സഖാവ് ഇ കെ നായനാരുടെ ഓർമ്മ പുതുക്കുന്ന ദിനമാണ് മെയ് 19. കേരള രാഷട്രീയത്തിന്റെ പുതിയ മുന്നേറ്റം സഖാവിന്റെ ഉജ്ജ്വലമായ സ്മരണയും സഖാവ് നെഞ്ചോടു ചേർത്ത കൊടിയും ഉയർത്തിപ്പിടിച്ചാകട്ടെ. Let 19 May 2016 bring about the best tribute to Com. E K Nayanar...
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ തോല്‍പിക്കാന്‍ ആഹ്വാനം ചെയ്ത മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ധീന് വന്‍ മുന്നേറ്റം. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയുടെ സുരേഷ് രാജിനെതിരെ പതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് മുസ്ലിം ലീഗിന്റെ ഷംസുദ്ധീന്‍ ലീഡ് ചെയ്യുകയാണ്. സമുദായ സംഘടകള്‍ ഗതിനിര്‍ണയിച്ച മണ്ഡലത്തില്‍ ശക്തമായ പ്രചാരണമാണ് സുന്നികളിലെ ഇരു ചേരികളും നടത്തിയത്. രണ്ട് സുന്നി പ്രവര്‍ത്തകരുടെ ഘാതകരെ രക്ഷിച്ച എംഎല്‍എയെ പരാജയപ്പെടുത്തണമെന്നായിരുന്നു അണികളോട് കാന്തപുരം ആഹ്വാനം ചെയ്തിരുന്നത്. സഹോദരങ്ങളായ സുന്നി പ്രവര്‍ത്തകരുടെ ഘാതകരെ സഹായിച്ച മണ്ണാര്‍ക്കാട് എം .എല്‍.എ ഷംസുദ്ദീനെ ജയിപ്പിക്കരുത് എന്ന കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോടെയാണ് ഇത്തവണ മണ്ണാര്‍ക്കാട് മണ്ഡലം ശ്രദ്ധയാകര്‍ഷിച്ചത്. തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിക്കെതിരെ കാന്തപുരം പരസ്യ നിലപാട് സ്വീകരിച്ചത്. അതോടെ ബദ്ധവൈരികളായ ഇകെ വിഭാഗം അനൗദ്യോഗികമായി ഷംസുദ്ധീന്റെ ജയം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. എ.പി വിഭാഗം സുന്നികളുടെ കാന്തപുരത്തിന്റെ പ്രസ്താവനയെ പ്രതിരോധിക്കാന്‍ ലീഗും ഇ.കെ വിഭാഗം സുന്നികളും രംഗത്തിറങ്ങിയതോടെ ഫലത്തില്‍ മണ്ണാര്‍ക്കാട് ഇരുവിഭാഗം സുന്നികളുടെ മത്സരം നടക്കുന്ന പോലെയായി. എ പി വിഭാഗം സുന്നികളുടെ പത്രമായ സിറാജ് മണ്ണാര്‍ക്കാട് എംഎല്‍എയായ എന്‍ ഷംസുദ്ദീന്‍ കൊലക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന കഥകള്‍ വാര്‍ത്തയാക്കി. അതിനെ പ്രതിരോധിക്കാന്‍ ഇ കെ വിഭാഗത്തിന്റെ പത്രമായ സുപ്രഭാതവും രംഗത്തു വന്നു. കാന്തപുരത്തിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ അട്ടപ്പാടി പീഡന കേസിലെ പ്രതിയെ സഹായിക്കാത്തതിലുള്ള അമര്‍ഷമാണെന്ന് വെളിപ്പെടുത്തി എന്‍ ഷംസുദ്ദീന്‍ പ്രസംഗിച്ചതായാണ് സുപ്രഭാതം വാര്‍ത്ത നല്‍കിയത്. ഷംസുദ്ധീനെ തോല്‍പിക്കണമെന്നാവശ്യപ്പെട്ട് എപി വിഭാഗത്തിന്റെ കീഴിലുള്ള പള്ളികളിലും ആഹ്വാനമുണ്ടായിരുന്നു. ദീനിന്റെ (മതത്തിന്റെ) ശത്രുവിനെ തോല്‍പിക്കണേ എന്ന തരത്തില്‍ പ്രാര്‍ത്ഥനകളും നടന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ചെളിവാരിയെറിയുന്ന തരത്തിലേക്ക് വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിച്ചു. സിപിഐഎം അനുഭാവികളും എ.പി വിഭാഗം പ്രവര്‍ത്തകരും സഹോദരങ്ങളുമായ കല്ലാംകുഴി കുഞ്ഞുഹംസ (50), നൂറുദ്ദീന്‍ ( 38) എന്നിവരെ 2013 നവംബര്‍ മാസം 20 ന് രാത്രി ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി കുത്തി കൊന്നിരുന്നു. കല്ലാംകുഴി ജുമാമസ്ജിദില്‍ തണല്‍ എന്ന സംഘടനയുടെ പേരില്‍ ലീഗ് പ്രവര്‍ത്തകരായ ഇ കെ വിഭാഗം സുന്നികള്‍ പിരിവ് നടത്തിയിരുന്നുവത്രെ. ഇത് കുഞ്ഞുഹംസ ചോദ്യം ചെയ്യുകയും ഇതിനെതിരെ വഖഫ് ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പള്ളിയില്‍ പിരിവ് നടത്തരുതെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ലീഗുകാര്‍ സഹോദരങ്ങളെ രാത്രി കാര്‍ തടഞ്ഞു നിര്‍ത്തി കുത്തികൊല്ലുകയായിരുന്നുവൊണ് ആരോപണം. സംഭവത്തില്‍ ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സിദ്ധീഖ അടക്കം പത്തിധികം പേരുടെ പേരില്‍ പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അന്യായമായി ഇടപെട്ട് പ്രതികള്‍ക്ക് ജാമ്യം വാങ്ങി കൊടുത്തതായും ഇവരെ സംരക്ഷിച്ചതുമായാണ് ആരോപണം. അതേസമയം കല്ലാംകുഴി സംഭവം വേദനാജനകമാണെന്നും, ഇതുവരെ ഇല്ലാത്ത ആരോപണം ഇപ്പോള്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് നടന്നിരുന്ന കുടിപ്പകയുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. കേസിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തതാണ്. തന്റെ മണ്ഡലത്തില്‍ അല്ല സംഭവം നടന്നതെങ്കിലും ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുന്നത് മറ്റൊരു ആരോപണവും ഉന്നയിക്കാന്‍ കഴിയാത്തതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ വി ചാമുണ്ണിയെ 8270 വോട്ടിനാണ് ഷംസുദ്ദീന്‍ തോല്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 288 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ നിന്നു നേടാന്‍ ഇടത് മുന്നണിക്കായി. രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് യു ഡി എഫിനുള്ളത്. ഏഴില്‍ അഞ്ച് പഞ്ചായത്തിലും എല്‍ ഡി എഫാണ് ഭരിക്കുന്നത്. മണ്ണാര്‍ക്കാട് നഗരസഭയില്‍ 13 വീതം സീറ്റുകള്‍ നേടി രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു.