ഹീറോ നമ്പര്‍ വണ്‍ ആയി പൃഥ്വിരാജ്, വിജയത്തുടര്‍ച്ചയില്‍ നിവിന്‍ ചലച്ചിത്രവ്യവസായത്തിന്റെ നിയന്ത്രണം മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങളില്‍ നിന്നും പുതുതലമുറ വരുതിയിലാക്കിയതിന്റെ ലക്ഷണം ബോക്‌സ് ഓഫീസില്‍ പ്രകടമായ വര്‍ഷമാണ് 2015. പോയവര്‍ഷം നിവിന്‍ പോളിയുടെ വര്‍ഷമായിരുന്നുവെങ്കില്‍ 2015ന്റെ ഉജ്ജ്വലവിജയം പൃഥ്വിരാജിന്റേതാണ്. തെരഞ്ഞെടുത്ത സിനിമകളുടെ വൈവിധ്യതയില്‍ മറ്റെല്ലാ നായകതാരങ്ങളെയും കടത്തിവെട്ടുകയും ബോക്‌സ് ഓഫീസിനെ കൈപ്പിടിയിലാക്കുകയും ചെയ്തു. മലയാളത്തിന്റെ താരനിരയില്‍ നിലവില്‍ ഹീറോ നമ്പര്‍ വണ്‍ എന്ന് പറയാനാകുന്നതും പൃഥ്വിയെ ആണ്. എന്ന് നിന്റെ മൊയ്തീന്‍,അമര്‍ അക്ബര്‍ അന്തോണി എന്നീ വമ്പന്‍ ഹിറ്റുകള്‍. അനാര്‍ക്കലി, പിക്കറ്റ് 43 എന്നീ വിജയചിത്രങ്ങള്‍. ബോക്‌സ് ഓഫീസില്‍ വീണെങ്കിലും അഭിനയം കൊണ്ട് സവിശേഷമാക്കിയ ഇവിടെ,ഡബിള്‍ ബാരല്‍.
മോഹന്‍ലാലിന് പരാജയം മാത്രം, മമ്മൂട്ടിക്ക് ആശ്വാസവര്‍ഷം 2014ന് പിന്നാലെ 2015ലും നിവിന്‍ പോളി സൂപ്പര്‍ഹിറ്റുകളുടെ താരമായി. പ്രേമം എന്ന ഗംഭീര വിജയവും ഒരു വടക്കന്‍ സെല്‍ഫി എന്ന സൂപ്പര്‍ഹിറ്റും. ഈ വര്‍ഷത്തെ ആദ്യ റിലീസായെത്തിയ മിലിയും ഇവിടെയുമാണ് നിവിന് തിരിച്ചടിയായത്. മലയാളത്തിന് പുറമേ തമിഴിലും സ്വീകാര്യത നേടാന്‍ പ്രേമത്തിലൂടെ നിവിന് കഴിഞ്ഞു. 200 ദിവസമാണ് പ്രേമം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നിവിനെ തേടി എത്തിയതും 2015ലാണ്. സൂപ്പര്‍താരമൂല്യത്തിനൊത്ത വിജയങ്ങളില്ലെങ്കിലും മമ്മൂട്ടിക്ക് ഹിറ്റുകളുണ്ട്. ഭാസ്‌കര്‍ ദ റാസ്‌കലും,പത്തേമാരിയും. അഞ്ച് റിലീസുകളില്‍ ഉട്ടോപ്യയിലെ രാജാവ്,അച്ഛാദിന്‍ എന്നീ ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞു. ഫയര്‍മാന്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. മമ്മൂട്ടിയുടെ അടുത്തകാലത്തെ മികച്ച അഭിനയവുമാണ് പത്തേമാരിയിലേത്. മോഹന്‍ലാലിന് ദുരന്തവര്‍ഷമാണ് 2015. ഒറ്റ ചിത്രം പോലും പച്ച തൊട്ടില്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയചിത്രമായ ലൈലാ ഓ ലൈലയും മോഹന്‍ലാലിന്റെ ക്രെഡിറ്റിലുള്ളതാണ്. എന്നും എപ്പോഴും മുടക്കുമുതല്‍ തിരിച്ചുപിടിച്ചെങ്കിലും വിജയിച്ചില്ല. ലോഹം ആദ്യദിനകളക്ഷനിലെ റെക്കോഡ് മാത്രമായി നേട്ടത്തെ ചുരുക്കി.
തുഴ പിടിച്ച തുടക്കക്കാര്‍, വിജയത്തിലും മുന്നില്‍ 141 ചിത്രങ്ങള്‍ ഒരുക്കിയവരില്‍ 77 പേര്‍ നവാഗത സംവിധായകരാണ്. ഇവരില്‍ അഞ്ച് നവാഗതരാണ് 2015ന്റെ ബോക്‌സ് ഓഫീസ് വിജയശില്‍പ്പികളായി മാറിയത്. ആര്‍ എസ് വിമല്‍(എന്ന് നിന്റെ മൊയ്തീന്‍), ജി പ്രജിത്ത്(ഒരു വടക്കന്‍ സെല്‍ഫി), നാദിര്‍ഷ(അമര്‍ അക്ബര്‍ അന്തോണി), സച്ചി(അനാര്‍ക്കലി), ബേസില്‍ ജോസഫ് (കുഞ്ഞിരാമായണം). ക്രൈം നമ്പര്‍ 89ന്റെ സുദേവന്‍, ബാഷ് മുഹമ്മദ് (ലുക്കാചുപ്പി), വിനീത് കുമാര്‍(അയാള്‍ ഞാനല്ല),ശ്രീബാല കെ മേനോന്‍(ലവ് 24 7)സച്ചി(അനാര്‍ക്കലി), മിഥുന്‍ മാനുവല്‍ തോമസ്(ആട് ഒരു ഭീകരജീവിയാണ്) ഷാനവാസ് നരണിപ്പുഴ(കരി) സനല്‍കുമാര്‍ ശശിധരന്‍(ഒരാള്‍പൊക്കം), വിനോദ് സുകുമാരന്‍(ഹരം),സജിന്‍ ബാബു(അസ്തമയം വരെ), സലിംകുമാര്‍(കംപാര്‍ട്‌മെന്റ്), എന്‍ കെ മുഹമ്മദ് കോയ(അലിഫ്), ജനൂസ് മുഹമ്മദ്(100 ഡേയ്‌സ് ഓഫ് ലവ്), ജി പ്രജിത്ത് (വടക്കന്‍ സെല്‍ഫി) ബേസില്‍ ജോസഫ്(കുഞ്ഞിരാമായണം) ജോണ്‍ വര്‍ഗ്ഗീസ് (അടി കപ്യാരേ കൂട്ടമണി), കെ ആര്‍ മനോജ്(കന്യകാ ടാക്കീസ്), ഫറൂഖ് അബ്ദുള്‍ റഹ്മാന്‍(കളിയച്ഛന്‍) എന്നിവരുള്‍പ്പെടെയാണ് ക്യാമറയ്ക്ക് പിന്നിലെത്തിയ പുതുനിര. മലയാളത്തില്‍ ആദ്യമായി ലക്ഷണയുക്തമായ സ്പൂഫ് പരീക്ഷിക്കാന്‍ ധൈര്യപ്പെട്ട സന്തോഷ് വിശ്വനാഥന്‍ എന്ന നവാഗതനെയും ഈ വര്‍ഷം അടയാളപ്പെടുത്തു. സമാന്തര നിരയില്‍ സുദേവന്‍(ക്രൈം നമ്പര്‍ 89),ഷാനവാസ് നരണിപ്പുഴ(കരി), സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പൊക്കം),സജിന്‍ ബാബു(അസ്തമയം വരെ), കെ ആര്‍ മനോജ്(കന്യകാ ടാക്കീസ്), വിനോദ് ഭരതന്‍( കര്‍മ്മ കാര്‍ട്ടെല്‍) എന്നിവരാണ് മികവറിയിച്ചത്.
