Soorarai Pottru അനുഭവിച്ചറിയേണ്ട പുതുമയുള്ള പ്രചോദനമാകുന്നൊരു ദൃശ്യവിസ്മയം ഒരാളുടെ ജീവിതത്തെ അല്ലേൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരു സിനിമയൊരുക്കുമ്പോൾ അത് എങ്ങനെയാവണം എന്നതിനുള്ള ഒരു വലിയ പാഠപുസ്തകമാണ് സൂരാറൈ പോട്ട്റു. സുധ കൊങ്കരയൊരുക്കിയ ദൃശ്യ വിസ്മയം. എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുക എന്നുള്ളത് ഒരു സിനിമയെ സംബന്ധിച്ച് വിരളമായി മാത്രം സംഭവിക്കുന്നൊരു കാര്യമാണ് അവിടെയാണ് സൂരാറൈ പോട്ട്റു വേറിട്ട് നിൽക്കുന്നത്. സിനിമയുടെ സമസ്ഥ മേഖലകളിൽ ജോലി ചെയ്തവരും തമ്മിൽ ആരോഗ്യപരമായ ഒരു മത്സരം തന്നെ നടന്നിട്ടുണ്ട് എന്നതാണ് വാസ്തവം. വലിയൊരു സ്വപ്നത്തിന് ചിറക് മുളപ്പിക്കാൻ വേണ്ടിയിറങ്ങിപ്പുറപ്പെട്ട നെടുമാരൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. വെറുമൊരു സ്വപ്നം മാത്രമല്ല ആ സ്വപ്‌നത്തിന് പിന്നിലെ വലിയൊരു ലക്ഷ്യത്തിനാണ് തിളക്കം. സമത്വംവും തുല്യതയും തന്നെയാണ് ആ തിളക്കമേറിയ ലക്ഷ്യം എന്ന് പറയുന്നത്. ഇപ്പോഴും നമ്മളിൽ പലരുടേയും മനസ്സിൽ നമ്മള് പോലുമറിയാതെ പറ്റിപ്പിടിച്ചു കിടക്കുന്നൊരു കറയുണ്ട് അത് ചിത്രം തുറന്ന് കാണിച്ചു തരുന്നുണ്ട്. കൂടുതൽ പറഞ്ഞ് ആ ഫീൽ കളയുന്നില്ല ചുരുക്കി പറഞ്ഞാൽ തന്റെ സ്വപ്നത്തിന് വേണ്ടി മാരൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. Sudha Kongaraയെന്ന സംവിധായിക തന്നെയാണ് ചിത്രത്തിലെ ആദ്യത്തെ ഹീറോ. ഒരാളുടെ ജീവിതം സിനിമയാക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് അവിടെയാണ് സുധ വിസ്മയിപ്പിച്ചിരിക്കുന്നത്.... ഒരാളുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇത്തരത്തിൽ ഒരു സിനിമയൊരുക്കണേൽ അത്രത്തോളം ആ ആളെ പറ്റി ആഴത്തിൽ പഠിക്കണം.... പലരും അത്തരത്തിൽ സിനിമകൾ എടുത്തിട്ടുണ്ട് വിജയിപ്പിച്ചിട്ടുണ്ട് പക്ഷേ ഇത്രയേറെ പരിപൂർണ്ണതയോടെ ആരും ചെയ്തിട്ടില്ല എന്ന് നിസ്സംശയം പറയാം. മികച്ച കഥയും അതിനെ വെല്ലുന്ന തിരക്കഥയും അതിന് മുകളിൽ നിൽക്കുന്ന മേക്കിങ്ങും. ശരിക്കും വിസ്മയിപ്പിച്ചു എന്ന് തന്നെ പറയാം. ഒരുപാട് പ്രതീക്ഷയുള്ളൊരു സംവിധായിക. സമസ്ഥ മേഖലകളിലും മേക്കറുടെ കൈയ്യൊപ്പ് വ്യക്തമായി പതിഞ്ഞ കലാസൃഷ്ടി. അഭിനേതാക്കളെയൊക്കെ അവരുടെ മാക്സിമം പിഴിഞ്ഞെടുത്തിട്ടുണ്ട്.... എല്ലാത്തിലും ഒരു പുതുമയുണ്ടായിരുന്നു. കാത്തിരിക്കുന്നു സുധ മാം നിങ്ങളുടെ അടുത്ത ദൃശ്യവിസ്മയത്തിന് വേണ്ടി. Niketh Bommiയുടെ ഗംഭീര ഛായാഗ്രഹണവും, G.V.Prakash Kumarന്റെ മനോഹരമായ സംഗീതവും Sathish Suriyaയുടെ എഡിറ്റിങ്ങുമെല്ലാം ഒന്നിനൊന്ന് മികച്ചു നിന്നു. Suriya Sivakumar ഒരു വിസ്മയത്തിന്റെ ജീവിതം സിനിമയാക്കിയത് മറ്റൊരു വിസ്മയം.... അഭ്രാപാളികളിൽ അതിന് പകർന്നാട്ടം നൽകി വിസ്മയിപ്പിച്ചത് മറ്റൊരു വിസ്മയം. ഒറ്റ വാക്കിൽ പറഞ്ഞാൽ സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന്. ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ സൂര്യ എന്ന നടൻ ഇതിൽ ഫ്രഷ് ആണ്. ഇന്നേവരെ കാണാത്തൊരു സൂര്യയെയാണ് ചിത്രത്തിൽ കണ്ടത്. ഓരോ ഭാവങ്ങൾക്കും അത്രയേറെ പുതുമയായിരുന്നു. സൂര്യയിൽ നിന്നും ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം പ്രകടനം. നെടുമാരൻ രാജാങ്കം എന്ന കഥാപാത്രമായി നടിപ്പിൻ നായകന്റെ വിസ്മയ പ്രകടനം. ഇമോഷണൽ സീനുകളിൽ സാക്ഷാൽ ഉർവ്വശിയോട് പോലും കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുണ്ട് സൂര്യ. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ചിത്രത്തിൽ ഏറെ ഇഷ്ടപ്പെട്ട അല്ലേൽ മനസ്സിൽ നിന്ന് മായാത്ത മൂന്ന് രംഗങ്ങളുണ്ട് സൂര്യ എന്ന അഭിനേതാവിനെ മനസ്സാൽ തൊഴുത്ത മൂന്ന് രംഗങ്ങൾ....എയർപോർട്ടിൽ നിന്നുള്ള ഒരു രംഗവും, വീട്ടിൽ അമ്മയോടൊപ്പമുള്ളൊരു രംഗവും, ഭാര്യയുമായുള്ള ഒരു രംഗവുമാണത്. കണ്ടു തന്നെ അറിയണം ആ വിസ്മയ പ്രകടനം. ഒരു കാര്യം ഉറപ്പിച്ച് പറയാം ഇത്തവണ പുരസ്‌കാര വേദികളിൽ പലർക്കും വലിയ വെല്ലുവിളിയായി സൂര്യയുടെ നെടുമാരൻ രാജാങ്കം ഉണ്ടാവും. Aparna Balamurali മലയാളി എന്ന നിലയ്ക്ക് അഭിമാനിക്കാനുള്ള ഒരുപാട് വകകൾ തരുന്നുണ്ട് ഈ ചിത്രം. ഇത്തരമൊരു ചിത്രത്തിൽ മലയാളി സാന്നിധ്യം ഉണ്ടെന്ന് പറയുന്നത് തന്നെ അഭിമാനമാണ് അപ്പോ അതിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് മലയാളി ആണേൽ എന്താ അവസ്ഥ.... അതിൽ ആദ്യത്തേത് ആണ് അപർണ. മാരന്റെ ബൊമ്മിയായി അപർണ ജീവിക്കുകയായിരുന്നു എന്ന് വേണം പറയാൻ. മധുരൈ സ്ലാങ് ഒക്കെ പഠിച്ച് ഗംഭീരമായി അപർണ ഡബ്ബ് ചെയ്തിട്ടുണ്ട്. സൂര്യയോട് കിടപ്പിടിച്ച പ്രകടനം. അപർണയുടെ കരിയർ ബെസ്റ്റ് റോൾ എന്ന് നിസ്സംശയം പറയാം. നായികമാരെ പേരിന് മാത്രം അതും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഗാനരംഗങ്ങളിൽ അല്പ വസ്ത്രത്തോടെ കൊണ്ട് വന്ന് വില കളയുന്ന ഒരു ഏർപ്പാട് ഇപ്പോഴും നില നിൽക്കുന്നുണ്ട് അവിടെയാണ് സുധ കൊങ്കരയെപ്പോലുള്ളവർ വേറിട്ട് നിൽക്കുന്നത്. നായകനോളം പ്രാധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തിൽ നായികയ്ക്കും. അഭിനയ പ്രാധാന്യമുള്ള ഇത്തരമൊരു വേഷത്തിലേക്ക് അപർണയെപ്പോലൊരു തുടക്കക്കാരിയെ വിശ്വസിച്ചു കൊണ്ട് വന്നതിന് സംവിധായക അഭിനന്ദനം അർഹിക്കുന്നു. സുധയുടെ വിശ്വാസം Aparna Balamuraliതെറ്റിച്ചിട്ടില്ല സുന്ദരിയെന്ന കഥാപാത്രമായി അപർണ ജീവിച്ചു. ഒരു മലയാളി എന്ന നിലയ്ക്ക് അങ്ങറ്റം അഭിമാനം. Urvashi മലയാളിയുടെ മറ്റൊരു അഭിമാനം.... മാരന്റെ അമ്മ പേച്ചി എന്ന കഥാപാത്രമായി ഗംഭീര