിൽ അതു നീ ആയിരിക്കും" ഒരു പുഞ്ചിരിയോടെ എന്റെ മുന്നിലിരുന്ന പുസ്തകം ഞാൻ അവനു നേർക്ക് എറിഞ്ഞു. അത് അവന്റെ മുഖത്തിനടുത്തു എത്തിയതും എന്റെ അലാറം ശബ്ദിച്ചു. ഈ ഫോണിന് നിലവിളിക്കാൻ കണ്ട സമയമേ. നല്ലൊരു സ്വപ്നം ആയിരുന്നു. മണി 6 ആയി ഇനി ഒരു മാരത്തോൺ ഓടിയാലെ സമയത്തിനു ഓഫീസിൽ എത്തു. പെട്ടെന്ന് കുളിച്ചു റെഡി ആയി. കയ്യിൽ കിട്ടിയൊരു ചുരിദാറും ഇട്ടു കണ്ണെഴുതി ഒരു പൊട്ടും വെച്ചതോട് കൂടി തീർന്നു ഒരുക്കം. അമ്മ ഏടുത്തുവെച്ച ദോശ കഴിച്ചെന്നു വരുത്തി കയ്യിൽ കിട്ടിയതോക്കെ ബാഗിൽ ഇട്ടു ഒരൊറ്റ ഓട്ടമായിരുന്നു ബസ് സ്റ്റോപ്പിലോട്ട്. സൈഡ് സീറ്റിലിരുന്നു ഹെഡ്സെറ്റ് വെച്ചു പാട്ടു കേൾക്കുമ്പോഴും എന്റെ ചിന്ത മൊത്തം ആ സ്വപ്നത്തെ പറ്റി ആയിരുന്നു. കുറച്ചു നാളായി അവൻ എന്റെ സ്വപ്നത്തിൽ വരാൻ തുടങ്ങിട്ട്. അവന്റെ ശബ്ദവും വലതു കൈയിൽ കറുത്ത മുത്തുകൾ കോർത്ത ചരടും കൈത്തണ്ടയിലെ മറുകും വരെ എനിക്ക് ഓർമയുണ്ട്. പക്ഷെ അവന്റെ മുഖം മാത്രം എനിക്ക് ഓർമ കിട്ടണില്ല. ഒത്തിരി തവണ ആയി ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അടുത്ത തവണയെങ്കിലും അവന്റെ മുഖം ഓർമ വന്നെങ്കിൽ. എന്താണെന്ന് അറിയില്ല അവനെപ്പറ്റി ആലോചിക്കുമ്പോൾ എന്റ്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടരുന്നു. ഓഫീസിൽ എത്തി കമ്പ്യൂട്ടറിലേക്ക് ഊളിയിട്ടപ്പോൾ ആണ് തൊട്ടടുത്ത സീറ്റിലെ പ്രിയ ചോദിച്ചത്. "ഇപ്പൊ കുറച്ചു നാൾ ആയി വല്ലാത്ത മാറ്റം ആണല്ലോ. ഇവിടെ എല്ലാരും പറയുന്നുണ്ട് നിന്റെ മുഖത്ത് വല്ലാത്ത തിളക്കം ആണ് കൂടുതൽ സുന്ദരിയായിട്ടുണ്ട് എന്ന്. നല്ലോണം ഒരുങ്ങിട്ടുണ്ടല്ലോ എന്താടി ആരേലും മനസിൽ കയറി കൂടിയോ അതോ കല്യാണം ആയോ?" ഒന്നും ഇല്ലെന്നു പറഞ്ഞിട്ട് ഞാൻ എന്റെ സീറ്റിലേക്ക് തിരിഞ്ഞു. അപ്പോഴും മനസിൽ ഞാൻ അവനെ പറ്റി ചിന്തിക്കുക ആയിരുന്നു. ഒരു പക്ഷെ അവനെ പറ്റിയുള്ള ചിന്തകൾ ആയിരിക്കും എന്റെ മനസ്സിലെ തിളക്കത്തിനു കാരണം. എന്തോ സ്വപ്നത്തിൽ മാത്രം കണ്ട അവനോടു എനിക്ക് വല്ലാത്ത ഒരു ഇഷ്ടം. ഒരുപക്ഷേ എന്റെ ഇഷ്ടങ്ങളിൽ നിന്നു എന്റെ മനസ് തന്നെ സൃഷ്ടിച്ചത് ആവാം അവനെ. അതുപോലെ ഒരാളെ എന്റെ ജീവിത പങ്കാളി ആയി കിട്ടിയിരുന്നെങ്കിൽ. ഇന്നു രാത്രിയും സ്വപ്നത്തിൽ അവൻ വരണേ എന്നു ആഗ്രഹിച്ചകൊണ്ടു ഞാൻ എന്റെ കമ്പ്യൂട്ടറും ആയി യുദ്ധം തുടർന്നു. Sent from my Moto G Play using Tapatalk