തിയറ്റര്‍ ദുരന്തമായി ലൈലാ ഓ ലൈലാ,ഡബിള്‍ ബാരലിനും പിഴച്ചു മോഹന്‍ലാല്‍ ജോഷി ചിത്രം ലൈലാ ഓ ലൈല, ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരല്‍, ശ്യാമപ്രസാദ് ചിത്രം ഇവിടെ, മമ്മൂട്ടി നായകനായ അച്ഛാ ദിന്‍, ഉട്ടോപ്യയിലെ രാജാവ്, മോഹന്‍ലാലിന്റെ കനല്‍, ലോഹം, അനില്‍ രാധാകൃഷ്ണമേനോന്റെ ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ ഏഴായിരം കണ്ടി, ഇവന്‍ മര്യാദരാമന്‍, ലൈഫ് ഓഫ് ജോസൂട്ടി, ജമ്‌നാപ്യാരി, രുദ്രസിംഹാസനം, തിങ്കള്‍ മുതല്‍ വെള്ളി വരെ, 100 ഡേയ്‌സ് ഓഫ് ലവ്, മറിയംമുക്ക് എന്നിവയാണ് 2015ലെ പ്രധാന പരാജയങ്ങള്‍. ഗാംഗ്സ്റ്റര്‍ സ്പൂഫ് രീതിയില്‍ ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഡബിള്‍ ബാരലിന് പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല. മികച്ച അവതരണമായിട്ടും ഹ്രസ്വതയും ഒതുക്കവുമില്ലാതെ പോയതും ചിത്രത്തിന് തിരിച്ചടിയായി. ലാല്‍ ജോസിന്റെ മുന്‍ചിത്രങ്ങളില്‍ നിന്ന് ആഖ്യാനശൈലിയില്‍ വേറിട്ട് നില്‍ക്കുന്നതും മികവ് പുലര്‍ത്തിയതുമായ നീനയും തിയറ്ററുകളില്‍ നിലം പൊത്തി. ആണ്‍ പെണ്‍ ബന്ധത്തെ നടപ്പുകാലത്തിനൊപ്പം അവതരിപ്പിച്ച വിനോദ് സുകുമാരന്റെ ഹരം എന്ന ചിത്രത്തിനും ഇതേ സാഹചര്യം നേരിടേണ്ടിവന്നു.
ന്യൂ ജെന്‍ ട്രെന്‍ഡ് വിടുന്നു, ഫോര്‍മുലാ സിനിമകളിലേക്ക് മടക്കം വാണിജ്യസിനിമയില്‍ പുതിയൊരു തുടക്കമാണ് ട്രാഫിക് എന്ന ചിത്രത്തിനൊപ്പം 2011ല്‍ ഉണ്ടായിരുന്നത്. നോണ്‍ ലീനിയല്‍ അവതരണ സ്വഭാവത്തിലും സാമ്പ്രദായിക അവതരണ രീതി നിരാകരിച്ചും ഒരു പിടി ചിത്രങ്ങളുണ്ടായി. അന്നയും റസൂലും, ചാപ്പാക്കുരിശ്, സോള്‍ട്ട് ആന്റ് പെപ്പര്‍, ബ്യൂട്ടിഫുള്‍, കിളിപോയ്, ഇയ്യോബിന്റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ്, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങി ദൃശ്യശൈലീ നവീനത അടയാളപ്പെടുത്തിയ സിനിമകളെയാണ് മാറിയ മലയാള സിനിമയുടെ മുഖങ്ങളായി 2011മുതല്‍ 2014 വരെ അടയാളപ്പെടുത്തിയിരുന്നത്. വീണ്ടും ഫോര്‍മുലാ സിനിമകളിലേക്കും സാമ്പ്രദായിക സ്വഭാവത്തിലേക്കും സിനിമ തിരികെ യാത്ര ചെയ്യുന്നതിനാണ് 2014ന് പിന്നാലെ 2015ഉം സാക്ഷ്യം വഹിച്ചത്. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ കാലോചിതമായി പരിഗണിച്ചൊരുക്കിയ ചിത്രങ്ങളുടെ പട്ടികയില്‍ 2015ല്‍ ഉള്‍പ്പെടുന്നത് പ്രേമം, ഡബിള്‍ ബാരല്‍, ലുക്കാചുപ്പി, റാണി പദ്മിനി, ചാര്‍ലി എന്നിവയാണ്. മലയാളം കാലങ്ങളായി കൈവിടാതെ പോന്ന ആവര്‍ത്തനനിര്‍ബന്ധങ്ങളെ തലക്കിട്ട് കിഴുക്കിയ ചിത്രമായിരുന്നു പ്രവീണ്‍ എസിന്റെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിറകൊടിഞ്ഞ കിനാവുകള്‍. എന്നാല്‍ ഈ സ്പൂഫ് ചിത്രം മലയാളത്തില്‍ പുറത്തിറങ്ങിയതിന് ശേഷവും ക്ലീഷേകളെ തലയിലേറ്റിയ ചിത്രങ്ങള്‍ വിജയാരവം മുഴക്കിയതിന് ബോക്‌സ് ഓഫീസ് സാക്ഷിയായി. എണ്‍പതുകളും തൊണ്ണൂറുകളും പരിപാലിച്ച അവതരണമാതൃകകളെ പിന്തുടര്‍ന്ന സിനിമകളാണ് പുറത്തിറങ്ങിയവയില്‍ ഭൂരിപക്ഷവും. ആഖ്യാനരീതിയിലോ സാങ്കേതിക പരിചരണത്തിലോ വന്‍പരീക്ഷത്തിന് മുതിരാന്‍ ധൈര്യപ്പെട്ടത് ചുരുക്കം ചിലര്‍ മാത്രമാണ്. പത്തേമാരി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഭാസ്‌കര്‍ ദ റാസ്‌കല്‍, ടു കണ്‍ട്രീസ്, എന്നും എപ്പോഴും, കുമ്പസാരം, ജ്മനാ പ്യാരി, സുസു സുധീ വാല്‍മീകം, രാജമ്മ അറ്റ് യാഹൂ ഇങ്ങനെ നീളുന്നു പട്ടിക. ഉള്‍ക്കനമില്ലാത്ത പ്രമേയം സ്വീകരിച്ച് പരിചരണശൈലിയില്‍ മാത്രം പരീക്ഷണത്തിന് മുതിര്‍ന്നതും ന്യൂജെന്‍ ട്രെന്‍ഡ് കളം വിടാന്‍ കാരണമായി. എണ്‍പതുകളും തൊണ്ണൂറുകളും ആഘോഷിച്ച മസാലാ എന്റര്‍ടെയിനറുകളിലേക്ക് പ്രേക്ഷകര്‍ മടങ്ങിപ്പോയതും നവനിരയെ പരീക്ഷണങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. ഹിറ്റ് ഫോര്‍മുലകളെ പിന്തുടര്‍ന്ന് ചിത്രമൊരുക്കാനാണ് തുടക്കക്കാരായ സംവിധായകരും ശ്രമിക്കുന്നത്. ആഖ്യാനരീതിയില്‍ വഴിമാറി സഞ്ചരിച്ചിട്ടും മികവ് പുലര്‍ത്താനാകാതെ പോയവയാണ് ശ്യാമപ്രസാദിന്റെ ഇവിടെ, ആഷിക് അബുവിന്റെ റാണി പദ്മിനി, അനില്‍ രാധാകൃഷ്ണ മേനോന്റെ ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ എഴായിരം കണ്ടി എന്നിവ. ഗതകാല സുഖസ്മൃതികളെ താരാട്ടുന്ന സിനിമകളോട് മുഖ്യധാരയുടെ കമ്പമൊഴിയുന്നില്ല. 1983, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ പ്രേമം, കുഞ്ഞിരാമായണം, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയക്കും മുമ്പുള്ള കാലത്തെ പ്രമേയത്തിലും പരിചരണത്തിലും ഉള്‍പ്പേറിയവയാണ്.