പെർഫോമൻസ് ആണ് ഉർവ്വശി ചേച്ചി നടത്തിയത്. ഇമോഷണൽ രംഗങ്ങളിലൊക്കെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. Mohan Babu, Paresh Rawal, Karunas, Vivek Prasanna, Krishanakumar, Kaali Venkat, Vinodhini Vaidayanathan,Etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. എടുത്ത് പറയാൻ അനേകം രംഗങ്ങളുണ്ട് ചിത്രത്തിൽ പക്ഷേ കാണാത്തവരോട് ചെയ്യുന്ന വലിയ ദ്രോഹമാവും അതെന്ന് അറിയാവുന്നത് കൊണ്ട് അത്തരമൊരു വൃത്തികെട്ട ഏർപ്പാടിന് മുതിരുന്നില്ല. ഒരു കാര്യം പറയാം സൂരാറൈ പോട്ട്റു നിങ്ങളെ വിസ്മയിപ്പിക്കും. ഇത്രയ്ക്ക് ഫീലോടെ ഈയടുത്തൊന്നും ഒരു സിനിമയും കണ്ടിട്ടില്ല. ഓരോ രംഗങ്ങളും അത്രമേൽ ശക്തവും ഹൃദയസ്പർശിയുമാണ്. ഏതൊരു തരം പ്രേക്ഷകനിലും ഒരു തരത്തിലുള്ള സംശയങ്ങളും അവശേഷിപ്പിക്കാത്ത തരത്തിലുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. വിവിധ കാലഘട്ടങ്ങൾ മാറി മാറി കാണിക്കുന്നതാവട്ടെ, Aviationന്റെ ടെക്ക്നിക്കൽ വശങ്ങൾ പറയുന്നതാകട്ടെ എല്ലാം തന്നെ പ്രേക്ഷകന് വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്ന അവതരണമാണ് ചിത്രത്തിന്റേത്. യാതൊരു സംശയവും അവശേഷിപ്പിക്കാത്ത കഥപറച്ചിൽ. എല്ലാ അർത്ഥത്തിലും പുതുമയുള്ള അവതരണവും അതിലേറെ പ്രചോദനം നൽകുന്നതുമായൊരു ദൃശ്യാനുഭവം. സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്ക് എല്ലാ അർത്ഥത്തിലും ഒരു പാഠപുസ്തകവും കൂടെയാണ് സൂരാറൈ പോട്ട്റു. ഗംഭീരമായൊരു ടീം അണിനിരന്നപ്പോൾ ലഭിച്ച അതിഗംഭീര ദൃശ്യാനുഭവം. കൊറോണ കാരണം സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ഈ ചിത്രത്തിന്റെ തിയ്യേറ്റർ എക്സ്പീരിയൻസ് നഷ്ടമായത്. ശരിക്കും അത്ഭുതപ്പെടുത്തുമായിരുന്ന തിയ്യേറ്റർ എക്സ്പീരിയൻസ് ആണ് മിസ്സ് ആയത്. ഈയടുത്ത കാലത്തൊന്നും ഇത്രയും ഗംഭീരമായൊരു സിനിമ കണ്ടിട്ടില്ല.... ഈയടുത്തൊന്നും ഒരു ചിത്രവും ഇത്രയ്ക്ക് ഫീൽ സമ്മാനിച്ചിട്ടില്ല വല്ലാത്തൊരു കിക്ക് ആണ് ചിത്രം സമ്മാനിച്ചത്. മനസ്സ് നിറച്ച അനുഭവം. അഭിനേതാക്കളുടെ മാക്സിമം ഊറ്റിയെടുത്തിട്ടുണ്ട് സുധ കൊങ്കര. അവരിൽ നിന്നും ഇന്നേവരെ കാണാത്ത ഭാവങ്ങളും ചലനങ്ങളുമാണ് ചിത്രത്തിലുടനീളം. സിനിമയിലെ മാരനും, ബൊമ്മിയും ഇത്രയ്ക്ക് വിസ്മയിപ്പിച്ചുവെങ്കിൽ യഥാർത്ഥ മാരനും, ബൊമ്മിയും ശരിക്കും അത്ഭുതങ്ങൾ തന്നെയാണ്. ഒരുപാട് ഒരുപാട് ബഹുമാനം. ഇത്തരമൊരു ദൃശ്യാനുഭവം ഒരുക്കി തന്നതിന് അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി.❤️❤️ സൂരാറൈ പോട്ട്റു.... അനുഭവിച്ചറിയേണ്ട പുതുമയുള്ള പ്രചോദനമാകുന്നൊരു ദൃശ്യവിസ്മയം. #SooraraiPottruOnPrime #SooraraiPottru #SuriyaSivakumar #AparnaBalamurali #SudhaKongara (അഭിപ്രായം തികച്ചും വ്യക്തിപരം)