വൺ ... കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ ജീവിതത്തിലെ ഓരോ എപ്പിസോഡ് .അതായത് ആക്ഷൻ ഹീറോ ബിജുവിന്റെ ഏകദേശ മുഖ്യമന്ത്രി വേർഷൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം .കേരള രാഷ്ട്രീയമാണ് പറയുന്നതെങ്കിലും കേരത്തിലെ ഏതെങ്കിലും ഒരു പാർട്ടിയെക്കുറിച്ചോ അതിന്റെ പ്രത്യയശാസ്ത്രത്തെകുറിച്ചോ പരോക്ഷമായി പോലും സിനിമയിൽ പ്രതിപാദിക്കുന്നില്ല. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രം പുറമെ ട്ടഫ് ആയ കഥാപാത്രമാണ്. അതുകൊണ്ട് തന്നെ കഥാപാത്രത്തിൻ്റെ ചില മാനറിസങ്ങൾ മമ്മൂട്ടിയെ തന്നെയും ചിലത് മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് ഓർമ്മിപ്പിക്കുന്നത്. മുഖ്യമന്ത്രി ഒരു പുതിയ നിയമ നിർമ്മാണത്തിന് മുതിരുന്നതാണ് സിനിമയിൽ ഒരു പ്രധാന വഴിത്തിരിവായി വരുന്നത്. അരാഷ്ട്രീയ നിലപാടുകൾ തന്നെയാണ് സിനിമ മുൻപോട്ട് വെക്കുന്നത്. രാഷ്ട്രീയക്കാർ അഴിമതിക്ക് വേണ്ടി നിൽക്കുമെന്നും മുന്നണി രാഷ്ട്രീയം പണവും പദവിയും ഉണ്ടാക്കാനുള്ളതാണെന്നും സിനിമ പറയുന്നു. ഇത്തരം പറഞ്ഞുവെക്കലുകൾ ഗുണം ചെയ്യുന്നത് ട്വന്റി ട്വന്റി പോലുള്ള കോർപ്പറേറ്റ് രാഷ്ട്രീയകാർക്കാരെ പോലുള്ളവർക്കും പാലക്കാട് മത്സരിക്കുന്ന മെട്രോമാനെ പോലുള്ളവർക്കും ആയിരിക്കും എന്ന കാര്യം മലയാളി പ്രേക്ഷകർ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു. റിയാലിറ്റിയുമായി ബന്ധം ഇല്ലാത്ത ഒരുപാട് സന്ദർഭങ്ങൾ സിനിമയിൽ ഉണ്ട്. ക്ളൈമാക്സ് രംഗങ്ങളിലെ നിയമസഭാ ചർച്ചയൊക്കെ അതിന് ഉത്തമ ഉദാഹരണമാണ്. നിയമസഭാ ഗ്യാലറിയിൽ എങ്ങനെയാണ് കാണികൾ പെരുമാറുക എന്നുള്ള കാര്യം പോലും സിനിമയുടെ പിന്നണിയിൽ ഉള്ളവർ ശ്രദ്ധിക്കാതിരുന്നത് വലിയ തെറ്റായിപ്പോയി. എന്തായാലും പത്ത് വർഷം മുൻപത്തെ ചില കൊമേഴ്സ്യൽ രാഷ്ട്രീയ സിനിമകളെ വെച്ച് നോക്കുമ്പോൾ ഭേദമാണ് ഇതൊക്കെ. മമ്മൂട്ടിക്കും ജോജു ജോർജ്ജിനും മാത്യൂസിനും സലിം കുമാറിനും അല്ലാതെ വേറെ നടീ നടന്മാർക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ബിജിഎം പാട്ടുകൾ എന്നിവ ശരാശരിയിൽ ഒതുങ്ങി. കൊണ്ടുവന്ന concept ൽ ചില പുതുമകൾ അവകാശപ്പെടാമെങ്കിലും കണ്ടിരിക്കാവുന്ന പൊളിറ്റിക്കൽ ഡ്രാമ എന്ന നിലയിൽ മാത്രം വിലയിരുത്താവുന്ന സിനിമയാണ് വൺ. ഇതൊരു സിനിമയാണെന്നും റിലാലിറ്റിയുമായി ഇതിന് ബന്ധമില്ലെന്നും മനസ്സിൽ ഉറപ്പിച്ചാൽ നിങ്ങൾക്ക് ഭേദപ്പെട്ട ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമ ആസ്വദിക്കാം. (കോഴിക്കോട് കൈരളി തീയേറ്റർ പുതുക്കിപണിത ശേഷം ആദ്യമായി കയറിയത് ഇന്നാണ്. കോഴിക്കോട്ടെ ഏറ്റവും നല്ല തീയേറ്റർ experience ആണ് കൈരളിയിലേത്. )