സീനിയേഴ്‌സിന് കാലിടറി, പിടിച്ചുനിന്നത് സിദ്ദീഖും ഷാഫിയും മേജര്‍രവിയും വര്‍ത്തമാന കാലത്തെ പ്രേക്ഷകാഭിരുചി പരിഗണിക്കാതെ ചിത്രമൊരുക്കിയ മുതിര്‍ന്ന സംവിധായകരെല്ലാം പരാജയം രുചിച്ചു. വിജയശില്‍പ്പികളായത് സിദ്ദീഖ്(ഭാസ്‌കര്‍ ദ റാസ്‌കല്‍), ഷാഫി (ടു കണ്ട്രീസ്), മേജര്‍ രവി(പിക്കറ്റ് 43) എന്നിവര്‍ മാത്രമാണ്. സമീപനരീതിയിലും പരിചരണത്തിലും കാലത്തിനൊപ്പം നീങ്ങാത്തതും, ആത്മാനുകരണം തുടരുന്നതുമാണ് പലര്‍ക്കും വിനയായത്. സത്യന്‍ അന്തിക്കാട് (എന്നും എപ്പോഴും), ജോഷി(ലൈലാ ഓ ലൈലാ), കമല്‍(ഉട്ടോപ്യയിലെ രാജാവ്), രഞ്ജിത്(ലോഹം), ഞാന്‍ സംവിധാനം ചെയ്യും( ബാലചന്ദ്രമേനോന്‍), സിബി മലയില്‍ (സൈഗാള്‍ പാടുകയാണ്) ഷാജൂണ്‍ കര്യാല്‍(സര്‍ സി.പി) എന്നിവര്‍ക്കും കാലിടറിയ വര്‍ഷമാണ് കടന്നുപോകുന്നത്.
കാരക്ടര്‍ റോളുകളിലും കരുത്താര്‍ന്നവര്‍ സ്വാഭാവിക പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച നിരവധി പുതുതലമുറ താരങ്ങളുടെ തട്ടകമായി മലയാള സിനിമ മാറിയിരിക്കുന്നു. ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, ടോവിനോ തോമസ്, സുധീര്‍ കരമന, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, ജോജു ജോര്‍ജ്ജ്, സുധി കോപ്പ, നീരജ് മാധവ്, ശ്രിന്ദ അര്‍ഹാന്‍, ബിനു പപ്പു, കൃഷ്ണശങ്കര്‍, ഷറഫുദ്ദീന്‍, സുബീഷ് സുധി തുടങ്ങി നീളുന്നു നിര. നവാഗത നായകന്‍മാരും നായികമാരും 77 പുതിയ സംവിധായകര്‍ക്കൊപ്പം അമ്പതോളം നായികമാരെയും 2015 സമ്മാനിച്ചു. പ്രകടനം കൊണ്ട് ഓര്‍മ്മയില്‍ ബാക്കിയാവര്‍ ചുരുക്കമാണ്. പ്രേമത്തിലെ സായ് പല്ലവിയാണ് കന്നിവരവില്‍ കാണികളെ കയ്യിലെടുത്ത നായിക. ലവ് 24 7 ലെ നിഖിലാ വിമല്‍, പ്രേമം ഫെയിം അനുപമാ പരമേശ്വന്‍, മഡോണാ സെബാസ്റ്റിയന്‍, നീനയിലെ ദീപ്തി സതി, കെഎല്‍ ടെന്‍ പത്തിലെ ചാന്ദ്‌നി ശ്രീധരന്‍, പത്തേമാരി, ഉട്ടോപ്യയിലെ രാജാവ് എന്നീ സിനിമകളിലൂടെ ജുവല്‍ മേരി, ജമ്‌നാ പ്യാരിയിലെ ഗായത്രി സുരേഷ് എന്നിവരാണ് സാന്നിധ്യമറിയിച്ചത്. നായകതാരങ്ങളില്‍ മേക്ക് ഓവറിന് അവസരം ലഭിച്ചത് ടോവിനോ തോമസിനാണ്. യൂ ടു ബ്രൂട്ടസിലെയും എന്ന് നിന്റെ മൊയ്തീനിലെയും പ്രകടനം ടോവിനോയെ വിശ്വസിച്ച് കഥാപാത്രങ്ങളെ എല്‍പ്പിക്കാവുന്ന അഭിനേതാവാക്കി മാറ്റി. യുവനിരയിലെ നല്ല അഭിനേതാക്കളില്‍ ഒരാളുമാണ് ടോവിനോ. ക്രൈം നമ്പര്‍ 89ലെ അശോക് കുമാര്‍, അസ്തമയം വരെയിലെ സനല്‍ അമന്‍, അനാര്‍ക്കലിയിലെ സുദേവ് നായര്‍, കരിയിലെ രാം മോഹന്‍, ഗോപു കേശവ്, മണ്‍റോ തുരുത്ത്, കന്യകാ ടാക്കീസ് എന്നീ സിനിമകളിലെ എന്നിവരെ അലന്‍സിയര്‍ ജോയ് എന്നിവരെ നമ്മുടെ സിനിമ ഇനിയും പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. ചലച്ചിത്രവ്യവസായത്തെ കൊല്ലുന്ന പൈറസി പൈറസിയുടെ പ്രത്യാഘാതം ഏറ്റവും കാര്യമായി അനുഭവപ്പെട്ട വര്‍ഷമാണ് കടന്നുപോകുന്നത്. പ്രേമം എന്ന ചിത്രം അമ്പത് കോടി ഗ്രോസ് കളക്ഷന്‍ നേടുമെന്ന പ്രവചനങ്ങളെ തകര്‍ത്തെറിഞ്ഞത് സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ച വ്യാജപകര്‍പ്പാണ്. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തുപോവുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ നിയമനടപടി ഉണ്ടായെങ്കിലും ഓണ്‍ലൈന്‍ വ്യാജന് അന്ത്യമായില്ല. തിരക്കഥാ ദാരിദ്ര്യം തീര്‍ത്ത് തുടക്കക്കാര്‍ നല്ല തിരക്കഥാകൃത്തുക്കളില്ലെന്ന് പതിവ് വിലാപം നല്ല ചലച്ചിത്രകാരന്‍മാരില്ലെന്ന പ്രേക്ഷകരുടെ പരാതിയായി രൂപാന്തരപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന സംവിധായകരുടെ ചിത്രങ്ങളെ അടിതെറ്റിച്ചത് തിരക്കഥയിലെ പോരായ്മ മാത്രമല്ലെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംവിധായകര്‍ തന്നെ തിരക്കഥാകൃത്തിന്റെ ചുമതല കൂടി ഏറ്റെടുത്ത സിനിമകളുടെയും എണ്ണം കൂടിയിട്ടുണ്ട്. ആര്‍ എസ് വിമല്‍(എന്ന നിന്റെ മൊയ്തീന്‍), അല്‍ഫോണ്‍സ് പുത്രന്‍(പ്രേമം), ലിജോ പെല്ലിശേരി (ഡബിള്‍ ബാരല്‍), ഷാനവാസ് നരണിപ്പുഴ(കരി),മുഹമ്മദ് കോയ (കരി), വിനോദ് സുകുമാരന്‍(ഹരം), ബാഷ് മുഹമ്മദ് (ലുക്കാചുപ്പി), ശ്രീബാല കെ മേനോന്‍ (ലവ് 24 7), വിനീത് കുമാര്‍(അയാള്‍ ഞാനല്ല), ജിജു അശോകന്‍(ഉറുമ്പുകള്‍ ഉറങ്ങാറില്ല), ഫറൂഖ് അബ്ദുള്‍ റഹ്മാന്‍(കളിയച്ഛന്‍), സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പൊക്കം),മിഥുന്‍ മാനുവല്‍ തോമസ് (ആട് ഭീകരജീവിയാണ്) എന്നിവര്‍ സ്വന്തം തിരക്കഥയിലാണ് ചിത്രമൊരുക്കിയത്. ഉണ്ണി ആര്‍(ചാര്‍ലി), പ്രവീണ്‍ എസ്(ചിറകൊടിഞ്ഞ കിനാവുകള്‍, ശ്യാംപുഷ്‌കരന്‍-രവിശങ്കര്‍(റാണി പദ്മിനി), വേണുഗോപാല്‍(നീന), ജോണ്‍ വര്‍ഗ്ഗീസ്-അഭിലാഷ് നായര്‍(അടി കപ്യാരേ കൂട്ടമണി), മഹേഷ് നാരായണന്‍(മിലി) ദിപു പ്രദീപ് (കുഞ്ഞിരാമായണം), സന്തോഷ് എച്ചിക്കാനം(ചന്ദ്രേട്ടന്‍ എവിടെയാ), വിനീത് ശ്രീനിവാസന്‍(ഒരു വടക്കന്‍ സെല്‍ഫി), ബിബിന്‍-വിഷ്ണു ഉണ്ണിക്കൃഷ്ണന്‍(അമര്‍ അക്ബര്‍ അന്തോണി) എന്നിവരാണ് ഈ വര്‍ഷത്തെ പ്രധാന ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കള്‍.
മധു നീലകണ്ഠനും, ജോമോനും സുജിത്തും അഭിനന്ദും ആനന്ദും ഈ വര്‍ഷത്തെ മികച്ച ദൃശ്യപരിചരണം റാണി പദ്മിനിയിലേതാണ്. മധു നീലകണ്ഠന്‍ വീണ്ടും ക്യാമറ കൊണ്ട് വിസ്മയിപ്പിച്ചു. ജോമോന്‍ ടി ജോണ്‍ അഞ്ച് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. മലയാളത്തിലെ ജനപ്രിയതയില്‍ മുന്നിലുള്ള ഛായാഗ്രാഹകനും ജോമോന്‍ ടി ജോണ്‍ ആണ്. (പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീന്‍, നീന, ചാര്‍ലി, ഒരു വടക്കന്‍ സെല്‍ഫി). ഓരോ സിനിമകള്‍ക്കും പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യപരിചരണമൊരുക്കാനും ജോമോന് കഴിഞ്ഞു. നീനയും മൊയതീനും ചാര്‍ലിയുമാണ് ജോമോന്റെ ഈ വര്‍ഷത്തെ എടുത്തു പറയാനാകുന്ന സിനിമകള്‍. അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ക്കാണ് സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിച്ചത്. രണ്ട് ചിത്രങ്ങള്‍ രണ്ട് ഭാവപരിസരം ഛായാഗ്രഹണത്തിലൂടെ ഒരുക്കാന്‍ സുജിത്തിന് കഴിഞ്ഞു. പ്രേമം ഒരുക്കിയ ആനന്ദ് സി ചന്ദ്രനും ഛായാഗ്രഹണ ശൈലി കൊണ്ട് 2015ല്‍ ശ്രദ്ധേയനായി. ഷൈജു ഖാലിദ് (ചന്ദ്രേട്ടന്‍ എവിടെയാ) പ്രതീഷ് വര്‍മ്മ (കോഹിനൂര്‍, 100 ഡേയ്‌സ് ഓഫ് ലവ്) അഭിനന്ദന്‍ രാമാനുജം ( ഡബിള്‍ ബാരല്‍), അനിഷ് ലാല്‍ (ജമ്‌നാ പ്യാരി, മിലി) വിഷ്ണു നാരായണന്‍ (ഉറുമ്പുകള്‍ ഉറങ്ങാറില്ല) ഇന്ദ്രജിത്ത്(ഒരാള്‍പൊക്കം) എം ജെ രാധാകൃഷ്ണന്‍ (കളിയച്ഛന്‍) എന്നിവരും അടയാളപ്പെടുത്തി.
മഞ്ജു വാര്യര്‍ക്ക് തിരിച്ചടി, ഒന്നാം നായികയായി പാര്‍വതി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ള മഞ്ജു വാര്യര്‍ കനത്ത തിരിച്ചടി നേരിട്ടു. എന്നും എപ്പോഴും, റാണി പദ്മിനി, ജോ ആന്‍ഡ് ദ ബോയ് എന്നീ മൂന്ന് ചിത്രങ്ങളും ചലനമുണ്ടാക്കാതെ വന്നുപോയി. സവിശേഷതയുള്ള റോളുകള്‍ വെല്ലുവിളിയോടെ ഏറ്റെടുത്തും,പ്രകടനം കൊണ്ടും മലയാളത്തിലെ നമ്പര്‍ വണ്‍ നായികയായി മാറിയത് പാര്‍വതിയാണ്. പ്രേമം എന്ന ചിത്രത്തില്‍ മലര്‍ എന്ന കഥാപാത്രമായെത്തിയ സായ് പല്ലവി തുടര്‍പ്രതീക്ഷയുള്ള അഭിനേത്രിയാണ്. ജനസമ്മതിയില്‍ 2015ന്റെ നായികയായതും സായ് പല്ലവിയാണ്.